Followers

Friday, April 3, 2015

കുനിഞ്ഞ തലയോടെ നമ്മുടെ വിനോദസഞ്ചാരം






താജ് മഹൽ...      പ്രൈമറി വിദ്യാഭ്യാസകാലം മുതൽ കേട്ടറിഞ്ഞ്   മനസ്സിൽ അത്ഭുതാതിരേകത്തോടെ  മാത്രം സൂക്ഷിച്ചിരുന്ന വെണ്ണക്കൽ സൗധം... നേരിൽ കാണാൻ ഭാഗ്യമുണ്ടായത് ഈ നാൽപ്പത്തിയാറാം വയസ്സിൽ. വേണ്ടിയിരുന്നില്ല എന്ന് വേദനയോടെ, അതിലേറെ ആത്മരോഷത്തോടെ തോന്നിപ്പോയ ഒരു സന്ദർശനം. മനസ്സിലെ ആ സുന്ദര സൗധത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ഒട്ടും അഭിമാനകരമല്ലാത്ത, ലോകത്തിനു മുന്നിൽ തല താഴ്ന്നു പോകുന്ന  ചില കാഴ്ചകൾ പറന്നു നടക്കുന്നു.


ചരിത്ര സ്മാരകങ്ങളുടെ കാര്യത്തിൽ ധനികരാണ് നമ്മൾ ഇന്ത്യക്കാർ. താജ്മഹൽ എന്ന ലോകാത്ഭുതം എന്റെ രാജ്യത്തിലാണ് എന്ന് അഭിമാനപൂർവം പറയുന്നവരാണ് നാമെല്ലാം. പക്ഷെ ഈ ചരിത്ര സമൃദ്ധിയും വൈവിധ്യവും  നമ്മൾ അർഹിക്കുന്നുണ്ടോ? ഇല്ല എന്ന ഉത്തരമാണ് ഈ വൈകിയ വേളയിലെ താജ്മഹൽ സന്ദർശനം എനിക്ക് നൽകിയത്. മാണിക്യം കുപ്പയിലായാലും തിളങ്ങും എന്ന് ഒരു ചൊല്ലുണ്ട്. എന്നാൽ മാണിക്യമായാലും മരതകമായാലും ഞങ്ങൾക്കത് കേവലം കുപ്പയ്ക്ക് സമം എന്ന് ലോകത്തിനോടു വിളിച്ചുപറയുന്നത്‌ പോലെ ഒരു തോന്നലാണ് ഈ സന്ദർശനം എന്നിൽ ഉണ്ടാക്കിയത്.

ഇത്തരമൊരു വികാരത്തിന് കാരണമായ കാഴ്ച്ചയെ കുറിച്ച് പറയാം. താജ്മഹൽ സന്ദർശനത്തിന് എത്തുന്നവർക്ക് ചെരുപ്പ് പുറത്ത് ഊരി  വയ്ക്കുന്നത് ഒഴിവാക്കാനായി  ചെരുപ്പിന് പുറത്തു കൂടി ഇടാൻ ഒരു തരം white recycled fiber cover വിതരണം ചെയ്യുന്നുണ്ട്. 



കാലിൽ ഇട്ട് രണ്ടടി നടക്കുമ്പോൾ തന്നെ അത് കീറിപ്പറിഞ്ഞ് കാലിൽ നിന്ന് ഊരി പ്പോകും. പിന്നീടുള്ള കാഴ്ച ഭാരതത്തിന്റെ ചരിത്ര സമൃദ്ധിയിൽ അഭിമാനിക്കുന്നവർക്കെല്ലാം  ഹൃദയഭേദകമാണ് എന്ന് പറയാതെ വയ്യ. പതിനായിരക്കണക്കിനു സന്ദർശകർ നിത്യേന എത്തുന്ന ഈ ചരിത്ര സ്മാരകത്തിന്റെ  അകത്തളങ്ങളിലും പുറത്തും മുക്കിലും മൂലയിലും  ഈ കീറിപ്പറിഞ്ഞ കവറുകൾ കുന്നു കൂടി കിടക്കുന്ന കാഴ്ച ഒരു ഞെട്ടലോടെയാണ് ഞാൻ കണ്ടത്. ഒരു കാറ്റടിച്ചാൽ   അവ  നമ്മുടെ മുഖത്തേയ്ക്കു പറന്നടുക്കും, ഇന്ത്യയുടെ  മുഖത്ത് കരി പുരട്ടാൻ വരുന്ന ശത്രുക്കളെ പോലെ. ഒരു സന്ദർശകനും തൻറെ കാലിൽ നിന്ന് ഊരി വീഴുന്ന ഈ വൃത്തികേട്‌ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുന്നതായി കണ്ടില്ല. പൗരധർമം എന്ന ഗുണത്തിന്റെ കണിക പോലും എങ്ങും കണ്ടില്ല. എന്നു മാത്രമല്ല, കെട്ടിടത്തിനു വെളിയിൽ വെള്ളമൊഴുകാനായി പണിതിട്ടുള്ള സിമന്റു ചാലിൽ കുട്ടികളെ മലമൂത്ര വിസർജ്ജനത്തിന് ഇരുത്തുന്ന മാതാപിതാക്കളെയും കാണേണ്ടിവന്നു! ഭാരതത്തിൽ നില നിന്നിരുന്ന വിവിധ രാജവംശങ്ങളുടെ തനതായ വാസ്തുശില്പവൈവിധ്യത്തിനും വൈദഗ്ദ്ധ്യത്തിനും    ലോകമെമ്പാടും  പ്രശസ്തി നേടിത്തരുന്നതിൽ പ്രധാന പങ്കു വഹിച്ച  നമ്മുടെ അഭിമാന സ്തംഭമായ താജ്മഹലിനെ പറ്റി തന്നെയാണ് ഈ പറയുന്നത്. 





!!!!!!!!


യു പി സർക്കാരിൻറെ  പിടിപ്പുകേടിന്റെ മകുടോദാഹരണമാണ് ഈ കാഴ്ചകൾ. "ആണ്‍കുട്ടികളായാൽ തെറ്റ് ചെയ്തെന്നിരിക്കും" എന്ന് ഉദ്ഘോഷിച്ച, യു പി യുടെ  പഴയ ഭരണാധികാരിയായ മുലായം സിംഗിന്റെ സുപുത്രൻ വാഴുന്ന നാട് ! ഇവിടെ മറ്റെന്ത് പ്രതീക്ഷിക്കാൻ?  ആരുടെ നന്മയ്ക്കു വേണ്ടിയാണ് കാല് പൊതിയാനുള്ള ഈ കവറുകൾ വിതരണം ചെയ്യുന്നത് എന്നറിയില്ല. അത് ഈ മനോഹര സൗധത്തി ന്റെ നിലത്ത് അഴുക്ക്‌ പുരളാതിരിക്കാനാണെന്ന ന്യായമാണ് ഏറെ വിരോധാഭാസം.

ഇന്ത്യ ഭരിച്ച വിവിധ രാജവംശങ്ങൾ പണിതു വച്ച എണ്ണമറ്റ ഈ മഹാ സൗധങ്ങളും സ്മാരകങ്ങളും  ഉയർത്തി പ്പിടിച്ചാണ് നാളിതുവരെയും നമ്മൾ നമ്മുടെ ചരിത്രവൈവിധ്യത്തെ പറ്റി അഹങ്കരിച്ചിരുന്നത്. പുതിയ രീതികളും കീഴ്വഴക്കങ്ങളും കാണുമ്പോൾ അധികകാലം ഈ അഹങ്കാരത്തിന് ആയുസ്സ് ഉണ്ടെന്നു തോന്നുന്നില്ല. ഇപ്പോൾ തന്നെ താജ്മഹലിന്റെ പ്രശസ്തമായ വെണ്ണക്കൽ ഭിത്തികൾ അന്തരീക്ഷ മലിനീകരണം മൂലം കറുത്ത കുത്തുകളോടു കൂടിയ മഞ്ഞ നിറമായിക്കഴിഞ്ഞിരിക്കുന്നു.   

എവിടെ നമ്മുടെ ടൂറിസം അധികാരികൾ? 
ആരുണ്ട്‌  ഈ നാണക്കേടിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ? 

കൂട്ടത്തിൽ പറയട്ടെ, കാലങ്ങളായി നല്ല രീതിയിൽ സംരക്ഷിച്ചു വരുന്നവയാണ് ദില്ലിയിലെ എണ്ണമറ്റ ചരിത്ര സ്മാരകങ്ങൾ എന്നത് അഭിനന്ദനാർഹമാണ്. പ്രത്യേകിച്ചും ഹുമയുൻസ് ടൂമ്പ്, ഇസാഖാൻ മെമ്മോറിയൽ, പുരാന ഖില തുടങ്ങിയ എണ്ണമറ്റ സ്മാരകങ്ങൾ. ഭാവി തലമുറകൾ കണ്ടറിയേണ്ട ചരിത്ര ശേഷിപ്പുകൾ  നശിക്കാതെ കാക്കേണ്ടത്‌ നമ്മുടെ കടമയാണ്. 

ജയ്‌ ഹിന്ദ്‌!

13 comments:

  1. ഉയ്യോ!!!
    ഇങ്ങനൊരു കാര്യം ഇതു വരെ ആരും പറഞ്ഞ്‌ കേട്ടിട്ടേയില്ല.
    ഇതിനെതിരേ നമുക്കെന്തു ചെയ്യാനാകും??

    ReplyDelete
    Replies
    1. കേന്ദ്ര ടൂറിസം മന്ത്രിയ്ക്ക് ഈ ഫോട്ടോകൾ വച്ച് ഒരു മെയിൽ അയച്ചു. അണ്ണാൻ കുഞ്ഞും തന്നാലായത്.പ്രതികരിക്കുക. അതാണ്‌ പ്രധാനം. ഫലം ലഭിച്ചാൽ സന്തോഷം.

      Delete
  2. കഥയും കവിതയും ഒക്കെ മാറ്റി വച്ച് യാത്ര തുടങ്ങിയോ? നല്ലത്. എല്ലാം വേണമല്ലോ.

    ഈ ചരിത്ര സ്മാരകം സംരക്ഷിയ്ക്കുക എന്നത് ആരുടേയും ഉത്തരവാദിത്വം അല്ലാതായിരിക്കുന്നു. ഇത് പൊട്ടി പൊളിഞ്ഞ് നിലം പതിയ്ക്കുകയും ആകാം. 50 കിലോ മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മഥുര എണ്ണ ശുദ്ധീകരണ ശാല പുറത്തു വിടുന്ന സൾഫർ,നൈട്രജൻ രാസ പുകയും,ഫെറോസാബാദിലെ വള,കുപ്പി വ്യവസായ ശാലകളും ഇതിനെ നാശത്തിലേയ്ക്ക് തള്ളി വിടുന്നു.സുപ്രീം കോടതിയുടെ കരുണയിൽ ആണ് ഇത്രയും എങ്കിലും നില നിൽക്കുന്നത്.

    ടൂറിസം മന്ത്രിയ്ക്ക് കത്തയച്ചത് നന്നായി. യു.പി.മുഖ്യ മന്ത്രിയ്ക്കും, അവടത്തെ ടൂറിസം മന്ത്രിയ്ക്കും, പുരാവസ്തു വകുപ്പിനും കൂടി കത്തയക്കൂ. എന്തെങ്കിലും ഫലം കിട്ടുമെങ്കിൽ വരും തലമുറകൾക്ക് കൂടി താജ് മഹൽ കാണാൻ അവസരം കിട്ടുമല്ലോ.

    വെണ്ണ ക്കൽ ശിൽപ്പം എന്ന് പറയുന്നത് സത്യമായിരുന്നു. 30-35 വർഷം മുൻപ് ആദ്യമായി കണ്ടപ്പോൾ വളരെ മനോഹരമായിരുന്നു. അന്ന് വീണ്ടും രാത്രി പൂർണ ചന്ദ്രനിൽ കണ്ടു. നിലാവിൽ തിളങ്ങുന്ന അത്ഭുതം. രാത്രി വളരെ നേരം അതു കണ്ടു കൊണ്ടിരുന്നു. കഴിഞ്ഞ വർഷം വീണ്ടും കണ്ടപ്പോഴാണ് സങ്കടം തോന്നിയത്.ഗിരിജ പറഞ്ഞത് പോലെ വെണ്ണ ക്കൽ മഞ്ഞ ക്കൽ ആയിരിയ്ക്കുന്നു,

    ReplyDelete
  3. നമ്മെപ്പോലൊരു സമൂഹത്തിന് ഇത്രയെങ്കിലും സ്മാരകങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നതുതന്നെ അത്ഭുതം! ചരിത്രസ്മാരകങ്ങലെ അവഗണിക്കുന്നവര്‍ മുന്‍‌തലമുറയോട് പാപം ചെയ്യുകയാണ്.

    ReplyDelete
    Replies
    1. അതെ, ആ മഹാൽഭുതങ്ങളാണ് ഓരോന്നായി നമ്മൾ സ്വാർത്ഥതയോടെ ഇല്ലായ്മ ചെയ്യുന്നത്.

      Delete
  4. വിശദവിവരങ്ങളോടെ ടൂറിസംമന്ത്രിയ്ക്ക് ടീച്ചര്‍ കത്തയച്ചത്ഏറ്റവും ഉചിതമായി.അഭിനന്ദനങ്ങള്‍.
    തീര്‍ച്ചയായും ചരിത്ര ശേഷിപ്പുകള്‍ നശിക്കാതെ കാക്കേണ്ടത്‌ നമ്മുടെ കടമയാണ്.പക്ഷേ,ഇവിടെ ആര്‍ത്തിപിടിച്ച ലാഭക്കണ്ണുള്ളവരുടെ ലക്ഷ്യം വേറെയാണ്.പലയിടങ്ങളിലും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നു!.അത് നമ്മള്‍ കാണേണ്ടിയിരിക്കുന്നു.....
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. ഇ മെയിൽ ആയാലും ചവറ്റുകുട്ടയിൽ ഇടാനുള്ള സൗകര്യം ഉണ്ടല്ലോ സർ! അതുകൊണ്ട് വലിയ പ്രതീക്ഷ ഒന്നും ഇല്ല.

      Delete
  5. വിദേശങ്ങളില്‍ ആണെങ്കില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ കുറച്ചു ജീവനക്കാര്‍ എങ്കിലും ഉണ്ടാവും , അങ്ങിനെയൊരു സംവിധാനം പോലും നമുക്ക് ഉണ്ടാക്കാന്‍ കഴിയുന്നില്ലേ ?

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി ഫൈസൽ. ബ്ലോക്ക്, പഞ്ചായത്ത്‌, താലൂക്ക്, മുനിസിപാലിറ്റി, കോർപറേഷൻ, ഉപജില്ല ,ജില്ല, സംസ്ഥാനം എന്നിങ്ങനെ പല തട്ടുകളും, അവയുടെയെല്ലാം തലപ്പത്ത് ആവശ്യത്തിലേറെ തട്ടിപ്പുകാരായ രാജ്യം വിഴുങ്ങികളും! അധികാരം എന്നത് അതുള്ളവന് ഖജനാവ് കയ്യിട്ടു വാരാനുള്ള അവകാശമായി മാറുന്നിടത്തോളം ഇതെല്ലാം ഇങ്ങിനെ തന്നെ തുടരാനേ വഴിയുള്ളൂ.
      ഓരോ ചെറിയ ഭരണപ്രദേശത്തെയും അധികാരികളും, ആന്ജാ നുവർത്തികളും അവരവരുടെ അധികാരം അവിടുത്തെ ജനനന്മക്കായി ഉപയോഗിക്കുമെങ്കിൽ തീരാവുന്ന പ്രശ്നങ്ങളേ നമ്മുടെ നാട്ടിലുള്ളൂ.

      Delete
  6. vidheshathe samskaarathe vaa thoraathe prashamsikkum nammal ... ennitt ithu poleyokke cheyyum sarkaar maathramalla janangalum ere kkure kuttakkaaraanu....
    nalla ezuthinu abhinandanangal

    ReplyDelete
  7. വൈകിയാണ് വായിച്ചതെങ്കിലും രണ്ടുവരി കുറിക്കാതെ വയ്യ. വളരെ ദുഃഖം തോന്നുന്ന കുറെ വിവരങ്ങൾ... പിന്നെ ആ ചിത്രങ്ങളും കാണുമ്പോൾ എന്താ പറയേണ്ടത് അറിയില്ല ടീച്ചർ. കഷ്ടം!

    ReplyDelete