Wednesday, January 14, 2015

യുവവാണി

[ ഇന്നത്തെ യുവതയുടെ ചിത്രം ഒന്ന് വരച്ചു കാട്ടാൻ ശ്രമിക്കുകയാണിവിടെ. മുഴുവൻ യുവാക്കളും ഇങ്ങിനെയാണെന്ന് ഇതിനർത്ഥമില്ല. എന്നാലും സമൂഹത്തിൽ  ഓരോരോ  കാലങ്ങളിൽ വന്നു പെടുന്ന ചില പുഴുക്കുത്തുകൾ,  അതങ്ങിനെ മുഴച്ചു നിൽക്കും. അത്തരം ചില സ്വഭാവ വൈചിത്ര്യങ്ങളിലേക്കാണ്  വായനക്കാരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.]


അരയിലൊരൂഞ്ഞാലു പോലെ ചാഞ്ചാടുന്ന 
കൗങ്ങിൻ തടിയൊക്കും കാലുറയും 
കർണങ്ങളിൽ നിന്നു തൂങ്ങിയാടീടുമാ  
വള്ളികൾ ചുറ്റുമുടലഴകും  

നിറുകന്തലയതു ചീങ്കണ്ണി തന്നുടെ 
മുതുകു പോൽ തോന്നിക്കും കേശത്തോടും
ചെമ്പൻ നിറം തേച്ചലങ്കരിച്ചീടുമാ 
തലയതു ചെമ്പോത്തോ ചെങ്കീരിയോ!

ഇമ്മട്ടിൽ ചുറ്റിത്തിരിയുന്നുണ്ടാവോളം 
പുത്തൻ പുതു സുകുമാരകന്മാർ 
ഫാഷൻ പലതരം തന്നുടെ ദേഹത്തു 
കാട്ടിപ്പരീക്ഷിക്കും കോമളന്മാർ 

കുമരികളാവട്ടെ ലാടം തറച്ചൊരു 
പീഠത്തിലേറി നടന്നിടുന്നു,  
കുതിരക്കുളമ്പടിയോ സുകുമാരികൾ 
തന്നുടെയന്ന നട നടയോ!

കാലിലിറുകിപ്പിടിച്ചുള്ള 'ലെഗ്ഗിയോ'
ചായമടിച്ചൊരു കാലു താനോ!
കാലതിൽ കേറ്റിയിറക്കുവാനുള്ളൊരു 
യത്നമതോർത്താൽ നമിച്ചിടേണം!!

 ജന്മനായുള്ളൊരു നല്ലോരു വേണിയെ 
കഞ്ഞിയിൽ മുക്കിയ നൂല് പോലെ 
നീട്ടി വലിച്ചിട്ടു തേച്ചു മിനുക്കുന്നു 
മുറ്റമടിക്കുന്ന ചൂലു  പോലെ!

കണ്ടുനിന്നീടുകിലയ്യോ  ബഹുരസം 
പച്ചപ്പരിഷ്കാര വിഡ്ഢി വേഷം 
കാലത്തിനൊത്തുള്ള  കോലമണിയുവാൻ 
കോമാളിയായി ചമഞ്ഞീടണോ? 

കുമരീകുമാരകൻമാർ ചൊല്ലും ഭാഷ
മലയാളമോവാംഗലേയമതോ  
രണ്ടും തികയാതരോചകം കേൾക്കുവാൻ 
ജാഡയ്ക്കു നാവു മുളച്ച പോലെ! 

'ബ്രോ'യെന്നും 'ട്യൂടെ'ന്നും 'ഡാഡെ'ന്നും 'മോ'മെന്നും 
നീട്ടിക്കുറുക്കും  വിളിപ്പേരുകൾ, 
നാക്ക് വളയ്ക്കുകിൽ പെറ്റമ്മ തൻ മാനം 
കപ്പലു കേറും പദാവലികൾ!

സഞ്ചരിച്ചീടുന്ന  സംസാര യന്ത്രത്തെ (മൊബൈൽ ഫോൺ)
സംസാരമെന്നു നിനയ്ക്കുമിവർ, 
ചാറ്റിങ്ങും ചീറ്റിങ്ങും പോക്കറ്റിലുള്ളോരാ  
യന്ത്രത്തിൽ തോണ്ടി നടത്തുമിവർ 

ലക്ഷ്യമില്ലൊന്നിനും  പക്ഷമില്ലൊന്നിലും 
സ്വന്തമഭിപ്രായമില്ലൊന്നിലും, 
നൈമിഷികമാകും മായാ സുഖങ്ങളി-
ലുന്മത്തരായ് മതി കെട്ടിടുന്നു

മാതൃകയാക്കുവാനില്ലിവർക്കാരുമി-
ന്നാരെ പഴിക്കും, സുകൃതക്ഷയം!
നേർവഴിയോതേണ്ടോർ മദ്യശാലയ്ക്കുള്ളിൽ 
പൊങ്ങും ലഹരി നുകർന്നിരിപ്പൂ 

അപ്പൂപ്പനമ്മൂമ്മമാരൊക്കെ വൃദ്ധ 
സദനങ്ങൾ തൻറെയകത്തളത്തിൽ 
ദു:ഖിച്ചിരിക്കുന്നു മാർഗം തെളിക്കേണ്ട 
ദീപം കൊളുത്തുവാനായിടാതെ. 

ആരാരു ചെന്നൊന്നു നല്ല വാക്കോതിടു-
മീ പുതു നാമ്പുകൾ വാടിടാതെ ?
താഴേയ്ക്കു നോക്കി വീഴാതെ നടക്കുവാൻ 
തമ്പുരാൻ ത്രാണി കൊടുത്തിടട്ടെ!  

13 comments:

 1. നന്മ പകര്‍ന്നാലെ നന്മയുണ്ടാവൂ ടീച്ചര്‍
  വീടുകളില്‍നിന്നു തുടങ്ങണം കുട്ടികള്‍ക്ക് നല്ലതും,ചീത്തയും തിരച്ചറിയാനുള്ള പരിശീലനം.
  പക്ഷേ,കുടുംബങ്ങളില്‍ കുട്ടികളെ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള.....
  നന്മനിറഞ്ഞ മനസ്സിന്‍റെ നല്ല ചിന്തകള്‍.
  ആശംസകള്‍ ടീച്ചര്‍

  ReplyDelete
  Replies
  1. സമാധാനവും സന്തോഷവും ഒത്തൊരുമയും ഉള്ള വീടാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം. വായനയ്ക്ക്ന ന്ദി സർ.

   Delete
 2. ആക്ഷേപ ഹാസ്യം നന്നായി കൈകാര്യം ചെയ്തിരിയ്ക്കുന്നു. കാര്യം അവതരിപ്പിയ്ക്കാൻ ചിലയിടങ്ങളിൽ യോജിയ്ക്കാത്ത പദങ്ങൾ കയറിയത് പോലെ തോന്നി. മോശം ആണ് കൂടുതൽ പറയുന്നത് അല്ലേ ? നല്ലതിൽ നിന്നും മോശം മാത്രം ചൂണ്ടി ക്കാനിയ്ക്കുന്നു എന്ന് മാത്രം. ചീങ്കണ്ണി മുതുകും കഞ്ഞി മുക്കിയ വേണിയും നല്ല പ്രയോഗങ്ങൾ. കവിത കൊള്ളാം.

  ReplyDelete
  Replies
  1. സദുദ്ദേശപരമായി പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതും അത് ഉൾക്കൊള്ളുന്നതും മോശമായ കാര്യമല്ല സർ. സന്തോഷം തന്നെ. ഏതൊക്കെ പദങ്ങളാണ് യോജിക്കാതതായി തോന്നിയത് എന്ന് പറയാമോ?

   Delete
 3. എതായാലും തുടങ്ങി വച്ചല്ലോ. കാലുറകൾക്ക് പറ്റിയ ഉപമ ആയോ കൌങ്ങിൻ തടി എന്ന് സംശയം. കർണങ്ങളിൽ നിന്ന് തൂങ്ങിയാടുന്നത് എന്ന് കേൾക്കുമ്പോൾ കമ്മൽ എന്ന് സംശയിക്കും. ഇയർ ഫോണ്‍ വയറുകൾ ആണോ ഉദ്ദേശിച്ചത്. മൂന്നാമത്തെ ഖണ്ഡിക വിവിധ തരം വൃത്തികേടുകൾ എഴുതിയ ടി- ഷർട്ടുകൾ വിവരിച്ചിരുന്നു വെങ്കിൽ കൂടുതൽ നന്നായേനെ. ഹൈ ഹീൽഡ ചെരുപ്പിന് നാല് വരികളും അധികമായി. പീഠത്തിൽ, സുകുമാരികൾ എന്നീ പദങ്ങൾ ഉദ്ദേശിച്ച ഫലം കിട്ടിയില്ല. നേർ വഴി കാട്ടുന്നവർ എല്ലാം ക്യു നിൽക്കുന്നു എന്നതും അത്ര ഭംഗിയായി തോന്നിയില്ല. ലാഘവ ബുദ്ധിയോടെ എഴുതുമ്പോഴാണ്‌ മനസ്സിൽ തട്ടാതെ പോകുന്നത്.വായിച്ചപ്പോൾ തോന്നിയ കാര്യങ്ങൾ ആണ് ഇതെല്ലാം. ഓരോരുത്തർക്കും തോന്നുന്നത് ഓരോ രീതിയിൽ. വായനക്കാരൻറെ മാനസിക നിലയും പ്രധാനം. ബ്ലോഗിലെ അഭിപ്രായങ്ങൾക്കും പരിധി ഉണ്ട്. നിരൂപണപരമായ അപഗ്രഥനം അല്ല. ആസ്വാദനം ആണ് അവിടെ വേണ്ടത്.

  കവിത മൊത്തത്തിൽ എങ്ങിനെ അനുഭവപ്പെട്ടു എന്നതാണ് പ്രധാനം. അങ്ങിനെയാണ് കവിതയെ കാണേണ്ടതും. കവിത നന്നായി.

  ഗിരിജയ്ക്ക് കവിത എഴുതാൻ അറിയാം.ഭംഗിയായി എഴുതാനും അറിയാം.

  ReplyDelete
  Replies
  1. വിശദമായ വിലയിരുത്തലിനു നന്ദി സർ. ബ്ലോഗർമാരുടെ ദു:ശ്ശീലമായ ലാഘവ ബുദ്ധിയും ക്ഷമയില്ലായ്കയും (പുതിയ പുതിയ പോസ്റ്റുകൾ ഇടുന്നതിലെ ധൃതിയുടെ കാര്യത്തിൽ) എനിക്കും ഉണ്ടെന്നു തോന്നുന്നു. ശ്രദ്ധിക്കാൻ ശ്രമിക്കാം.

   Delete
  2. 'നേർവഴി കാട്ടേണ്ടോർ ' എന്ന് തുടങ്ങുന്ന വരികളിൽ (ഖണ്ഡിക 12) ചെറുതായി മാറ്റം വരുത്തിനോക്കിയിട്ടുണ്ട്.

   Delete
 4. ഇത് കലക്കി ....എഴുതീതൊക്കെ ശരിയാ .എന്റെ കോളേജിൽ ഇങ്ങനെ ഒരുപാട് ഫ്രീക്കൻസുണ്ട് .എന്നും കാണുന്നോണ്ട് എനിക്ക് ശരിക്കും കണക്റ്റ് ചെയ്യാൻ പറ്റി .
  നല്ല വരികൾ .ആശംസകൾ .

  ReplyDelete
  Replies
  1. നന്ദി സ്വാതിപ്രഭ. ഫ്രീക്കന്മാർ മാത്രമല്ലല്ലോ, 'ഫ്രീക്കികളും' ഉണ്ടായിരിക്കുമല്ലോ !!

   Delete
 5. ഇതാണല്ലോ ഇന്നിന്റെ ചിത്രം.

  പക്ഷെ കവിതയ്ക്ക് മുകളില്‍ കൊടുത്ത ആമുഖത്തിന്റെ ആവശ്യമുണ്ടോ? വായനക്കാരന്‍ അവന്റെ വായനയില്‍ തെളിയുന്നത് വിശകലനം ചെയ്യുകയല്ലേ വേണ്ടത് .

  താഴേക്ക്‌ നോക്കി വീഴാതെ നടക്കുവാന്‍ തമ്പുരാന്‍ ത്രാണി കൊടുക്കുന്നതോടൊപ്പം ഉത്തമ പൌരരാക്കി ഇന്നത്തെ യുവതയെ മാറ്റിയെടുക്കേണ്ടത് മുന്നില്‍ നിന്ന് നയിക്കുന്ന മാതാപിതാക്കള്‍ തന്നെയാകണം . കവിതയില്‍ പറഞ്ഞ സമൂഹത്തിലെ നിറം മങ്ങലുകളെ അതിജീവിക്കാന്‍ അവരേ പ്രാപ്തരാക്കുക എന്ന ദൌത്യം ഉരുവം കൊള്ളേണ്ടത് സ്വകുടുംബങ്ങളില്‍ നിന്ന് തന്നെയാണ്. കൊള്ളാം വരികള്‍ .

  ReplyDelete
  Replies
  1. സമയമില്ലാത്ത വായനക്കാരനെ ആമുഖം കൊണ്ടെങ്കിലും ഒരു നിമിഷം പിടിച്ചു നിർത്താൻ ആവുമോ എന്ന ശ്രമമാണ് സർ. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

   Delete