Followers

Wednesday, December 24, 2014

പണ്ടത്തെ ചങ്കരൻ


ജാതി ചോദിച്ചിടുന്നില്ലെന്നൊരു ഭിക്ഷു 
ചണ്ഡാലഭിക്ഷുകിയോടന്നുര ചെയ്തു 
ഇന്നാ വഴിയിലോ കാണുന്നു നീളവേ 
ജാതിപ്പിശാചിൻ മുടിയഴിഞ്ഞാട്ടങ്ങൾ 

തൻ മതഗ്രന്ഥമൊരു  വേള  പോലുമൊ-
ന്നാകെ  പഠിച്ചിടാൻ നേരമില്ലാത്തവർ 
തമ്മിലടിക്കുന്നു തൻ ജാതി തന്നുടെ
ശ്രേഷ്ഠത
യെണ്ണിപ്പറഞ്ഞും പറയിച്ചും 

ജാതിയെയുദ്ധരിച്ചീടുവാനല്ലിതു  
കേവലം കണ്ണിൽ പൊടിയിടൽ നിശ്ചയം  
വാഴുന്നവരുടെ പോഴത്തമൊക്കെയും
തീയാൽ മറച്ചിട്ടു വാഴ വെട്ടും തന്ത്രം 

വിത്തത്തിലാർത്തി നുരച്ചിടും നേരത്ത് 
ജാതിയും ജാതകം തന്നെയും വിൽപ്പവർ 
കൂട്ടത്തിലുണ്ടധികാരമെന്നാകിലോ
ധാർഷ്ട്യത്തൊടൊക്കെയും തച്ചു തകർപ്പവർ 

 നാട്യമാടും  ബദ്ധ വൈരികളെന്ന  പോൽ 
മിത്രങ്ങളായിടും പിന്നാമ്പുറങ്ങളിൽ 
തമ്മിലടിപ്പിച്ചൊഴുക്കുയ ചെന്നിണം 
പങ്കു ചേർന്നൂറ്റിക്കുടിക്കും നരികൾ പോൽ 

ജാതിക്കു വേണ്ടി പകുത്തു പകുത്തിനി 
ബാക്കിയില്ലീ മണ്ണ് മാനവജാതിക്കായ് 
ഈ നാട് ഭ്രാന്താലയമെന്നു പണ്ടൊരു 
ചിന്തകൻ  ചൊന്നതു സത്യമെന്നേ വരൂ 

ഇപ്പാഴ്മരത്തിന്റെ വേരുകളെത്ര  
പതിറ്റാണ്ടു മുൻപെയുന്മൂലനം ചെയ്തവർ 
ചോദിച്ചിടുന്നൂ കുടത്തിൽ ബന്ധിച്ചൊരു 
ഭൂതത്തെ വീണ്ടുമാവാഹിച്ചു ണർത്തിയോ ?

ചോദിചിടുന്നൂ പരിഹാസമോടവർ 
തീക്കൊള്ളിയോ മടിശ്ശീലയിലേറ്റുന്നു ?
സാക്ഷര ലോകമെന്നുച്ചത്തിലിങ്ങനെ 
ഭള്ളു പറഞ്ഞിടാൻ ലജ്ജയില്ലേതുമേ!

നൂറ്റാണ്ടു പിന്നോട്ടുരുട്ടുന്ന വേലയി-
ലേർപ്പെട്ടു മേനി വിയർക്കുന്ന പാമരർ 
തന്നോടു മണ്ണിൽ മറഞ്ഞവർ ചോദിപ്പൂ 
പണ്ടത്തെ ചങ്കരാ തെങ്ങിലോയിപ്പൊഴും?!

                                                                         
15 comments:

 1. ജാതിയും മതവും മനുഷ്യ മനസ്സിനെ കൂടുതൽ ബാധിയ്ക്കുകയാണ്. മനസ്സ് കൂടുതൽ ചെറുതാകുന്നു. അത് ഗിരിജ ഭംഗിയായി അവതരിപ്പിച്ചു. ആസ്വദിച്ചു വായിക്കാൻ കഴിയുന്ന എഴുത്ത്. അവസാനത്തെ വരിയും ആ തലക്കെട്ടും ഒഴിവാക്കുകയായിരുന്നു കവിതയുടെ ഗൗരവ മായ ഉള്ളടക്കത്തിന് അനുയോജ്യം എന്നു തോന്നുന്നു. നന്നാകില്ലേ നീ ഒരിയ്ക്കലും മാനവാ എന്ന പോലെയുള്ള ഒരു വരി.

  'ദ്ധ' എന്ന അക്ഷരം ഗിരിജയ്ക്ക് വഴങ്ങുന്നില്ല എന്ന് തോന്നുന്നു. അത് പോട്ടെ.

  നല്ല കവിത.

  ReplyDelete
  Replies
  1. 'ദ്ദ' യിലെ തെറ്റ് അപ്പോഴേ തിരുത്തി. ഭർത്താവാണ് ആ തെറ്റ് ആദ്യം ചൂണ്ടിക്കാണിച്ചത്. വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.

   Delete
 2. ഹൃദ്യം! മനോഹരം!!
  മൂര്‍ച്ചയുള്ള വരികള്‍.
  എന്തൊക്കെ പറഞ്ഞാലും ജാതിയുടെയും,മതത്തിന്‍റെയും വേര്‍തിരിവും,തീക്ഷണതയും ഇപ്പോള്‍ കൂടിയിരിക്കുകയാണ്. രാഷ്ട്രീയനേതാക്കളും,ജാതിമതമേധാവികളും അതിന് കൂട്ടുനില്‍ക്കുകയുമാണ്,സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി.
  ജാതി ചോദിക്കരുത്,പറയരുത് എന്നുപഠിച്ച നാം അതിനുവിരുദ്ധമായിട്ടാണ് നീങ്ങികൊണ്ടിരിക്കുന്നത്.അതൊരു അലങ്കാരമായി കണക്കാക്കുന്നു.
  ജാതിപിശാചിന്‍ മുടിയഴിഞ്ഞാട്ടങ്ങള്‍......
  ശാന്തിയും,സമാധാനവും,ഐശ്വര്യവും നിറഞ്ഞ നന്മയുടെ ക്രിസ്തുമസ്
  പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട്

  ReplyDelete
  Replies
  1. ഗൌരവത്തോടെയുള്ള വിലയിരുത്തലിനും നിരന്തരമായ ഈ പ്രോത്സാഹനത്തിനും ഒരുപാട് നന്ദി സർ. ഭാവി തലമുറയ്ക്ക് കാലം എന്തെല്ലാം കരുതി വച്ചിരിക്കുന്നു കലവറയിൽ എന്നോർക്കുമ്പോൾ ഭയം തോന്നുന്നു.

   Delete
 3. പിശാശ് എന്ന് പറയില്ലന്ന് തോന്നുന്ന് പിശാച് അതായിരിക്കും ശരി നല്ല ശ്രമം വിജയിക്കട്ടെ

  ReplyDelete
  Replies
  1. വളരെ നന്ദി. താങ്കൾ പറഞ്ഞത് ശരിയാണ്. 'പിശാച്' ആണ് ശരി. തിരുത്തിയിട്ടുണ്ട്.

   Delete
 4. ബാക്കിയില്ലീ മണ്ണ് മാനവജാതിക്കായ്...
  യാഥാര്‍ത്ഥ്യങ്ങള്‍ നല്ല കവിതയാക്കി അവതരിപ്പിച്ചിരിക്കുന്നു. മനോഹരം

  ReplyDelete
  Replies
  1. അടുത്ത തലമുറകൾക്കായി നമ്മൾ എന്താണ് ബാക്കി വയ്ക്കുന്നത്? കലഹങ്ങളുടെ ഒരു വലിയ കലവറ മാത്രം. മാതൃരാജ്യം എന്ന് പറയാൻ ഒന്നില്ലാത്തവരായി രാജ്യങ്ങൾ തോറും അഭയാർഥികൾ ആയി പലായനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഭാവി തലമുറ ദു:സ്വപ്നം പോലെ നിരന്തരം ഭയപ്പെടുത്തുന്നു.

   Delete
 5. ശരിയാണ് ,, യഥാര്‍ത്ഥമതം പഠിച്ചവര്‍ ഒരിക്കലും മറ്റുള്ളവരെ നശിപ്പിക്കാന്‍ മതങ്ങളെ ഉപയോഗിക്കില്ല ,,, നല്ല ആശയം

  ReplyDelete
  Replies
  1. മതേതരത്വം അതിൻറെ പൂർണതയിൽ അനുഭവിക്കുന്നത് മതേതര രാജ്യമായ ഭാരതത്തിൽ ജീവിക്കുമ്പോൾ അല്ല, മറിച്ച് തികച്ചും ഒരു ഇസ്ലാം രാജ്യമായ യു എ യിൽ ജീവിക്കുമ്പോൾ ആണ്. ഇവിടെ ലഭിക്കുന്ന സുരക്ഷിതത്വം മറ്റെവിടെ ലഭിക്കാൻ? ശക്തമായ നിയമ വ്യവസ്ഥകൾ നടപ്പാക്കാനും പാലിക്കാനും കഴിയുന്നിടത്ത് പൊതുജനം സുരക്ഷിതർ ആണ്. ഏത് മത വിശ്വാസികൾ ആയാലും.
   നന്ദി ഫൈസൽ

   Delete
 6. Your comment will be visible after approval ഈ സെറ്റിംഗ്സ് ഒന്ന് മാറ്റിക്കൂടെ :)

  ReplyDelete
  Replies
  1. വ്യക്തികൾ പല തരക്കാരല്ലേ ഫൈസൽ. അത്ര കണ്ണടച്ച് വിശ്വസിക്കാനാവാത്ത ലോകത്ത് ജീവിക്കുമ്പോൾ ഉള്ള ഒരു മുൻകരുതൽ, അത്രയേ ഉള്ളൂ. എല്ലില്ലാത്ത നാക്കിനോടുള്ള ഭയം എന്ന് തന്നെ കൂട്ടിക്കോളൂ. എന്ന് കരുതി ബ്ലോഗിലെ വിഷയവുമായി ബന്ധപ്പെട്ട ആരോഗ്യപരമായ വിമർശനങ്ങൾ ഒരിക്കലും ഞാൻ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നില്ല. അവ ഉടൻ തന്നെ പ്രസിദ്ധീകരിക്കാറുണ്ട്. ഒരു കലഹത്തിലേയ്ക്ക് വഴി വയ്ക്കുന്നതോ , ആരെയെങ്കിലും മന:പൂർവം hurt ചെയ്യുന്നതോ ആയ പ്രതികരണങ്ങൾ ഒഴിവാക്കാൻ മാത്രമാണ് ഈ മുൻ കരുതൽ. സദയം ക്ഷമിക്കുമല്ലോ.

   Delete
  2. എഫ്ബിയലേ പോലെ അത്രക്ക് ഭീകരം അല്ല ബ്ലോഗ്‌ എന്നാണ് എന്റെ അഭിപ്രായം .. പിന്നെ അത്രക്ക് വിമര്‍ശനം ഉള്ള പോസ്റ്റുകള്‍ ഒന്നും എഴുതുന്നുമില്ലല്ലോ ..... ബ്ലോഗില്‍ പൊതുവേ ഒരു മാന്ദ്യം ഉണ്ട് ഇപ്പോള്‍ ,, അപ്പോള്‍ ഇങ്ങിനെയുള്ള സെറ്റിംഗ്സ് കാണുമ്പോള്‍ ഒരിക്കല്‍ കൂടി വന്നു അഭിപ്രായം വന്നിട്ടുണ്ടോ എന്ന് നോക്കാന്‍ ഒന്നും പലര്‍ക്കും സമയം കിട്ടിയില്ല എന്നും വരും ,,ചില ബ്ലോഗുകളുടെ ലിങ്കുകള്‍ വായിക്കാന്‍ കൊടുക്കുമ്പോള്‍ ഈ സെറ്റിംഗ്സ് ഉള്ള ബ്ലോഗ്‌ ആണെങ്കില്‍ പലരും പറഞ്ഞു കേള്‍ക്കാറുണ്ട് ... ,, ബുദ്ധിമുട്ട് തോന്നുന്നു എങ്കില്‍ ഇങ്ങിനെ തന്നെ കിടക്കട്ടെ !!

   Delete

 7. മതങ്ങള്‍ വ്യാപാര വല്‍ക്കരിക്കുന്നതില്‍ ഒരു മതവും പിന്നിലല്ല .എല്ലാവരും വിശ്വസിക്കുന്ന അദൃശ്യ ശക്തിക്ക് ഒരു നയാപൈസയുടെ ആവശ്യമില്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും അറിയാം .ചില ആരാധനാലയങ്ങളില്‍ മാസവരുമാനം ലക്ഷക്കണക്കിന്‌ രൂപയാണ്. ആരാധനാലയങ്ങളില്‍ സ്വരൂപിക്കുന്ന രൂപ അത്രയും പട്ടിണി പ്പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയാല്‍ ലോകത്തൊരിടത്തും ദാരിദ്ര്യമുണ്ടാവില്ല

  ReplyDelete