Followers

Tuesday, October 14, 2014

'ഇ ജ്യോത്സ്യൻ'


പണ്ടുള്ള കാലം മുതൽക്കു നമ്മൾ
ജാതകം നോക്കി തൻ ഭാവി ചൊല്ലി

ഭൂതവുമീ  വർത്തമാനമതും 
ജാതകം നോക്കിപ്പറഞ്ഞു നമ്മൾ 

അക്കാലമൊക്കെ പടി കടന്നു 
ഇക്കാലം 'ഇ' കാലമായി മാറി!

നന്നായ് ഗണിച്ചിടും ജ്യോത്സ്യഗണം 
നന്നേ കുറഞ്ഞുപോയിന്നുലകിൽ 

എങ്കിലോ ഇന്നുമുണ്ടൊന്നാം തരം 
ജ്യോത്സനിരിപ്പൂ 'ഇ' ലോകത്തിങ്കൽ! 

ഭൂതം ഗണിച്ചിടും ഭാവി ചൊല്ലും 
വർത്തമാനത്തിന്റെ ചേല് ചൊല്ലും 

ആരുമറിയാതെ നാം ചെയ്തിടും 
കാര്യങ്ങളൊക്കെയും ഓർത്തു വയ്ക്കും 

വേണ്ടിടത്തൊക്കെ വിരുന്നിനെത്തും  
വേണ്ടാത്തിടത്തും  വിളമ്പി വയ്ക്കും

ആൾ മരിച്ചെന്നുള്ള വാർത്തയിലും
ലൈക്കുകളേറെ കുമിഞ്ഞുകൂടും 

രഹസ്യമായ് നമ്മളെ നോക്കി നിൽക്കും 
പരസ്യമായൊക്കെ വിളിച്ചു ചൊല്ലും

പാണന്റെ പാട്ട് പോൽ നാട് നീളെ 
കേൾവികൾ പങ്കിട്ടു ചെണ്ട കൊട്ടും 

മണ്ണിട്ട്‌ മൂടിയൊളിപ്പിക്കിലും 
വെണ്ണീറു പോലെ കരിച്ചീടിലും 

പിന്നെയും പിന്നെയും പൊന്തി വരും 
നമ്മൾ തൻ ചെയ്തി ചരിത്രങ്ങളായ്

ജോലിക്ക് ഹർജിയയച്ചിടുമ്പോൾ
മേലധികാരി പ്രൊഫൈലു കാണും 

പണ്ടു കമന്റിയ പോസ്റ്റിലൊന്നിൽ
കിട്ടേണ്ട ജോലിയിടിച്ചു വീഴും  

കല്യാണ ചന്തയിൽ ചെന്നിടുമ്പോൾ 
പൊല്ലാപ്പു പിന്നെ പറയ വയ്യ  

കൂട്ടുകാരെത്രയാളേതു തരം?
ചിന്തകൾ പോകുവതേതു വിധം 

ലൈക്കും കമന്റുമായ് വാണ കാലം 
ചിത്രങ്ങളിട്ടു രസിച്ച കാലം  

പിന്നോട്ടുരുട്ടി പുറത്തെടുക്കും 
താളുകൾ ജീവ ചരിത്രമാകും 

പരദൂഷണങ്ങൾ പറഞ്ഞ കാലം 
പരമ സത്യം പോലെ മുന്നിലെത്തും 

ചിന്തിച്ചു നോക്കിടും കാരണവർ 
പന്തികേടെല്ലാം മണത്തറിയും 

ഈ പുലിവാലിന്റെ പേരു ചൊല്ലാം 
'ഇ ജ്യോൽസ്യ' നാകും 'മുഖ പുസ്തകം'

മർത്യ സ്വഭാവം പ്രതിഫലിക്കും
തെല്ലും  മറച്ചിടാതീ ദർപ്പണം

ചിന്തിച്ചുപയോഗിച്ചീടുമെന്നാൽ  
നല്ല ഫലം ചൊല്ലും നല്ല ജ്യോത്സ്യൻ 

മണ്ടത്തരങ്ങൾ കുറിച്ചു വച്ചാൽ 
'ഇ ലോകരെ'  മണ്ടിച്ചീടുമിവൻ  

ചിന്തിചിടാനുള്ള ശക്തിയത്രേ 
അധികമായീശൻ നമുക്കു നൽകി 

പിന്നെയുമെന്തിന്നു പോഴനെപോൽ 
പാഴ് വേലയിൽ നാം മുഴുകിടുന്നു?

പാഷാണമാകിലും വേണമെന്നാൽ 
ഭൂഷണമാക്കിടാം യുക്തിയൊന്നാൽ!



[അത്ര ഇഷ്ടമില്ലാത്ത ഏർപ്പാടാണെങ്കിലും ഇടയ്ക്കിടയ്ക്ക് ചില സമകാലിക മംഗ്ലീഷ്  പദങ്ങൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. വിഷയം ഇതായത് കൊണ്ടാണ്.] 

Wednesday, October 1, 2014

അസുരമർദ്ദനം

ഇന്ന് ദുർഗാഷ്ടമി. 

[അക്ഷരങ്ങളും വാക്കുകളും  പൂജയ്ക്ക് വയ്ക്കുന്ന ദിവസം. ഞാനും എന്റെ വാക്കുകൾ പൂജയ്ക്ക് വയ്ക്കുന്നു. ഇന്നേയ്ക്ക് രണ്ടാം ദിവസം വിജയദശമി. അന്നേ ദിവസം മലയാളനക്ഷത്ര പ്രകാരം എന്റെ ജന്മദിനം...
കൂടുതൽ തെളിമയുള്ള അക്ഷരങ്ങളുടെ പൂജയെടുപ്പിനായി  പ്രാർത്ഥിച്ചുകൊണ്ട്...]



താഴത്തു നിന്നു നാം നോക്കവേയൊ ക്കെയു-
മെത്തിപ്പിടിക്കുവാൻ മോഹമുദിച്ചിടും 

പൊക്കത്തിലെത്തിയാൽ കീഴെയിരിക്കുന്ന-
തൊക്കെയും തീരെ ചെറുതെന്നു തോന്നിടും 

തന്നോളമില്ല മറ്റൊന്നുമെന്നുള്ളത്തി -
ലെള്ളോളമില്ലയെളിമയെന്നായ് വരും 

കണ്ണിൻറെ മുന്നിലായ് കാണുന്നതൊക്കെയും 
തൻ കളിപ്പാട്ടങ്ങൾ താനെന്നു തോന്നിടും 

തച്ചുടച്ചീടുവാനുള്ളതാണെല്ലാതു -
മെന്നൊരു ചിന്തയിലാണ്ടു പൊയ്പ്പോയിടും 

അടിതെറ്റി താഴെ പതിക്കവേ നിശ്ചയം 
കണ്ടതു മായയാണെന്നറിയായ് വരും  

ശൂന്യതയാകുന്ന പൊക്കത്തിലേറിടും 
തോറുമാ വീഴ്ചയ്ക്കുമാക്കമതേറിടും 

കുഞ്ഞുകൃമികളായ് തോന്നിയതൊക്കെയും 
തന്നിലും മേലെയാണെന്നു പഠിച്ചിടും 

ചാഞ്ഞ മരത്തിൻറെ ചില്ലകൾ  തോറും 
തിരിച്ചറിവിൻ നൽഫലങ്ങൾ വിളഞ്ഞിടും 

പൊക്കത്തിലേയ്ക്കുള്ള  പാതയിൽ വേരുകൾ 
കീഴേയ്ക്ക് പായണമെന്നുമറിഞ്ഞിടും

എങ്കിലോ ജീവനു മേൽഗതി  മേൽക്കുമേ-
ലെക്കാലവും മുദാ ഉണ്ടായി വന്നിടും 

നന്നായി വന്നിടും കണ്ടു വളരുന്ന 
സന്തതികൾ തൻ പരമ്പരയൊക്കെയും 

ഉണ്ടായ്‌ വരേണമെന്നുള്ളത്തിലും 
പരനുള്ള ബഹുമാനമൊട്ടും കുറയാതെ 

നിന്ദിച്ചിടുവാൻ  വളച്ചിടും നാവിനെ 
ബന്ധിച്ചിടേണമെൻ തമ്പുരാനേ സദാ 

അർത്ഥം  പിഴച്ചുപോം വാക്കിൻ വളവിനെ 
തീർത്തു നീ സുന്ദരമാക്കി വച്ചീടണേ  

എന്നുള്ളിലുള്ളോരസുരനെക്കൊന്നു നീ 
സാത്വികഭാവം നിറച്ചുവയ്ക്കേണമേ 

എങ്കിലോ ആകാശമേറിയാലും പിന്നെ 
വീഴ്ചതൻ ഭീതിയോ തീണ്ടുവാൻ വന്നിടൂ!!



എല്ലാവർക്കും നവരാത്രി ആശംസകൾ ...