സന്ധ്യാനാമം ചൊല്ലും നേര-
മിതെന്തൊരു ബഹളം എന്നുടെ ശിവനെ !
ആറരയെന്നൊരു സമയമണഞ്ഞാൽ
വീടുകൾ തോറും താണ്ഡവമാണേ...
'ആരെട' 'ഞാനെട' 'കൊല്ലെട' 'നിന്നെ
പിന്നെ കണ്ടോളാ'മെന്നുച്ചം
പ്രതികാരത്തിൻ ഭീഷണിയങ്ങനെ
പൊങ്ങും പല വിധ ചാനലു തോറും.
പാരകളങ്ങനെ വയ്ക്കും തമ്മിൽ
മരുമക്കൾക്കഥയമ്മായിക്കഥ,
പിന്നെ വരുന്നൂവടിമുടി ചായം
പൂശിയ ശിവനും ഗണപതി താനും!
നായിക പ്രസവിച്ചൊരു വഴിയാകാൻ
വർഷം പത്തും പലതുമെടുക്കും!
പിന്നെയുമൊത്തിരി കാലമെടുക്കും
കുഞ്ഞിൻറച്ഛനെ കണ്ടു പിടിക്കാൻ!!
വീടുകളാകെ ഭീകര നടനം
കർണ കഠോരം കാണുക വിഷമം
പത്തര പതിനൊന്നായീടും പി-
ന്നൊട്ടൊരു ശമനം കിട്ടണമെന്നാൽ.
കുട്ടികളും പിന്നെൺപത്തെട്ടി-
ന്നക്കരെ നിൽക്കും വൃദ്ധരുമുണ്ടേ
കത്രിക വയ്ക്കാതെത്തും തെറി വിളി
യിഷ്ടം പോലെ കേട്ടു പഠിക്കാൻ.
പിന്നെയുമുണ്ടതു 'വാസ്തവ നടനം'*
വിധികർത്താക്കളുതിർക്കും വചനം
നൃത്തത്തിൻ ഗതി കാണണമൊത്തൊരു
മർക്കടരാജൻ നാണിച്ചോടും !
എസ്സെമ്മെസ്സിനു വേണ്ടിയിരക്കും
പിച്ചക്കാരുടെ ചേലു കളിക്കാർ
കപിയെ ചുടുചോർ വാരിക്കും പോൽ
'വൻകിടന'*ങ്ങനെ ലാഭം കൊയ്യും .
കേട്ടാലോക്കാനിച്ചിടുമയ്യോ
തട്ടുപൊളിപ്പൻ 'ഹാസ്യാനർത്ഥം'!
ഹാസ്യമതെന്നാലശ്ലീലത്തി-
ന്നളവില്ലാ വിഷ മിശ്രിതമൊക്കും.
ഇങ്ങിനെ പലവിധ ചേഷ്ടകൾ നിത്യം
കണ്ടേ വളരും ബാലകർ മൊത്തം
എല്ലാം നാട്ടുനടപ്പാണെന്നൊരു
ചിന്തയിലവരും നിത്യം പുലരും.
നിലവാരത്തിന്നടിവേരുകളും
ചെത്തിയെറിഞ്ഞു രസിക്കുവതാരോ ?
തലമുറകൾ തൻ സംസ്കാരത്തി-
ലഴുക്കു പുരട്ടി നിറയ്ക്കുവതാരോ?
ആരിവളെന്നൊരു സംശയമോടിട-
യുന്നോർക്കുത്തരമിങ്ങനെ ചൊല്ലാം...
ഉള്ളതു ചൊന്നാലുറിയും തന്നുടെ-
യുള്ളു തുറന്നുടനൊന്നു ചിരിക്കും.
[* 'വാസ്തവ നടനം' - reality show എന്നാണു ഉദ്ദേശം.
*' വൻകിടൻ - വൻകിട കമ്പനികൾ എന്നതിന് കണ്ടുപിടിച്ച ഒരു ചുരുക്കപ്പേര് ]