ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിലെ ഒന്നാം പേജിൽ കണ്ട വാർത്തയാണിത്.
ഈ വാർത്ത വായിച്ച് ചിരിക്കണോ കരയണോ ഭയക്കണോ എന്ത് വേണമെന്നറിയാതെ ഒരു നിമിഷം ഞാൻ അന്തിച്ച് ഇരുന്നുപോയി. ചിരി വന്നത്, രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താൻ നേതൃസ്ഥാനത്തിരിക്കുന്നവർ തല പുകഞ്ഞ് ഇത്രയതികം 'നൂതന ആശയങ്ങൾ' (!) ആവിഷ്കരിക്കുന്നല്ലോ എന്നോർത്തിട്ടാണ്. ആക്രമിക്കപ്പെടുന്ന സ്ത്രീ ഈ സ്പ്രേ ബാഗിൽ നിന്ന് എടുത്ത് അടിക്കുമ്പോൾ അക്രമിയുടെ കൈ മാങ്ങ പറിക്കാൻ പോകുമോ? ബോധം കെടുത്തുന്ന സ്പ്രേയുമായാണ് അക്രമികളിൽ പലരും ഇപ്പോൾ തന്നെ നടക്കുന്നത്. പിന്നെ ഇവിടെ സൂചിപ്പിച്ച സ്പ്രേ സ്ത്രീകൾക്ക് മാത്രം ഉപയോഗിക്കാൻ പാകത്തിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടോ? ആണുങ്ങൾ തൊട്ടാൽ ഇത് പ്രവർത്തിക്കില്ലേ? ഇത്തരം സംശയങ്ങൾ ആണ് എന്നെ ചിരിപ്പിച്ചത്.
ഇനി കരയണമെന്നു തോന്നാനുള്ള കാരണം.
ഈ സ്പ്രേയുടെ വാർത്ത വായിച്ചപ്പോൾ ക്ഷുദ്രജീവികളെ തുരത്താൻ അടിക്കുന്ന കീടനാശിനികളെ ഓർമ വന്നു. ഒരു രാജ്യത്തെ ആണുങ്ങൾക്ക്അവരുടെ അധമ പ്രവർത്തികളും വികാരങ്ങളും സ്വയം നിയന്ത്രിക്കാൻ കഴിയാത്തതുകൊണ്ട് കീടങ്ങളെ ഓടിക്കുന്നത് പോലെ അവരെ കീടനാശിനി തളിച്ച് ഓടിക്കേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥ ഒർത്തിട്ട് കരച്ചിൽ വരാതിരിക്കുന്നതെങ്ങിനെ? മൂല്യബോധത്തോടെ സമൂഹത്തിൽ ജീവിക്കുന്ന പുരുഷന്മാർ ക്ഷമിക്കുക. നിങ്ങളെ കുറിച്ചല്ല ഈ പരാമർശം.
ഭീകരമായ കുറ്റകൃത്യങ്ങളെ പോലും എത്ര ബാലിശമായമായാണ് നമ്മുടെ നേതാക്കൾ സമീപിക്കുന്നത്.
കാര്യങ്ങൾ ഇങ്ങിനെയാണെങ്കിൽ പുരുഷനൊപ്പമോ അതിലും കുപ്രസിദ്ധമായോ ആയി കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന സ്ത്രീകളെ തുരത്താനും സ്പ്രേ വേണമല്ലോ! രാജ്യത്ത് നടന്നിട്ടുള്ള സ്ത്രീ പീഡനങ്ങളിൽ പലതിലും സ്ത്രീകളാണ് പ്രധാന കണ്ണികൾ. അങ്ങിനെ വരുമ്പോൾ സ്ത്രീക്ക് പുരുഷനിൽ നിന്നും രക്ഷ എന്നതല്ല വിഷയം. ഇരകൾക്ക് അക്രമികളിൽ നിന്നുമാണ് രക്ഷ വേണ്ടത്. അക്രമി സ്ത്രീയും പുരുഷനും ആകാം. അവർക്കുള്ള ശിക്ഷ ഒരുപോലെയാണ് വേണ്ടത്.
സ്ത്രീ , പുരുഷൻ എന്ന് വേർ തിരിച്ചല്ല ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടത്. ഒരു സമൂഹം ഒന്നായി നിന്ന് പരിഹരിക്കേണ്ടതാണ് ഈ പ്രശ്നങ്ങൾ.
എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?
ജനിക്കുമ്പോഴേ പ്രായപൂർത്തിയായവരായിട്ടല്ല ആരും ഭൂമിയിൽ അവതരിക്കുന്നത്. നിഷ്കളങ്കമായ ബാല്യവും കൌമാരവും എല്ലാം കടന്നാണ് ഓരോരുത്തരും വരുന്നത്. ഇതിനിടയിൽ എവിടെയാണ് പിഴയ്ക്കുന്നത്? തെറ്റുകളിലേ ക്കുള്ള വഴിത്തിരിവ് എവിടെ നിന്ന് തുടങ്ങുന്നു? അതിനു അനുകൂലമായിട്ടുള്ള സാഹചര്യങ്ങളാണ് ഒഴിവാക്കേണ്ടത്. ആ ഉത്തരവാദിത്തം പുരുഷന് മാത്രം ഉള്ളതാണോ? ബാല്യത്തിൽ ഒരു കുട്ടി, അത് ആണായാലും പെണ്ണായാലും കണ്ടു വളരേണ്ടത് അഛനും അമ്മയും അ ടങ്ങുന്ന കുടുംബാംഗങ്ങൾ അനുവർത്തിക്കുന്ന മൂല്യങ്ങളാണ്. അപ്പോൾ ഇവിടെ ഒന്നാമത്തെ വില്ലൻ ശിഥിലമായ കുടുംബ ബന്ധങ്ങളാണ്. കുടുംബനാഥന്റെ മദ്യപാനവും കുടുംബനാഥയുടെ അപഥ സഞ്ചാരവും ധനസമ്പാദനത്തിനുള്ള ആർത്തി മൂലം കുടുംബാംഗങ്ങൾ നടത്തുന്ന കള്ളത്തരങ്ങളും എല്ലാം ചേർന്ന് സംജാതമാകുന്ന അവസ്ഥ.
കുടുംബത്തിനു പുറത്തു വന്നാൽ പിന്നെ കുട്ടിയുടെ ലോകം വിദ്യാലയങ്ങളും കലാലയങ്ങളും ആണ്. അവിടെയും കുട്ടി മത്സരത്തിൻറെ നടുവിലാണ്. വിദ്യാർത്ഥികൾ ഗുരുതരമായ തെറ്റ് ചെയ്‌താൽ പോലും ശിക്ഷിക്കാൻ അധ്യാപകർക്ക് ഇന്ന് ഭയമാണ്. പണ്ട് മക്കളുടെ ഗുരുക്കന്മാരെ എത്ര ബഹുമാനത്തോടെയാണ് മാതാപിതാക്കൾ കണ്ടിരുന്നത്. ഇന്ന് തന്റെയും കുട്ടിയുടെയും ആജന്മശത്രുവാണ് കുട്ടിയുടെ അദ്ധ്യാപകൻ എന്ന മുൻവിധിയോടെയാണ് പല മാതാപിതാക്കളും പെരുമാറുന്നത്. ഫലം, കുട്ടിയിൽ സംശയകരമായ എന്ത് മാറ്റങ്ങൾ കണ്ടാലും ഭൂരിപക്ഷം അധ്യാപകരും കണ്ടില്ലെന്നു നടിക്കുന്നു. എന്തിനു വെറുതെ പൊല്ലാപ്പിനു പോകുന്നു എന്ന് അവർ ചിന്തിക്കുന്നതിനു ആരാണ് ഉത്തരവാദി? അങ്ങിനെ വേണ്ട സമയത്ത് വേണ്ടപ്പെട്ടവർ പലതും അറിയാതെ പോകുന്നത് കൊണ്ട് കുട്ടികൾ തെറ്റിൽ നിന്ന് തെറ്റിലേക്ക് വീണുകൊണ്ടിരിക്കുന്നു. ഇവിടെ മാതാപിതാക്കളും അധ്യാപകരും ഒരുപോലെ കുറ്റക്കാരാകുന്നു.
മതാചാര്യന്മാർക്കും ഇതിൽ വലിയ ഒരു പങ്കുണ്ട്. എല്ലാ മതങ്ങളും പരസ്പരം ബഹുമാനിക്കാനാണ് പറഞ്ഞിട്ടുള്ളത്. ഇന്നത്തെ മതാചാര്യന്മാർ സമൂഹത്തിലേയ്ക്ക് അഴിച്ചുവിടുന്ന സ്പർദ്ദയും, അസഹിഷ്ണുതയും, മതതീവ്രവാദവും ഒരു നാടിനെ ചുട്ടെരിക്കാൻ ശേഷിയുള്ളതാണ്. തലമുറകൾക്ക് ശരിയായ മൂല്യങ്ങൾ പകർന്നുകൊടുക്കുന്നതിൽ പരാജയപ്പെട്ട ഇവർക്കും ഈ മൂല്യച്യുതികളിൽ ഉത്തരവാദിത്തമുണ്ട്.
ഇങ്ങിനെ ആരാലും തിരുത്തപ്പെടാത്ത തെറ്റുകളുമായി സമൂഹത്തിലേ ക്കിറങ്ങുന്ന പ്രായപൂർത്തിയായ ഒരു വ്യക്തിയെ സമൂഹത്തിനു മുഴുവൻ അപകടകാരിയായ ഒരാളാക്കി മാറ്റുന്നതിനു വേണ്ട എല്ലാ ഘടകങ്ങളും അളവിൽ കൂടുതൽ ഉള്ളതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. സാമം ഭേദ്യം ദണ്ഡം എന്നൊരു ചൊല്ലുണ്ട്. സാമവും ഭേദ്യവും വേണ്ട കാലങളിൽ സംഭവിച്ചില്ലെങ്കിൽ പിന്നെ ദണ്ഡം തന്നെയേ രക്ഷയുള്ളൂ. അവിടെയാണ് നമ്മുടെ നിയമനിർമ്മാണത്തിന്റെ അപാകതകൾ മുഴച്ചു നില്ക്കുന്നത്. എത്ര അപരാധികൾ രക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് നമ്മുടെ നീതിപീഠങ്ങൾ ഉത്ഘോഷിക്കുന്നു. നീതി നടപ്പാക്കുന്നതിലെ പാകപ്പിഴ കൊണ്ട് ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന ഉദ്ദേശത്തോടെയുള്ള ഈ വാക്കുകൾക്ക് ഇന്ന് 'എത്ര അപരാധികൾ രക്ഷ പെട്ടാലും ഒരു നിരപരാധി പോലും രക്ഷപെടരുത്' എന്ന നില വന്നിരിക്കുന്നു. കുടുംബത്തിനും അധ്യാപകർക്കും മതാചാര്യന്മാർക്കും നേർവഴിക്കു നടത്താൻ കഴിയാത്ത ഒരു വ്യക്തിക്ക് തന്റെ കുറ്റവാസനയെ നിയന്ത്രിക്കാൻ ഉള്ള അവസാനത്തെ മരുന്നാണ് നിയമനിഷേധത്തിനു കിട്ടാവുന്ന കടുത്ത ശിക്ഷയെ കുറിച്ചുള്ള ഭയം.നമ്മുടെ നാട്ടിൽ ഏതു കുറ്റവാളിക്കാണ് ആ പേടിയുള്ളത്? അങ്ങിനെ കുറ്റവാളികളെ ഭയപ്പെടുത്തുന്ന ഏതു നിയമമാണ് നമുക്കുള്ളത്? മറിച്ച് നന്നാവാൻ സ്വയം തീരുമാനിച്ച കുറ്റവാളിയെ പോലും വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളിലേയ്ക്ക് വീഴ്ത്തുന്ന സാഹചര്യങ്ങളാണ് നമുക്കുള്ളത്.
അതുകൊണ്ട് ഇനിയെങ്കിലും പ്രശനപരിഹാരമാണ് നമുക്ക് വേണ്ടത് എങ്കിൽ അതിനു വേണ്ടത് കല്യാണ പ്രായം കുറയ്ക്കലോ, ആണുങ്ങളെ തുരത്തുന്ന സ്പ്രേയോ ഒന്നുമല്ല. സ്വയം തിരുത്താനുള്ള ഒരു സ്പ്രേ ആണ്.ഓരോരുത്തരും അവരവരുടെ ചിന്തകളിലേ യ്ക്ക് മൂല്യബോധത്തിന്റെ സ്പ്രേ അടിക്കുക. അതിന്റെ സുഗന്ധം അടുത്ത തലമുറയിലേയ്ക്ക് പകരുക. നിയമസഭകളിൽ ഘോരഘോരം പോരടിക്കുന്ന നിയമനിർമ്മാതാക്കൾ ജനനന്മയ്ക്കുതകുന്ന നിയമങ്ങൾ നിർമിക്കുകയും തങ്ങൾ നിർമ്മിച്ചു വിടുന്ന നിയമങ്ങളിലെ പഴുതുകൾ കാലാകാലങ്ങളിൽ അടയ്ക്കുകയും ചെയ്യുക.