കാലചക്രത്തിന്നിടയിലെങ്ങോ
കാലനിരിപ്പൂ നമുക്ക് വേണ്ടി
കാലേ പുറപ്പെട്ടു പോന്നതാണാ
കാലനെ കാണുവാൻ മാത്രമായി.
കാലം കടന്നു കടന്നു പോകെ
മോഹവലകളിൽ പെട്ടുപോകെ
കാലനെ കാണുകയെന്ന ലക്‌ഷ്യം
പാടെ മറന്നു മതി മയങ്ങി.
കോലങ്ങളോരോന്നു കെട്ടിയാടി
കോലാഹലങ്ങളിൽ ചെന്ന് ചാടി,
കോലാഹലങ്ങളിൽ ചെന്ന് ചാടി,
കോമാളി വേഷങ്ങൾ ചാർത്തിയാടി
കേമനായ് പീലി വിടർത്തിയാടി.
ജീവിതം നെഞ്ചോടു ചേർത്തു വച്ചി-
ട്ടെൻറേതു താനെന്നഹന്തയോടെ
ഭാഗം തിരിച്ചതിർ വേലി കെട്ടി
ബുദ്ധിമാനെന്നൊരു ഭാവമോടെ.
ചെന്നിടമെല്ലാം പിടിച്ചടക്കി
യുന്മത്ത ചിത്തനായ് വാഴുകിലു-
മെന്തോ മറന്ന പോൽ ഖിന്നനായി
തൃപ്തിയില്ലൊട്ടുമൊരു കാലവും.
മാർഗം പിഴച്ചതറിഞ്ഞിടാതെ
മായയ്ക്കു പിന്നാലെ പാഞ്ഞിടുമ്പോൾ
കാലനെ നമ്മൾ മറന്നീടിലും
കാലൻ മറക്കില്ല നമ്മെയൊട്ടും.
കാലപ്രവാഹത്തിൻ തേരിലേറി
കാലൻ വരുമൊരു നാളെതിരെ
ഓടിയൊളിക്കുവാൻ കാടുമില്ലുൾ-
കാടത്തമൊന്നു മറച്ചിടാനും.
കാലമായെന്നു നിനച്ചു നമ്മൾ
കാലന്നടിയറ വച്ചിടുമ്പോൾ
കാലന്റെ കാര്യമതി വിചിത്രം !
പോകും തിരിഞ്ഞൊന്നു നോക്കിടാതെ !!
പിന്നൊരു നാളിൽ നിനച്ചിടാതെ
മിണ്ടുവാൻ പോലുമിട തരാതെ
പിന്നിൽ പതുങ്ങി വന്നൂറ്റമോടെ
കാലയവനികയ്ക്കുള്ളിലാക്കും!
ആത്മാവ് സൂക്ഷിച്ചെടുത്തു മാറ്റി
ദേഹം വലിച്ചകലെയെറിഞ്ഞി-
'ട്ടിപ്പഴോ' എന്നൊരു ഭാവമോടെ
കാലൻ ചിരിച്ചിടും നമ്മെ നോക്കി.
ദേഹസുഖത്തിനായിത്ര നാളും
പേർത്തും പണിപ്പെട്ടതൊക്കെ നഷ്ടം
കഷ്ടമാ ദേഹി തൻ മന്ത്രണങ്ങൾ
തട്ടിയ ദേഹം ചിതലരിക്കും!
താഴെ കിടക്കുന്ന ദേഹമാണോ
കാലനെടുത്തൊരാത്മാവ് താനോ
ഏതാണ് താനെന്ന ചിന്ത പോലും
ഇല്ലിനി മേലിലോ ഇല്ല 'ഞാനും' .
കാലഹരണപ്പെടും മുന്നമേ
നമ്മിൽ വിവേകമുദിച്ചുവെന്നാൽ
തമ്മിൽ തിരിച്ചറിഞ്ഞീടുമന്നീ
മന്നിൽ കലഹിക്കും മർത്യവംശം.
കാലചക്രത്തിന്നിടയിൽ നിന്നും
കാലനിറങ്ങി വരുമൊരിക്കൽ
കാലനിറങ്ങി വരുമൊരിക്കൽ
ദേഹമെടുത്തെറിഞ്ഞാത്മാവിനെ
പരമാത്മാവിനോടൊന്നു ചേർത്തു വയ്ക്കും.
പരമാത്മാവിനോടൊന്നു ചേർത്തു വയ്ക്കും.