Followers

Wednesday, December 18, 2024

കൃഷ്ണരസം

 















ചേലതൻ ചേലിൽ കുചേലനില്ലാ പ്രിയം, 

ചേലിലാ ശ്രീകൃഷ്ണമൗലിയിൽച്ചേർന്നൊരു 

പീലിതൻ ഭാഗ്യം നിനച്ചാലഹോ പ്രിയം!


ധർമ്മദാരങ്ങൾതൻ വാക്കാലെയെങ്കിലും 

മിത്രസമാഗമന്നിച്ഛിച്ചൊരന്തണൻ

ദ്വാരകാനാഥസ്മരണാശ്രുപൂർണ്ണനായ്!  


കല്ലും പതിരും നിറഞ്ഞതാം ജീവ-

പൃഥുകോപഹാരമാ ചേലെഴാച്ചേലയിൽ 

ലജ്ജിതനെങ്കിലും  ഞാത്തിയരുമയായ്!


കൃഷ്ണരസത്തെ നുണഞ്ഞുനുണഞ്ഞുകൊ-

ണ്ടാത്മസുഖാർത്ഥം ഗമിക്കും കുചേലനെ 

ചിത്തേ സ്മരിക്കുന്നു കൃഷ്ണാ ഹരേ ജയ!


#കുചേലദിനം