ചന്ദ്രയാൻ മൂന്ന് ദൗത്യം സാർത്ഥകമാക്കിയ ISRO യിലെ ശാസ്ത്രജ്ഞന്മാർക്കു വന്ദനം!
ഭാരതത്തിൻറെ ചന്ദ്രായനപേടകം ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ചെന്നുതൊട്ടപ്പോൾ സന്തോഷവാനായ ആതിഥേയചന്ദ്രൻ ഭാരതത്തിനായി ഇപ്രകാരം സ്വാഗതഗീതമർപ്പിച്ചിരിക്കാം!
ഭാഗ്യ!മന്നു ഞാൻ ചന്ദ്രശേഖരൻ-
തൻ്റെ മൗലിയിൽ ചേർന്നനാൾ
ചേർത്തുവച്ചതാണെന്‍റെ നെഞ്ചിലും
ഭാരതാംബയെ ഗാഢമായ് !
ദക്ഷിണാമൂർത്തിയായ ശംഭുവെൻ
രക്ഷയെ ചെയ്തതോർക്കവേ
ഭാരതത്തിനിന്നേകിടുന്നുവെൻ
സ്വാഗതം സാമോദമായ് !
ദക്ഷിണാർദ്ധവാതായനങ്ങളി-
ന്നാദ്യമായ് തുറക്കുന്നു ഞാൻ
സാദരം മഹാഭാരതത്തെ-
യെതിരേറ്റിടാനതികേമമായ് !
ഭാനുവിൻ കരമേറ്റിടാതിരു-
ളാഴുമെൻ്റെ നിഗൂഢമാം
ദക്ഷിണാനനമാകെ ഭാരത-
ചിത്പ്രകാശം വീശുവിൻ!
ഭാസിലാണ്ടു രമിയ്ക്ക ഭാരത-
ഭൂമി! ഹൈമവതീ! സതീ!
പാറിടട്ടെനിൻ വൈജയന്തികാ-
കാന്തിയെൻ കുളിർമേനിയിൽ!