ആലുവയിൽ ദേശം എന്ന പ്രദേശത്താണു പുരാതനമായ പള്ളിപ്പാട്ടുകാവ് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രക്തേശ്വരിയായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ചന്ദനം ചാർത്തി ശ്രീയാർന്ന, ദംഷ്ട്രങ്ങളോടുകൂടിയ വദനത്തിൽ സദാ കരുണാമയമായ പുഞ്ചിരിയോടെ വർത്തിയ്ക്കുന്ന ദേവിയുടെ വിഗ്രഹം ഒന്നു കാണുന്ന മാത്രയിൽത്തന്നെ എത്ര കൊടിയ ദുഃഖം പേറിവരുന്ന ഭക്തരായാലും ഹൃദയത്തിൽ ഒരു കുളിർസ്പർശം അനുഭവപ്പെടും! ജീവിതത്തിന്‍റെ ഓരോ ഏടു മറിയുമ്പോഴും പള്ളിപ്പാട്ടുഭഗവതിയെ പ്രത്യേകം സ്മരിയ്ക്കാതെ കടന്നുപോയിട്ടില്ല. ആ പള്ളിപ്പാട്ടുകാവിലമ്മ തോന്നിച്ചതാണ് ഈ വരികൾ.
ദക്ഷിണായനം എന്നാൽ സൂര്യൻറെ തെക്ക് ദിശയിലേക്കുള്ള യാത്ര. സൂര്യൻറെ ഉത്തരായനവും ദക്ഷിണായനവും ഇട മുറിയാതെ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. ജനിച്ചു വീണ നിമിഷം മുതൽ മനുഷ്യനും യാത്രയിലാണ്. നേടി എന്ന അഹങ്കാരവും പോര എന്ന അതൃപ്തിയുമായി, മോഹിപ്പിക്കുന്ന മായാമരീചികയ്ക്കു പിന്നാലെ മനുഷ്യൻറെ തെക്കോട്ടുള്ള യാത്ര. മായയിൽ നിന്ന് പരമ സത്യത്തിലേയ്ക്ക്... മരണമെന്ന പരമ സത്യമാകുന്ന മരുപ്പച്ചയിലേയ്ക്ക്...A Journey From Mirage To Oasis...
Wednesday, May 31, 2023
പള്ളിപ്പാട്ടുകാവിലമ്മ
ഓം
ഉള്ളിൽത്തട്ടി വിളിക്കുവോർ -
ക്കല്ലൽ നീക്കീടുമംബികേ,
പള്ളിപ്പാട്ടുകാവിൽ വാഴും
ജഗദംബികേ!
കൊടുങ്ങല്ലൂരമരുന്ന
മഹാഭദ്രയിവിടേയ്ക്കു
കുടയേറിയെഴുന്നള്ളി -
ക്കുടികൊള്ളുന്നേൻ!
തിങ്കൾക്കല ചൂടുന്നോന്‍റെ -
പാതി മെയ്യാം സതിതന്‍റെ
കോപത്തീയാം ഭദ്രകാളി!
ച്യുതിനാശിനി!
ദേശമിതിലൈശ്വര്യമാ -
യനുദിനം ജനങ്ങൾക്കു
കുലരക്ഷയരുളീടും
ശ്രീമഹാമാത്രേ !
കളമാകെ നിറയുന്ന
പ്രപഞ്ചത്തൃക്കൈകളോടെ-
യെഴും മൂലപ്രകൃതിയാം
വരദേ ! ശിവേ!
കള്ളമെല്ലാം കളഞ്ഞു സത്-
സംഗഭാഗ്യം തരും ദേവി!
ഭദ്രേ! രക്തേശ്വരി! കാളി!
നമിച്ചിടുന്നേൻ !
അനുദിനമവിടുത്തെ
സ്മരണയാം കവചവും
തവപാദഭജനവും
തുണച്ചിടുന്നേൻ !
പള്ളിപ്പാട്ടുഭഗവതി -
യുള്ളിൽ വന്നെൻ വല്ലായ്മയെ
ഉൺമ കാട്ടിയകറ്റുവാൻ
വണങ്ങിടുന്നേൻ !
അമ്മേ മഹാമായേ! ഭദ്രേ!
ത്രിപുരാന്തകയാം കാളി!
വന്ദേ ! പരാപരാശക്തി!
പരമേശ്വരി!
Subscribe to:
Posts (Atom)