Followers

Saturday, December 31, 2022

ഉദ്ധവോക്തി (കൃഷ്ണ കാവ്യാർച്ചന.6)













ഗോകുലം വിട്ടിങ്ങു വന്നിട്ടു നാൾ കുറ-
ച്ചേറെയായോർത്തു ഗോവിന്ദൻ,
ഉദ്ധവ! എൻപ്രിയമിത്രമേ പോക നീ
അമ്പാടിയോളമെനിക്കായ്;

എന്നുടെ താതനാം നന്ദഗോപർക്കു-
മെന്നമ്മ,  പ്രിയയശോദയ്ക്കും
സൗഖ്യമല്ലേയെന്നറിയണം, നീ-
യവർക്കേകണമെൻ്റെ സാമീപ്യം.

എന്നുറ്റ ഗോപിമാർക്കും കൃപയോടെ നീ
നൽകണമെൻ്റെ സന്ദേശം.
എന്നുടെ ഗോക്കളെയൊക്കെയും കണ്ടുനീ
സന്താപമാറ്റിവരേണം.


ഉദ്ധവനേറ്റമുത്സാഹമോടേറ്റുവാ 
ദൗത്യമതാത്മമിത്രാർത്ഥം.
തേരിൽക്കരേറിത്തിരിച്ചവൻ ഗോകുല
ദേശത്തിലേക്കു ക്ഷണത്തിൽ.

പൈക്കുളമ്പേറ്റുയർന്നീടുന്ന ധൂളിയാൽ 
പാടേ മറഞ്ഞ രഥത്തിൽ
വന്നുചേർന്നന്തിയിലാവ്രജഭൂമിയാം 
നന്ദനപൂങ്കാവനത്തിൽ.

ഓടുന്നു ചാടുന്നകിടു ചുരത്തുന്നു
കാലികൾ നന്ദാവനിയിൽ,
രാമകൃഷ്ണാമൃതവീചികൾ കാറ്റി -
ലൊഴുകിവന്നെത്തുന്നു കാതിൽ;

കുമുദോൽപ്പലങ്ങൾ വിടർന്ന സരസ്സുകൾ,
തിങ്കളെക്കാത്തിളകുന്നു,
കണ്ണൻ്റെ കാലൊച്ചയോർത്തു രാഗാർദ്രം
മരുവുന്നു ഗോപികാവൃന്ദം,

ദീപധൂപാവൃതസന്ധ്യാദിവന്ദന-
മംഗളശബ്ദങ്ങളെങ്ങും.
പക്ഷികൾ കൂട്ടമായ് ചേക്കേറുമാരവം,
പൂക്കൾ വിടരും സുഗന്ധം...

ഹൃദ്യമീ ഗോപീവനത്തിലെക്കാഴ്ചകൾ,
കണ്ണുകൾക്കെന്തു സുകൃതം!
ആരും കൊതിക്കുമീ ദിവ്യനന്ദാവന-
ഭൂമിയിൽ വന്നുജനിക്കാൻ

എങ്ങനെ വിട്ടുവന്നെന്നുടെ മിത്രമീ
പുണ്യപൂങ്കാവനഭൂമി ?
നാരയണനുമിന്നാർദ്രനായ്ത്തീർന്നതി-
ലത്ഭുതമില്ലതു സത്യം!


Friday, December 30, 2022

യദാ സ്മരതി ശ്രീകൃഷ്ണം (കൃഷ്ണകാവ്യാർച്ചന.5 )

 























വൃന്ദാവനത്തിലെ ഗോപികൾക്കൊക്കെയും
തോന്നുന്നു കേശവൻ തന്നോടുകൂടെയെ-
ന്നഞ്ഞൂറു ഗോപികൾക്കഞ്ഞൂറു കേശവ -
രയ്യായിരത്തിനയ്യായിരം പ്രത്യക്ഷം!

ആരു മനംനിറഞ്ഞൊന്നു വിളിക്കിലും 
ആ  മനസ്സിന്നനുരൂപമവൻ വരും!
കുഞ്ഞായ്ക്കരുതിയാൽക്കുഞ്ഞാകു-
മാനന്ദരൂപനായ്ക്കണ്ടാലവൻ സച്ചിദാനന്ദം!

ഗുരുവെന്നറിഞ്ഞാൽ ഗുരുവായിടുമതേ-
നേരത്തു കാമിനിമാർക്കവൻ കാമുകൻ!
മിത്രമായ്ക്കണ്ടാൽ പ്രിയമിത്രമായിടും,
ശത്രുത്വമിച്ഛിപ്പവർക്കതായ്ത്തീർന്നിടും.

സാരഥിയെന്നു നിനച്ചാൽ നയിക്കുമീ
ജീവിതത്തേരിനെ ഭദ്രമായ് സന്തതം,  
ഏകാഗ്രചിത്തർക്കവൻ പരബ്രഹ്മമാ-
യെത്തും  സഹസ്രാരചക്രത്തിലങ്ങനെ!

സംശയമന്യേ വിളിച്ചാശ്രയിക്കുവോർ-
ക്കത്ഭുതജീവിതസംശയഹാരകൻ ! 
യുക്‌തിയെ മോഹിച്ചു സംഭ്രമിക്കുന്നവർ-
ക്കേകാന്തഭക്തിയോടൊപ്പം തെളിഞ്ഞിടും. 

ഇല്ല സ്ത്രീപൂരുഷനാപുംസകഭേദ- 
മാരു വിളിക്കിലുമോടിയണഞ്ഞിടും,
നിർമ്മലചിത്തത്തിലുത്തമഭക്തി-
യതൊന്നേയവനിഷ്ടസൽക്കാരമോർക്കണം!

നിർമ്മലചിത്തം ലഭിക്കുന്നതിനൊരു 
മാർഗ്ഗമതു ധർമ്മബോധം യഥോചിതം, 
ഭക്തിയോടായതിനായ് ക്കൊണ്ടു നിത്യവും 
സങ്കല്പമന്തരംഗത്തിലുണ്ടാകണം.  

Thursday, December 29, 2022

വന്ദേ ലീലാമുകുന്ദം (കൃഷ്ണകാവ്യാർച്ചന.4)


തുമ്പിക്കരത്താൽ ഗജം പങ്കജത്തെ -

യുയർത്തും കണക്കു ഗോവർദ്ധനപർവ്വതം

ഒറ്റക്കരത്താലുയർത്തിയ ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


മാമല പോലുള്ള പൂതനതൻ വിഷ-

പ്പാൽ കുടിച്ചന്നാ നിശാചരിയെ ക്ഷണം

മോക്ഷമാർഗ്ഗത്തിലേക്കെത്തിച്ച  ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


കംസഭൃത്യൻ തൃണാവൃത്തൻ കുമാരനെ 

കട്ടെടുത്താകാശമാർഗ്ഗം കടക്കവേ

നിഗ്രഹിച്ചില്ലേയവനെ നീ ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


മരുത്തുവൃക്ഷങ്ങളിരുവർക്കിടയിലൂ-

ടെത്തിയുരൽ വലിച്ചോടവേയന്നുനീ, 

സദ്ഗതിയേകിയവർക്കഹോ! ബാല

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


കൊറ്റിരൂപം പൂണ്ട സത്വമവൻ ബകൻ,

അച്ച്യുതനെക്കൊന്നിടാനടുത്തീടവേ

കൊക്കുപൊളിച്ചവനെക്കൊന്ന ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


ഗോപരേയും പൈക്കളേയും വിഴുങ്ങിയ 

സർപ്പാസുരനാമഘനെ വധിച്ചുതൻ

മിത്രജനങ്ങളെ രക്ഷിച്ച ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!



കാളിന്ദിയിൽ വിഷം ചീറ്റിടുമാ ദുഷ്ട-

സർപ്പമാം കാളിയൻതന്നുടെ ശീർഷത്തിൽ 

മർദ്ദനനൃത്തം നടത്തിയ ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!


കണ്ണൻ്റെ ലീലകൾ ചൊല്ലാൻ തുടങ്ങുകിൽ

 ജന്മം നമുക്കു പലതു തികയുമോ!

എങ്കിലുമിന്ദ്രിയശുദ്ധിയ്ക്കു ബാല-

മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!




Wednesday, December 28, 2022

വ്രജഭൂമിയിൽ (കൃഷ്ണകാവ്യാർച്ചന.3 )












ബലഭദ്രനൊത്തു വ്രജത്തിലൊക്കെയും

പശുക്കളെ മേച്ചു നടക്കവേ കൃഷ്ണൻ

അതിശയത്തോടെയുരച്ചുവോരോന്നാ

രസമെഴും വനപ്രദേശത്തെ നോക്കി


വയസ്സൊരഞ്ചന്നു കഴിഞ്ഞിരുവർക്കു, -

മവർ പ്രിയർ വൃന്ദാവനത്തിലെങ്ങുമേ

അനന്തനു നീലാംബരമുണ്ടു പീതാം-

ബരമുടുത്തുകൊണ്ടനുജൻ കൃഷ്ണനും.


ബലത്തിൽ ജ്യേഷ്ഠനാം ബലരാമൻ മുന്നിൽ

നയത്തിലച്യുതൻ, ച്യുതിയെഴാത്തവൻ!

അവരിരുവരുമൊരുമിച്ചങ്ങനെ

നടന്നുവാ വൃന്ദാവനത്തിലൊക്കെയും!


തരുലതാദികൾ നിറഞ്ഞനവധി

സുഗന്ധവാഹിയാം കസുമരാജിയും

വടങ്ങൾ തൂങ്ങിടുമാൽമരങ്ങളും

കിളികൾ പാർത്തിടും നീഢജാലവും,


മധു നിറഞ്ഞിടും കുസുമവൃന്ദത്തെ

പരിക്രമിച്ചിടുമളികുലങ്ങളും

സരസ്സുകൾ, നദീതടങ്ങളും ഗിരി -

നിരമുടിയഴിഞ്ഞിടും പ്രപാതവും,


അവയ്ക്കിടയിലൂടതിപ്രസരിപ്പാർ -

ന്നവർ കുമാരക,രൊപ്പമാ  പൈക്കളും

കളിച്ചുമൊന്നിച്ചു രസിച്ചുമങ്ങനെ

പഠിച്ചു വിശ്വമഹാപാഠപുസ്തകം!


ഹരിമുരളിയൽ നിന്നുമേതദ്രിയു-

മലിയുമാ ഹൃദ്യനാദമൂറീടവേ 

പയ്യുകളും  പാൽ കറന്നിടുമംഗന-

മാരുമൊന്നായതിലലിഞ്ഞുപോയ് പ്രിയം!


മതി മറന്നാടിടും  മാമയിലുക-

ളാ വേണുമായയിൽ നിന്നുപോയ്  മാനുകൾ

മധുരിതം, യദുനന്ദനൻ  പൊൻമുള-

മുരളിയൂതുന്ന ബാലനാം മാന്ത്രികൻ!


.സകലപ്രാണിയുമാ  കൃഷ്ണകർഷണം-

കൊണ്ടുള്ളിൽ  ഭക്തിപൂണ്ടെന്തൊരതിശയം! 

കൺകളിലാനന്ദബാഷ്‌പം  പൊടിഞ്ഞിട്ട-

വരിന്ദ്രിയങ്ങളെയാകെ മറന്നുപോയ്!


 ശ്രീകൃഷ്ണപാദങ്ങള്‍ തന്നിലെ രേണുക്കള്‍ 

വീണൊരാ മണ്ണിലോരുദിനം പോകണം 

ചര്‍വ്വിതചര്‍വ്വണമാകും ചരിതങ്ങള്‍

നേരിട്ടുകാണുവാനുള്ളം കൊതിക്കുന്നു.


Tuesday, December 27, 2022

ഗോകുലസ്മരണ (കൃഷ്ണകാവ്യാർച്ചന.2)

 








"'"'





"തയിർക്കലം പൊട്ടിച്ചുവോ നീ മുകുന്ദാ?
തരുന്നുണ്ടടിയിന്നു നിൻ തുടമേലെ "
പിന്നാലെയമ്മ വരുന്നതു കണ്ടു
കണ്ണായവൻ, കണ്ണൻ, വികൃതിയിൽ മുമ്പൻ.

പെട്ടന്നുരൽപ്പുറത്തേറിയിരിപ്പായ്ച
ഞ്ചലനേത്രനാം യാദവബാലകൻ,
കണ്ണിൽക്കരിമഷിയ്‌ക്കൊപ്പം കലരും
കുറുമ്പുമായമ്മയെ നോക്കിച്ചിരിച്ചവൻ. 

അമ്മതൻ കയ്യിലെ ദണ്ഡു കണ്ടിട്ടവൻ
ചാടിയിറങ്ങിയോടുന്നുണ്ടു പിന്നെയും.
ചേലെഴും ചെന്താമരക്കണ്ണു രണ്ടും
തിരുമ്മിത്തിരിഞ്ഞൊന്നു നോക്കിക്കൊണ്ടമ്മയെ,

പിന്നെ,യമ്മയ്ക്കു പിടി കൊടുത്തങ്ങനെ
സംഭീതനെന്നു ഭാവിച്ചു നിൽക്കുന്നവൻ.
ശാസിച്ചിടുന്നു യശോദ, "കണ്ണാ നിന്നെ -
യീയുരൽതന്നിൽത്തളയ്ക്കുവതുണ്ടു ഞാൻ."

വിശ്വം മുഴുവൻ നിറഞ്ഞവനെക്കയർ-
കൊണ്ടു ബന്ധിക്കുവാനാർക്കു സാധിച്ചിടും!
അക്കണ്ണനെയുരലിൽ കയർ  കൊണ്ടമ്മ
ബന്ധിക്കുവാൻ ശ്രമിച്ചേറെത്തളർന്നുപോയ്!

രണ്ടംഗുലം കുറവെപ്പൊഴുമെത്രമേൽ
പാശഖണ്ഡങ്ങളെയൊന്നിച്ചു ചേർക്കിലും!
"ഈ വിധമമ്മയെകഷ്ടപ്പെടുത്തരു-
തെന്തൊരു മായയെൻ  വാസുദേവ ഹരേ!

പാശമെല്ലാം തീർന്നു വാശി മറന്നവ-
ളീശ്വരലീലകൾ കണ്ടമ്പരന്നുപോയ്!
ഗോപാലമായകൾ കണ്ടുചിരിച്ചിടും
ഗോപികൾക്കൊത്തു ചിരിച്ചൂ യശോദയും.

 ക്ലേശിച്ചുനിൽക്കും യശോദയെക്കണ്ടു
കൃപപൂണ്ടു നന്ദനൻ ബന്ധിതനായ് സ്വയം.
തൻമകനായതു നാരായണൻ പര-
നെന്നു ചിന്തിച്ചുകൊണ്ടാടൽ വെടിഞ്ഞവൾ.

വിശ്വനാഥൻ തന്നെ പുത്രനായീടിലു-
മമ്മതന്നുള്ളിലവൻ ചെറുബാലകൻ!
മാനുഷവേഷമെടുത്തുവെന്നാകില -
തീശ്വരനാകിലും കർമ്മമൊഴിയുമോ?!

കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ! 

Monday, December 26, 2022

ബാലം മുകുന്ദം മനസ്സാ സ്മരാമി (കൃഷ്ണകാവ്യാർച്ചന.1)

അരയാലേ നിന്നിലകൾ  
മർമ്മരമോടിളകുമ്പോൾ
അതിലോരോന്നിലുമോമൽ
മണിവർണ്ണൻതൻ രൂപം!

വിരലുണ്ടും ചെഞ്ചുണ്ടിൽ
വിടരും നറുചിരിപൂണ്ടും
യദുനന്ദനനെൻ ഹൃത്താം
പൊന്നാലിലയാട്ടുന്നു!

ഇലകൾ സുഖമന്ദാനില-
നോടൊത്തിളകും താളം
യമുനാനദിയായെന്നുൾ -
ത്തടമാകെയൊഴുകുന്നു.

വൃന്ദാവനവർണ്ണനകൾ
ചൊല്ലും ഗോപികളെപ്പോൽ
തരളം, കിലുകിൽനാദം
പൊഴിയും ദലസല്ലാപം!

കാൽവിരലുണ്ടരയാലില -
നടുവിൽ സുഖശയനം ചെ-
യ്തടരാതെൻ ചിത്തത്തിൽ
കളിയാടുക കാർവർണ്ണാ!

ഭവസാഗരവൃക്ഷത്തി -
ലൊരിലയാം മമ ജന്മത്താ-
ലിളകാത്തൊരു തല്പം തീർ-
ത്തതിൽ വാഴുക നീ കൃഷ്ണ!




Sunday, December 4, 2022

ഏകാദശി


 











ഗുരുവായൂരപ്പാ നിൻ കരുണാർദ്രനേത്രങ്ങൾ  

ച്യുതികൂടാതെൻ നേർക്കു നീട്ടേണമേ,   

നിറയുമീ സംസാരദുരിതങ്ങൾതൻ മദ്ധ്യേ 

നിലവിട്ടുപോകാതെ കാക്കേണമേ, 

ഗുരുവായൂരമരും നിൻ തിരുനാമമെന്നുമെൻ 

അധരങ്ങൾക്കമൃതായിട്ടണയേണമേ, 

അതിനൊപ്പമവിടുത്തേയകതാരിലടിയൻ്റെ 

നിറയുന്ന മിഴി രണ്ടും  പതിയേണമേ, 

അഴലിൻ്റെയലമാല വന്നാലുമിളകാതെ  

ഹൃദയത്തിൽ നീ വന്നു നിറയേണമേ, 

ഗുരുവായൂരപ്പാ, നിൻ ശരണാലയം തന്നി-

ലഭയത്തിനായ് വന്നു നിൽക്കുന്നു ഞാൻ, 

ഗുരുവായൂരുണ്ണിയായ് വാഴും മഹാവിഷ്ണു, 

ഗുരു,വായുമാരുമനുഗ്രഹിയ്ക്ക! 

കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ ജയ!

കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ!