Followers

Thursday, September 8, 2022

തുമ്പയുടെ തിരോധാനം

ഏവർക്കും തിരുവോണാശംസകൾ 

വർഷങ്ങൾക്കു ശേഷം നാട്ടിലൊരു ഓണക്കാലം കൂടാൻ  അവസരം ലഭിച്ചതിനാൽ  ഓണം വെറും സദ്യയിലൊതുക്കാതെ മുമ്പത്തെപ്പോലെ  ശരിയായ ചിട്ടവട്ടങ്ങളോടെ  ആചരിക്കാൻ ആഗ്രഹം തോന്നി.  അത്തം മുതൽക്ക് ഒമ്പതു ദിവസവും വീട്ടുമുറ്റത്തുള്ള പൂക്കൾകൊണ്ടുതന്നെ കളമിട്ടു.  പത്താംദിവസത്തെ ഒരുക്കങ്ങൾക്കായി തുമ്പയെ അന്വേഷിച്ചപ്പോഴാണ് നാട്ടിൽ  മരുന്നിനുപോലും തുമ്പച്ചെടിയില്ല എന്ന  സത്യം വേദനയോടെ അറിഞ്ഞത്. നമ്മുടെ മുറ്റത്തില്ലെങ്കിലും നമ്മുടെ ചുറ്റുവട്ടത്തുള്ള പുഴവക്കത്തുനിന്നോ, വഴിയരികിൽനിന്നോ, ധാരാളം പറമ്പുള്ള പരിചയക്കാരുടെ വീടുകളിൽനിന്നോ ഒക്കെ നമുക്കാവശ്യത്തിനുള്ള തുമ്പ കിട്ടിയിരുന്നു വർഷങ്ങൾക്കു  മുമ്പുവരെ. എന്നാൽ തുമ്പയ്ക്ക് ഇത്രമേൽ വംശനാശം സംഭവിച്ചു എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്.  പൂക്കടകളിലും പൂജാദ്രവ്യങ്ങൾ കിട്ടുന്ന കടകളിലും നീളെ നടന്നന്വേഷിച്ചു. എല്ലാവരും കൈ മലർത്തി. ചിലർ കിട്ടുവാൻ സാദ്ധ്യതയേയില്ലെന്നു പ്രഖ്യാപിച്ചു. മറ്റു ചിലർ ഏതോ അന്യഗ്രഹജീവിയെക്കണ്ടതുപോലെ 'ഇക്കാലത്തു തുമ്പയോ! ഭ്രാന്തുണ്ടോ' എന്ന മട്ടിൽ എന്നെ  അത്ഭുതത്തോടെ നോക്കി. അവസാനം ഒരു പൂക്കടക്കാരൻ മാത്രം ഒരു ചെറിയ പ്രതീക്ഷ നൽകി. "നോക്കട്ടെ, ഞാൻ ഉറപ്പു പറയുന്നില്ല. കിട്ടിയാൽ അറിയിക്കാം" എന്നു വാഗ്ദാനവും നൽകി. പിറ്റേ ദിവസം പൂക്കടക്കാരൻ വിളിച്ചു, "തുമ്പ എത്തിയിട്ടുണ്ട്. എത്ര കെട്ടു വേണം?" കെട്ടൊന്നിന് 100 രൂപ! ഒരു കെട്ടിൽ ഏഴെട്ടു കട തുമ്പയുണ്ടാകും. മറ്റേതോ ജില്ലയിൽ നിന്നു പറിച്ചുകൊണ്ടുവന്നതാണത്രേ. ആ തുമ്പച്ചെടികളെ  തൊഴിലുറപ്പുകാർക്കു കാണിച്ചുകൊടുക്കാതിരുന്ന   അന്നാട്ടുകാർക്കു നന്ദി. നടേതാണെന്നു പറയുന്നില്ല. അവിടുത്തെ അമൂല്യസസ്യങ്ങൾ ഇനിയും ആവശ്യക്കാർക്കുപകരിക്കട്ടെ.

ഞാനടക്കമുള്ള  മലയാളിയുടെ  ഇന്നത്തെ അവസ്ഥയാണ് മുകളിൽ പറഞ്ഞത്. ഓണക്കാലത്താണ് തുമ്പയ്ക്ക് ആവശ്യം കൂടുതലുള്ളതെങ്കിലും അല്ലാത്തപ്പോഴും ഉപകാരിയും വളരെയധികം  ഔഷധവീര്യങ്ങളുള്ളതുമായ   സസ്യമാണ് തുമ്പ എന്ന് ഏതു മലയാളിക്കും അറിയാത്തതല്ല. എന്നാലും മലയാളി അങ്ങനെയാണ്. 

ഔഷധച്ചെടികളാകട്ടെ, ഫലവൃക്ഷങ്ങളാകട്ടെ, എന്തും വിളയുന്ന പൊന്നുപോലുള്ള മണ്ണും അതിനുതകുന്ന കാലാവസ്ഥയും കനിഞ്ഞനുഗ്രഹിച്ച  സംസ്ഥാനമാണ് കേരളം. എന്നാൽ നമ്മൾ കേരളീയർ നമ്മുടെ  അശ്രദ്ധകൊണ്ടും നാട്ടിൽ ധാരാളമായി ലഭ്യമായവയോടുള്ള  അവഗണനകൊണ്ടും അതിനും  പുറമേ  പൂർവ്വികരുടെ അനുഭവസമ്പത്തിനോടുള്ള ഒരുതരം പരിഹാസം കലർന്ന അവിശ്വാസം കൊണ്ടും ആ  സൗഭാഗ്യങ്ങൾ പകുതിയിലധികവും  നശിപ്പിച്ചു.  കാലാവസ്ഥ ഇതിനോടകം നമ്മോടു കാലുഷ്യത്തിലായിക്കഴിഞ്ഞു. പുഴകളിൽ പലതും വറ്റി. എന്നിട്ടും ഈ മണ്ണ് ഇപ്പോഴും നമ്മളെ കൈവിട്ടിട്ടില്ല. ഭാഗ്യം കൊണ്ട് അതിലെ ജൈവവൈവിധ്യത്തിനും പൂർണ്ണമായി വംശനാശം സംഭവിച്ചിട്ടില്ല. പ്രകൃതിയെയും പ്രകൃതിസമ്പത്തുക്കളെയും ഒരിക്കലും ഉപയോഗിക്കാതിരുന്നതുകൊണ്ടോ പകരം കൃത്രിമവസ്തുക്കൾ ഉപയോഗിച്ചതുകൊണ്ടോ  അവ സംരക്ഷിക്കപ്പെടുമെന്ന മണ്ടൻ ആശയം അടുത്തകാലത്തു പൊന്തിവന്നതാണ്.  മര്യാദാമസൃണവും ഔചിത്യപൂർണ്ണവുമായ ഒരു കൊടുക്കൽ വാങ്ങൽ സംസ്ക്കാരമാണ് നമ്മുടെ പൂർവ്വികരും പ്രകൃതിയും തമ്മിൽ ഉണ്ടായിരുന്നത്. ആ വിവേകമാണ് നമുക്ക് കൈമോശം വന്നിരിക്കുന്നത്. അതു തുമ്പച്ചെടിയുടെ കാര്യത്തിൽ മാത്രമല്ല, നമ്മുടെ അദ്ധ്വാനമേതുമില്ലാതെതന്നെ നമുക്ക് ലഭ്യമായ  സർവ്വ  അനുഗ്രഗങ്ങളോടും, അതിലൊരുപങ്ക്  ഒട്ടും കുറയാതെ  ലഭിക്കേണ്ടവരായ വരുംതലമുറകളോടും അതേ  മൗഢ്യത്തോടെ  നാം ഈ ഉത്തരവാദിത്തമില്ലായ്മ തുടരുകയും ചെയ്യുന്നു. 

 ആറുകെട്ടു തുമ്പ അറുനൂറു രൂപ കൊടുത്ത് വാങ്ങുമ്പോൾ പൂക്കടക്കാരനോട് അൽപ്പം പോലും പേശിനോക്കാമെന്നു  തോന്നിയില്ല. ആ പൂക്കടക്കാരൻ പറഞ്ഞയച്ചിട്ടാണല്ലോ   ആ പെരുമഴയത്ത് പല വഴിയും  തോടും പറമ്പുമെല്ലാം താണ്ടി തുമ്പയുള്ളയിടം കണ്ടുപിടിച്ച് ഒരാൾ കെട്ടുകണക്കിന് തുമ്പ കൊണ്ടുവന്നു തിരുവോണം കൊള്ളാൻ ആഗ്രഹിച്ചവർക്ക് കൃത്യമായി വിതരണം ചെയ്തത്. ആ പരിശ്രമത്തെ മാനിക്കുന്നു.

ഏട്ടിലെ പശു പുല്ലു തിന്നില്ല. പ്രവർത്തിയാണാവശ്യം.
അതിനാൽ തുമ്പയെത്തേടിയുള്ള അലച്ചിൽ  
ഇനിയൊരോണക്കാലത്തുമുണ്ടാവാതിരിക്കട്ടെ എന്ന ആഗ്രഹത്താൽ  ഓരോ തുമ്പച്ചെടിയുടെയും തണ്ട് കളത്തിലിടാൻ മുറിച്ചുമാറ്റിവച്ചശേഷം കടഭാഗം  മണ്ണിൽ നട്ടുവച്ചു. അടുത്ത തിരുവോണവും  നാട്ടിലാഘോഷിക്കാൻ ഭാഗ്യമുണ്ടായാൽ അതിനാവശ്യമുള്ള തുമ്പചെടികൾ  വീട്ടുവളപ്പിൽനിന്നുതന്നെ ലഭിക്കാനിടവരണമെന്നാണ് സങ്കല്പം. 

തുമ്പയുടെ  തിരോധാനത്തെക്കുറിച്ചാണ് ഈ കവിത. കുട്ടികൾക്കുകൂടി വേണ്ടിയെഴുതിയ കവിത. ഈ കവിതയ്ക്ക് ആമുഖമായിട്ടാണ് ഇത്രയും പറഞ്ഞതും. 

ഒരിക്കൽക്കൂടി എല്ലാവർക്കും  തിരുവോണാശംസകൾ. 




മലയാളി:  

തുമ്പയെക്കണ്ടവരുണ്ടോ?

നാട്ടുവെണ്മയെകണ്ടവരുണ്ടോ?

ഈ മലനാടിൻറെ പുത്രി, 

അവൾ നിന്നിരുന്നെൻതൊടി നീളെ.  

വെൺനിലാത്തുണ്ടുകൾ ചാർത്തി  

നിന്നു പാടവരമ്പുകൾ തോറും  

ആറ്റിറമ്പിൽക്കണ്ടു പിന്നെ, 

നാട്ടിലമ്പലമുറ്റത്തുമേറെ,

നിർഭയം നിൽക്കുമവളെ- 

ക്കണ്ടു നാട്ടുവഴികളിലെങ്ങും.

എങ്ങുമിന്നില്ലവൾ, കണ്ടോ? 

എൻ്റെ മാതേവരേ, പറയാമോ?

തൃക്കാക്കരത്തേവരല്ലേ,

നിനക്കുണ്ടാമറിവതു ചൊല്ലൂ. 

 

മാതേവർ: 

ഇത്രനാളെങ്ങുപോ,യിപ്പോൾ 

നാട്യമെന്തിനു, ലജ്ജയുമില്ലേ?  

നാടിൻറെ നന്മകളെല്ലാം 

പാടെയാട്ടിക്കളഞ്ഞിട്ടു നിങ്ങൾ 

വന്നിരിക്കുന്നുവോ ക്ഷിപ്ര-

സ്വാർത്ഥകാര്യസാദ്ധ്യത്തിനായിപ്പോൾ? 

    

തുമ്പ, മുക്കുറ്റി, കയ്യോന്നി,      

തഴുതാമ, കീഴാർനെല്ലി, ബ്രഹ്മി, 

മുത്തങ്ങ, പിന്നെപ്പുളിയാറില,

കറുക, കച്ചോലം, മുയൽച്ചെവിയൻ... 

ഒക്കെയുമേറെയീ മണ്ണിൽ   

എത്ര സ്വൈര്യമായ് നിന്നിമ്പമോടെ! 

ആർത്തിയില്ലാഞ്ഞൊരു കാലം, 

ആർക്കുമാരോഗ്യമുണ്ടായ കാലം! 

ഓർമ്മയുണ്ടാകണമാർക്കും, 

അല്പം നാണവും തോന്നുക വേണം.



നാട്ടുവഴിനീളെയിപ്പോൾ 

കാഴ്ചയെന്നും തൊഴിലുറപ്പല്ലോ!

ചെത്തിമിനുക്കിമിനുക്കി-

യൊരൊറ്റമൂലിത്തുമ്പു പോലും 

കണ്ടുകിട്ടാനില്ല സത്യം!

തല പൊന്തിയാൽ വെട്ടിനിരത്തും.

 

കുട്ടികൾ തൻ തിരോധാനം 

പോലുമാരുമോർക്കാത്തൊരു നാട്ടിൽ 

തുമ്പയെയാരോർത്തിരിക്കാ-

നവൾക്കില്ല വശീമന്ത്രസിദ്ധി!



സംസ്ക്കാരസമ്പത്തിനേക്കാൾ 

പ്രിയം നിങ്ങൾക്കു സംസാരമെന്നും.

സസ്യശാസ്ത്രം വളർന്നത്രേ, 

ഹരിതവിപ്ലവം പൂക്കുന്നുവത്രേ! 

ഓടിട്ടുതീർന്നുവോ മുറ്റം? 

ചെളി പറ്റാത്ത  പാദം മിനുത്തോ?  

കാവും കുളവും തെളിച്ചോ?

കൂടെ നാട്ടുമരങ്ങൾ മുറിച്ചോ?

കാടുണക്കാൻ നടപ്പില്ലേ 

പൊടിക്കൈകളുമായ്പ്പലർ നാട്ടിൽ?

എന്നിട്ടു നിർലജ്ജരായി 

വന്നുനിൽക്കുന്നു തുമ്പയെക്കാണാൻ! 



ഉണ്ടവളെൻറെയരികിൽ 

നല്ല വെണ്മതൻ  പാലാഴിയായി. 

നല്ലവർതൻ  ഗൃഹംതന്നിൽ. 

വന്നുകൂടുമുപദ്രവിക്കാഞ്ഞാൽ.

ചെത്തിപ്പുറത്താക്കിടല്ലേ, 

ഇവളൈശ്വര്യമീ നാടിനെന്നും!

തുമ്പയില്ലാതെന്തു ചന്തം, 

തിരുവോണത്തിനാവണി നാളിൽ?

          ആർപ്പുവിളികൾക്കിടയിൽ  

         ചേർക്ക വീണ്ടുവിചാരമൊരല്പം.