Followers

Tuesday, June 7, 2022

കുതിരമാളികക്കൊട്ടാരം: ഒരു സന്ദർശനക്കുറിപ്പ്



തിരുവിതാംകൂർ മഹാരാജാവും സകലകലാവല്ലഭനും ശാസ്ത്രസാഹിത്യതല്പരനും തിരുവിതാംകൂറിൽ നടപ്പിലായ ജനോപകാരപ്രദമായ അനേകം ഭരണപരിഷ്ക്കാരങ്ങളുടെ   നേതൃസ്ഥാനീയനുമായ സ്വാതി തിരുനാൾ രാമവർമ്മത്തമ്പുരാൻ 1842-1846 കാലഘട്ടത്തിൽ പണി കഴിപ്പിച്ചതാണ്  കുതിര മാളികക്കൊട്ടാരം  അഥവാ പുത്തൻ മാളികക്കൊട്ടാരം.   

 സ്വാതിതിരുനാൾമഹാരാജാവിൻ്റെ ഭരണകാലത്ത് രാജ്യം നാനാവിധകലകളുടെ വളർച്ചയ്ക്കും ശാസ്ത്രസാങ്കേതിക പുരോഗതിയ്ക്കും സാക്ഷ്യം വഹിച്ചു. സംഗീതത്തിൻ്റെയും    നൃത്തത്തിൻ്റെയും സുവർണ്ണ കാലഘട്ടമായിരുന്നു സ്വാതിതിരുനാൾ മഹാരാജാവിൻ്റെ ഭരണകാലം. എന്നാൽ അസുഖബാധിതനായി മുപ്പത്തിമൂന്നാംവയസ്സിൽ ദിവംഗതനായതിനാൽ  ഏറെ ആഗ്രഹിച്ചു പണി കഴിപ്പിച്ച ആ കൊട്ടാരത്തിൽ സ്വാതിതിരുനാൾത്തമ്പുരാന് ഒന്നരക്കൊല്ലക്കാലമേ ജീവിക്കുവാനായുള്ളൂ. ഇഷ്ടജനങ്ങളുടെ അടുപ്പിച്ചുള്ള വേർപാടും, ബ്രിട്ടീഷ് അധിനിവേശം മൂലം  ഭരണരംഗത്ത് ഏറിവന്ന കൈകടത്തലുകളും  അസ്വാരസ്യങ്ങളും അവസാനകാലത്ത് അദ്ദേഹത്തിന് ഏറെ മനഃക്ലേശമുണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു. 

ശില്പഭംഗിയും തച്ചുശാസ്ത്രവൈദഗ്ദ്ധ്യവും ഒത്തുചേർന്ന കുതിരമാളിക ഇന്ന്  രാജഭരണകാലത്തെക്കുറിച്ച് പൊതുജനത്തിന് അറിവുകൾ പകർന്നു നൽകുന്ന മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു. 

വിശാലമായ അനേകം മുറികളും തളങ്ങളും ഇടനാഴികളുമെല്ലാം നിറഞ്ഞ കുതിരമാളികയിലൂടെ നടക്കുമ്പോൾ കലോപാസകനായിരുന്ന സ്വാതിതിരുനാൾമഹാരാജാവ് ഭരിച്ചിരുന്ന  തിരുവിതാംകൂറിൻ്റെ ആ സുവർണ്ണകാലം നമ്മുടെ മനോമുകുരത്തിൽ തെളിഞ്ഞുവരും.
കണ്ണടച്ചുചെവിയോർത്താൽ സ്വാതിതിരുനാൾപ്പദങ്ങളും അതിനൊപ്പിച്ചുള്ള ചിലങ്കയുടെ ധ്വനിയുമെല്ലാം കലാസ്വാദകരായ സന്ദർശകരുടെ ഉള്ളിൽ ഉണരും. സ്വാതിതിരുനാൾ ഇരുന്നരുളിയിരുന്ന  ഔഷധസിദ്ധിയുള്ള തടികളാൽ നിർമ്മിച്ച  ഒരു ചപ്രമഞ്ചം കൊട്ടാരത്തിലെ നൃത്തമണ്ഡപത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 

കൂടുതലും ഈട്ടി, തേക്ക് എന്നീ തടികൾ ഉപയോഗിച്ചു പണിതിരിക്കുന്ന ഈ കൊട്ടാരത്തിൻ്റെ മുൻഭാഗം തെക്കു ദർശനമായി പണിഞ്ഞിരിക്കന്നു. നിലം മാർബിളും ഗ്രാനൈറ്റും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു. പഴയകാലത്തെ മിനുസമേറിയ കരിനിലവും ധാരാളമായി കാണാം. 
മുൻവശത്തെ മേൽക്കൂര താങ്ങുന്ന കഴുക്കോലുകൾക്കു തൊട്ടുകീഴെ, പുറത്തുനിന്നു നോക്കിയാൽ കാണാവുന്ന വിധത്തിൽ മുൻകാലുകൾ ഉയർത്തി കുതിച്ചുപായാനാഞ്ഞുനിൽക്കുന്ന അതിമനോഹരങ്ങളായ നൂറ്റിയിരുപത്തിരണ്ടു കുതിരകളെ നിരയായി കൊത്തി വച്ചിരിക്കുന്നു. കൊട്ടാരത്തിൻ്റെ മുൻവശം  അലങ്കരിക്കുന്ന  ഈ കുതിരകളുടെ സാന്നിദ്ധ്യം മൂലമാണ് കൊട്ടാരം കുതിരമാളിക എന്നറിയപ്പെടുന്നത്.

 എൺപതോളം  മുറികളുള്ളതിൽ ഏകദേശം ഇരുപതു മുറികളാണ് പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി അനുവദിച്ചിട്ടുള്ളത്. നൃത്തമണ്ഡപത്തിൻ്റെ അടുത്തായിത്തന്നെ ഒരു ധ്യാനമണ്ഡപവും കാണാം. ആ മുറിയിൽ നിന്നും തുറക്കാവുന്ന ഒരു കിളിവാതിൽ നേരെ ചെന്നെത്തുക ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്കാണത്രെ. സ്വാതിതിരുനാൾ മഹാരാജാവ് ക്ഷേത്രദർശനത്തിനായി ഉപയോഗിച്ചിരുന്ന മാർഗ്ഗമായിരുന്നു അതെന്നു പറയപ്പെടുന്നു.  

പണ്ഡിതസഭയായി ഉപയോഗിച്ചിരുന്ന മറ്റൊരു മുറിയും കാണാം. മുറികളുടെയെല്ലാം മച്ചിലെ കൊത്തുപണികൾ അതിസൂഷ്മവും അതീവവൈദഗ്ദ്ധ്യമുള്ള കൈകളാൽ രചിക്കപ്പെട്ടവയുമാണ്. കൊട്ടാരത്തിനു വെളിയിൽ കൊത്തുപണികളുള്ള  ഒറ്റക്കൽത്തൂണുകളാൽ അലംകൃതമായ ചുറ്റുവരാന്തയുണ്ട്. വരാന്തയുടെ മച്ചും മുഖപ്പുമെല്ലാം പരമ്പരാഗതകേരളീയവാസ്തുകലയുടെ ഉത്തമ മാതൃകയാണ്.      

മരത്തിൽ കൊത്തി, ജൈവനിറങ്ങൾ ഉപയോഗിച്ചു സുന്ദരമാക്കിയ കഥകളിവേഷങ്ങളുടെ അതികായപ്രതിമകൾ, പഴയകാലതിരുവിതാംകൂർ രാജാക്കൻമാരുടെ ആനകൾ ചരിഞ്ഞപ്പോൾ അവയുടെ ഓർമ്മയ്ക്കായി എടുത്തു സൂക്ഷിച്ച കൊമ്പുകൾ, വിവധ കാലഘട്ടങ്ങളിലെ യുദ്ധോപകരണങ്ങൾ, ദന്തശില്പങ്ങൾ , രാജസിംഹാസനങ്ങൾ, തിരുവിതാംകൂർ രാജവംശത്തിൽപ്പെട്ടവരുടെ ച്ഛായാചിത്രങ്ങളും വിവരണങ്ങളും, പഞ്ചലോഹവിഗ്രഹങ്ങൾ,  സ്ഫടിക നിർമ്മിതമായ തൂക്കുവിളക്കുകൾ, ചുമരിൻ്റെ വലിപ്പത്തിലുള്ള പുരാതനമായ കണ്ണാടികൾ, തിരുവിതാംകൂർ ഭരിച്ച വിവിധ രാജാക്കന്മാരുടെ  കാലത്ത് കൊട്ടാരം സന്ദർശിച്ച പ്രശസ്തവ്യക്തികളിൽ നിന്നു ലഭിച്ച വില പിടിപ്പുള്ള ഉപഹാരങ്ങൾ... എന്നു വേണ്ട, തിരുവിതാംകൂർ രാജവംശത്തെക്കുറിച്ചറിവേകുന്ന അനേകം ചരിത്രവസ്തുക്കളും വസ്തുതകളും ഇവിടം സന്ദർശിച്ചാൽ നമുക്ക് കാണാനും മനസ്സിലാക്കാനുമാകും. 

കൊട്ടാരത്തിൻ്റെ താഴത്തെ നിലയിലെ  ഒരു ഭാഗം ചിത്രാലയമായി പ്രവർത്തിക്കുന്നു.  തിരുവിതാംകൂർ രാജവംശകാലത്തെ സംഭവവികാസങ്ങൾ പകർത്തിയ  അപൂർവ്വ ഫോട്ടോകളും പെയ്ൻ്റിംഗുകളും മറ്റും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. 

സ്വാതിതിരുനാൾ മഹാരാജാവിൻ്റെ ഓർമ്മയ്ക്കായി  എല്ലാ വർഷവും  ജനുവരി 6 മുതൽ 12 വരെ ഈ കൊട്ടാരത്തിൽ സ്വാതിതിരുനാൾ സംഗീതോത്സവം  സംഘടിപ്പിച്ചുവരുന്നു.
  
നമ്മുടെ നാടിനെയും നാട്ടുചരിത്രത്തെയും  അടുത്തറിയുവാനുള്ള ഓരോ  അവസരവും ഏവർക്കും വിനിയോഗിക്കാനാവട്ടെ. നാടിൻ്റെ തനതുസംസ്കാരം കാലകേളികളിൽപ്പെട്ടു  വളച്ചൊടിയ്ക്കപ്പെടാതെ സത്യസന്ധമായി തലമുറകൾക്കു കൈമാറാൻ കെല്പുള്ള, മഹാനിർമ്മിതികൾ ഈ നാടിനെന്നും കാവലാകട്ടെ.

Date of Visit: 02/0/2022