നമ്മുടെ ന്യായാധിപന്മാരൊക്കെ ഇപ്പോൾ ഓസ്കാർ വൈൽഡിനു പഠിക്കുകയാണെന്നു തോന്നുന്നു. വിധിയും വിധികർത്താവും മാറിയാലും ഓസ്കാർ വൈൽഡ് ഉദ്ധരണി സ്ഥാനത്തും അസ്ഥാനത്തും നിർബന്ധം! കഴിഞ്ഞ ദിവസം മറ്റൊരു ജഡ്ജിയും കോടതിയിൽ ഓസ്കാർ വൈൽഡിനെ ഉദ്ധരിച്ചതായി നമ്മൾ കേട്ടതാണല്ലോ.
ഇന്ത്യൻ പീനൽ കോഡിനും ഇന്ത്യൻ ഭരണഘടനയ്ക്കും കേസുമായി ബന്ധപ്പെട്ട ആധികാരികരേഖകൾക്കുമെല്ലാംപകരം ഇപ്പോൾ ചില ഇന്ത്യൻ ന്യായാധിപന്മാർ പാശ്ചാത്യസാഹിത്യകാരന്മാരുടെ വരികളെയാണ് വിധിനിർണ്ണയത്തിന് ആശ്രയിക്കുന്നത് എന്നാണോ ഇതിൽനിന്നും മനസ്സിലാക്കേണ്ടത്?
നാലു വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ റേപ്പ് ചെയ്തുകൊന്ന കേസിലെ പ്രതിയായ മുഹമ്മദ് ഫിറോസിന് മദ്ധ്യപ്രദേശ് ഹൈക്കോടതി വധശിക്ഷ വിധിച്ചു. അതിനെതിരെ പ്രതി നൽകിയ അപ്പീലിൻ്റെ വിധിയിൽ വധശിക്ഷ റദ്ദു ചെയ്ത് പ്രതിയ്ക്കുള്ള ശിക്ഷ ഇരുപതു കൊല്ലത്തെ കഠിനതടവായി ഇളവു ചെയ്ത വിധിപ്രസ്താവത്തിൽ സുപ്രീകോടതി ജസ്റ്റിസ്മാരായ യു. യു. ലളിത്, എസ് . രവീന്ദ്രഭട്ട്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇപ്രകാരം പറഞ്ഞുവത്രേ:
“... Since, Section 376A IPC is also applicable to the facts of the case, considering the gravity and seriousness of the offence, the sentence of imprisonment for the remainder of appellant’s natural life would have been an appropriate sentence, however, we are reminded of what Oscar Wilde has said – “The only difference between the saint and the sinner is that every saint has a past and every sinner has a future”.
“...One of the basic principles of restorative justice as developed by this Court over the years, also is to give an opportunity to the offender to repair the damage caused, and to become a socially useful individual, when he is released from the jail. The maximum punishment prescribed may not always be the determinative factor for repairing the crippled psyche of the offender.”
ഇതിൽ ബേല എം. ത്രിവേദിയെന്ന (ബേല മാധുര്യ ത്രിവേദി) സ്ത്രീന്യായാധിപയാണ് ഓസ്കാർ വൈൽഡിൻ്റെ മനുഷ്യത്വമൂറുന്ന ആ ഉദ്ധരണി, റേപ്പിനും കൊലപാതകത്തിനും ഇരയായി പാസ്റ്റും ഫൃൂച്ചറും പ്രസൻറും ഒക്കെ ഒറ്റയടിയ്ക്കില്ലാതാക്കപ്പെട്ട നാലുവയസ്സുകാരിയുടെ മരണത്തിനുത്തരവാദിയായ പ്രതിയുടെ വധശിക്ഷ തിരുത്തുന്നതിനുള്ള ന്യായമായി എടുത്തുകാട്ടിയത് എന്നാണ് മനസ്സിലാക്കുന്നത്.
തങ്ങളുടെ കുഞ്ഞുമകളെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതി ഇരുപതുകൊല്ലം കഴിഞ്ഞ് (ഒരുപക്ഷെ, ഇതുപോലുള്ള 'വൈൽഡ് ആരാധകർ' കനിഞ്ഞാൽ അതിനു മുമ്പും) മഹാനല്ലവനായി സമൂഹത്തിൽ ഓടിനടന്നു കണ്ണിൽക്കാണുന്ന കുഞ്ഞുങ്ങളെയൊക്കെ പിടിച്ചോമനിച്ച്, പണ്ട് താൻ ഒരു കുഞ്ഞിനും കുടുംബത്തിനും വരുത്തിവച്ച നഷ്ടം നികത്തി സമൂഹത്തിന് ഉപകാരിയായിമാറുന്ന "future" കാഴ്ച മനസ്സിൽ വിഭാവനം ചെയ്ത് ആ നാലുവയസ്സുകാരിയുടെ മാതാപിതാക്കൾ കോടതിമുറിയിലിരുന്ന് ആനന്ദാശ്രു പൊഴിച്ചുകാണണം! ഇരിക്കട്ടെ ഈ ബെഞ്ചിൻ്റെ മനുഷ്യത്വത്തിനും അതിനു പ്രേരകമായ ഓസ്കാർ വൈൽഡിനും ഒരു കുതിരപ്പവൻ അല്ലേ?!
ഇത്തരത്തിൽ കൊല്ലപ്പെട്ടവർക്കും ഇനി കൊല്ലപ്പെട്ടേക്കാവുന്നവർക്കും നിഷേധിക്കപ്പെടുന്ന നീതി, ഭാവി തുടങ്ങിയവയേക്കാൾ കൊന്നവൻ്റെ ഭാവി എന്തുവിലകൊടുത്തും സുന്ദരമാക്കാൻ വെമ്പുന്ന ഒരു വല്ലാത്ത ന്യായാധിപചിന്താഗതിയും അതു പ്രകടിപ്പിക്കാൻ അവർ നടത്തുന്ന പ്രസ്‍താവനകളും നമ്മുടെസാമൂഹികാന്തരീക്ഷത്തെ കുറച്ചൊന്നുമല്ല അപകടത്തിലാക്കുന്നത്.
വിശുദ്ധരായവർക്കെല്ലാം അത്ര വിശുദ്ധമല്ലാത്ത ഒരു കഴിഞ്ഞകാലം ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിന് ഭീഷണിയാകാത്തിടത്തോളം അതാരും ഗൗരവമേറിയ ഒരു ചർച്ചാവിഷയമായിക്കരുതാറില്ല. അതുപോലെത്ത ന്നെ ഭാവിയിൽ വിശുദ്ധനായേക്കാമെന്ന പരിഗണനയിൽ ഇന്നൊരു കുറ്റവാളി ചെയ്ത കുറ്റകൃത്യത്തിനുള്ള ശിക്ഷ വിവേകമുള്ള ഒരു ന്യായാധിപനും ഇളവു ചെയ്യുമെന്നും തോന്നുന്നില്ല എന്നതാണ് പുതുന്യായാധിപന്മാരുടെ ഈ ഉദ്ധരണിപ്രേമം കാണുമ്പോൾ മനസ്സിൽ തോന്നുന്നത്.
നീതിയെയും ധർമ്മത്തെയും കുറിച്ചുള്ള നമ്മുടെ ആചാര്യന്മാരുടെ പതിവുവചനങ്ങളൊന്നും തങ്ങൾ മാനിക്കില്ലെന്നത് കുറച്ചുകൂടി ആലങ്കാരികമായി പ്രഖ്യാപിക്കണമെന്നേ ഉദ്ദേശിച്ചുള്ളൂ എന്നു തോന്നുന്നു അവർ ഓസ്കാർ വൈൽഡിൻ്റെ "every saint has a past..." എന്ന വരി ഉദ്ധരിച്ചതിലൂടെ. അല്ലാതെ "...every sinner has a future" എന്നതിന് ഇക്കൂട്ടർക്ക് എന്തുറപ്പാണു തരാനാവുക?
തീർന്നില്ല, ഈ കേസിനെക്കുറിച്ചുള്ള കോടതിയുടെ ഒരു നിരീക്ഷണം കൂടി വായിച്ചാലേ ഈ വിധി പുറപ്പെടുവിച്ച ബെഞ്ചിൻ്റെ അത്യപൂർവ്വമായ ഹൃദയവിശാലത മനസ്സിലാവൂ.
“As demonstrated earlier, once again one of the most barbaric and ugly human faces has surfaced. A tiny bud like girl was smothered by the appellant before she could blossom in this world. The monstrous acts of the appellant suffocated the victim to such an extent that she had no option but to leave this world. Once again, all the Constitutional guarantees have failed to protect the victim from the clutches of the demonizing acts of the appellant.”
“In the opinion of the Court, any sympathy shown to the appellant would lead to miscarriage of justice. However, it has been brought to the notice of this Court that in series of judgements, this Court has not treated such case as the rarest of rare case.”
അതായതുത്തമാ, പ്രതി ചെയ്ത കുറ്റകൃത്യം അതിക്രൂരവും പൈശാചികവും ഹീനവും നിന്ദ്യവും ദാരുണവുമൊക്കെത്തന്നെയാണെന്നു ഞങ്ങളും സമ്മതിക്കുന്നു, എന്നിരുന്നാലും ഇതത്ര "അപൂർവ്വങ്ങളിൽ അപൂർവ്വമായ" കേസെന്നൊന്നും പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് തൽക്കാലം പ്രതിയ്ക്കു വധശിക്ഷ വേണ്ട, ജയിൽമുറിയിൽ കിടത്തി സമീകൃതാഹാരമൊക്കെ കൊടുത്തൂട്ടിയുറക്കി സമൂഹത്തിൻ്റെ ഭാവിവാഗ്ദാനമാക്കിമാറ്റി ഒരിരുപതുകൊല്ലത്തിനുശേഷം തുറന്നുവിട്ടോളാൻ!
കുറ്റകൃത്യം ചെയ്തുവെന്നതിനു വേണ്ടത്ര തെളിവില്ലാത്തതിനാൽ പ്രതിയെ വെറുതെ വിടുന്നു എന്ന് ഒരു പരമാധികാരകോടതി അസന്നിഗ്ദ്ധമായി വിധിച്ചാൽ അതിനൊരു മാന്യതയുണ്ട്. ഇതങ്ങനെയല്ല. പ്രതി കുറ്റം ചെയ്തു എന്നത് തെളിഞ്ഞു. കുറ്റകൃത്യം ഹീന മാണ് എന്നു ബോധ്യവുമുണ്ട് എന്നാലും കുറ്റകൃത്യത്തിന് അത്ര അപൂർവ്വതയൊന്നുമില്ലെന്നതാണ് ന്യായീകരണം!
ഇതിൽനിന്നു നാമെന്തു മനസ്സിലാക്കണം? പരമാധികാരം കയ്യാളുന്ന നമ്മുടെ ന്യായാധിപന്മാർ കൂടുതൽ പുതുമയുള്ള കുറ്റകൃത്യങ്ങൾക്കായി കാത്തിരിക്കുന്നുവെന്നോ? കുറ്റകൃത്യത്തിൻ്റെ അപൂർവ്വതയെന്നതുകൊണ്ട് അതിൻ്റെ തീവ്രതയും പൈശാചികതയുംതന്നെയാണല്ലോ അവർ ഉദ്ദേശിച്ചിരിക്കുക. അവിടെത്തന്നെയാണു പന്തികേട്.
കൂടുതൽ അപൂർവ്വതയുള്ള കേസുകൾ കാത്തിരിക്കുന്ന ഇത്തരം ബെഞ്ചുകൾക്ക് കുറ്റവാളികളുടെ ശോഭനമായ ഭാവിയിൽ മാത്രമേ വേവലാതിയുള്ളൂ എന്ന് വരുമോ? ഇത്രയും ഹീനമായ ഒരു കുറ്റകൃത്യത്തിനുപോലും അപൂർവത പോരാ എന്ന പേരിൽ ഒന്നാംപ്രതിയുടെ ശിക്ഷ ഇളവു ചെയ്യുമ്പോൾ അതു സമൂഹത്തിലെ കുറ്റവാസനയുള്ളവർക്ക് നൽകുന്ന തെറ്റായ സന്ദേശത്തിൻ്റെ വ്യാപ്തി സിമൻറുബെഞ്ചുകൾക്കുപോലും ഈ കാലില്ലാബെഞ്ചുകളേക്കാൾ നന്നായി മനസ്സിലായേക്കും.
അല്ലെങ്കിലും കലികാലത്ത് ധർമ്മം ഒറ്റക്കാലിലാണു നടക്കുക എന്നാണല്ലോ പറയുക. തപസ്സ്, ദയ, ശൗചം, സത്യം എന്നീ നാലു കാലുകളിലാണ് ധർമ്മം നിലനിൽക്കുന്നത്. അതിൽ സത്യമൊഴികെയുള്ള മൂന്നുകാലുകളും അഴിഞ്ഞാടുന്ന കലി തകർത്തുകഴിഞ്ഞു. സത്യം എന്ന ശോഷിച്ചുശേഷിച്ച ഒറ്റക്കാലുകൂടി തകർത്താൽ ധർമ്മനാശം പൂർത്തിയാവും. അതുണ്ടാവാതിരിക്കട്ടെ.
ജനങ്ങളുടെ അവസാനപ്രതീക്ഷയായ സത്യവ്രതരും ധർമ്മിഷ്ഠരുമായ ന്യായാധിപന്മാർക്കു വംശനാശം സംഭവികാതിരിക്കട്ടെ. ധർമ്മസംസ്ഥാപനമെന്ന പ്രതീക്ഷയുടെ നേർത്ത തിരി കെടാതിരിക്കട്ടെ. ഈ കലികാലത്തു ധർമ്മം ഒറ്റക്കാലിലെങ്കിലും നടന്നോട്ടെ.
മദ്ധ്യപ്രദേശിലെ ഏതോ കൊച്ചുഗ്രാമത്തിത്തിലെ വീടിൻ്റെ മുറ്റത്തു തൻ്റെ സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഒരു നാലുവയസ്സുകാരി ഇപ്പോൾ അവിചാരിതമായി എത്തപ്പെട്ട സ്വർഗ്ഗത്തിലിരുന്ന് ഓസ്കാർ വൈൽഡിനോട് താനാദ്യമായി കേൾക്കാനിടവന്ന ഉദ്ദരണിയുടെ അർത്ഥമെന്തെന്നും അതിനു തന്നെ കൊന്നവനുമായി എന്തു ബന്ധമെന്നും ചോദിക്കുന്നുണ്ടാവണം!
കുഞ്ഞേ, നീ മാത്രമല്ല, ഇവിടെ ജീവിച്ചിരിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ഈ ഉദ്ധരണി ഈ ന്യായാധിപന്മാർ പറയുമ്പോഴാണ് ആദ്യമായി കേൾക്കുന്നത്. പണ്ഡിതരാണവർ! നമ്മളെന്തറിഞ്ഞു?!
വൽക്കഷ്ണം: നമ്മുടെ കേരളത്തിൽ നാലഞ്ചുകൊല്ലമായിട്ടും മാദ്ധ്യമകോടതികൾ ചൂടാറാതെ സൂക്ഷിച്ചുകൊണ്ടുനടക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരേയൊരു പീഡനക്കേസുണ്ടല്ലോ എന്നു ഈ വിധിയുടെ പശ്ചാത്തലത്തിൽ വെറുതെ ഒന്നോർത്തുപോയി.
Read news in connection with the post