ഫാൽഗുനപ്പൗർണ്ണമിപ്പാൽ നുണഞ്ഞാർദ്രമാ-
മോർമ്മകൾ പങ്കിട്ടു യാത്രയായീടുന്നു
ശീതശിശിരർത്തു നേർത്തൊരു തെന്നലായ്.
മഞ്ഞിൻ പുതപ്പു മടക്കുന്നു യാമിനി.
ദക്ഷിണായനം എന്നാൽ സൂര്യൻറെ തെക്ക് ദിശയിലേക്കുള്ള യാത്ര. സൂര്യൻറെ ഉത്തരായനവും ദക്ഷിണായനവും ഇട മുറിയാതെ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. ജനിച്ചു വീണ നിമിഷം മുതൽ മനുഷ്യനും യാത്രയിലാണ്. നേടി എന്ന അഹങ്കാരവും പോര എന്ന അതൃപ്തിയുമായി, മോഹിപ്പിക്കുന്ന മായാമരീചികയ്ക്കു പിന്നാലെ മനുഷ്യൻറെ തെക്കോട്ടുള്ള യാത്ര. മായയിൽ നിന്ന് പരമ സത്യത്തിലേയ്ക്ക്... മരണമെന്ന പരമ സത്യമാകുന്ന മരുപ്പച്ചയിലേയ്ക്ക്...A Journey From Mirage To Oasis...
ഫാൽഗുനപ്പൗർണ്ണമിപ്പാൽ നുണഞ്ഞാർദ്രമാ-
മോർമ്മകൾ പങ്കിട്ടു യാത്രയായീടുന്നു
ശീതശിശിരർത്തു നേർത്തൊരു തെന്നലായ്.
മഞ്ഞിൻ പുതപ്പു മടക്കുന്നു യാമിനി.
കുംഭമാസത്തിലെയശ്വതീനക്ഷത്ര - ജാതനാം പൂന്താനഭാനുവിൻ രശ്മികൾ ഭക്തിതന്നൌഷധപ്പൂന്തേനിരിയ്ക്കുന്ന ശ്രീകുംഭമായ് മാറ്റിയെൻ മാതൃഭാഷയെ! കുംഭത്തിനുള്ളിലിരിയ്ക്കുന്ന സൽക്കാവ്യ - സദ്യയുണ്ടാലമരത്വമാർക്കും ഫലം! സംസാരരോഗം ശമിപ്പിക്കുമുത്തമ - പ്പൂന്താനപ്പാനയ്ക്കു നിത്യവും വന്ദനം! #പൂന്താനംദിനം2022
ഇന്നു മഹാശിവരാത്രി.
ആ ചിദംബരേശ്വരൻ്റെ സർഗ്ഗനൃത്തത്തിൻ്റെ പൊരുൾ ഗ്രഹിക്കാൻ ഇനിയുമെത്ര ജന്മങ്ങളുടെ നോമ്പെടുക്കണം...
നടേശനൃത്തം ചിദംബരത്തിൽ
തെളിഞ്ഞിടാനായ് നമഃശിവായ.
മഹേശസൂത്രപ്രപഞ്ചതാളം
തിരിഞ്ഞിടാനായ് നമഃശിവായ.
ശിഖാഗ്നിയേന്തും ഇടത്തുകയ്യും
ഉയർന്നുപൊന്തും ഇടത്തുകാലും,
വണങ്ങിടുന്നേനഹന്ത പോക്കും
വലത്തുകാലും നമഃശിവായ.
യമാരിയാടും പ്രപഞ്ചനൃത്ത-
പ്പൊരുൾ ഗ്രഹിക്കാൻ നമഃശിവായ!
************************************
പദപരിചയം
1. നടേശനൃത്തം - ശിവതാണ്ഡവം
2. ചിദംബരം - ചിത്താകുന്ന ആകാശം, ദക്ഷിണഭാരതത്തിലെ പ്രശസ്തമായ ശിവക്ഷേത്രം
3. മഹേശസൂത്രം - മാഹേശ്വരസൂത്രം/ശിവസൂത്രം (താണ്ഡവവേളയിൽ ശിവഡമരുവിൽ നിന്നുതിർന്ന പതിനാലു സൂത്രങ്ങളാണ് ഗുരു പാണിനി രചിച്ച വ്യാകരണശാസ്ത്രത്തിൻ്റെ അടിത്തറ)
4. ശിഖാഗ്നി - ഉയർന്നുപൊന്തുന്ന അഗ്നിനാളങ്ങൾ
5. യമാരി - യമൻ്റെ ശത്രു, കാലാന്തകൻ