ഹൃത്തിലുണ്ടൊരു വൈകുണ്ഠം,
അങ്ങുണ്ടെനിക്കൊരു പ്രിയമിത്രം.
എത്തുമിന്നെന്നെന്നും ഞാൻ
വാക്കു ചൊല്ലുമ്പോഴെല്ലാം
ശാന്തമായ് ചിരി തൂകിക്കൊ-
ണ്ടാത്മമിത്രമുരയ്ക്കുന്നു;
"കാത്തിടാ,മീ ഗേഹം വി-
ട്ടെങ്ങു പോകാൻ നിൻ മിത്രം?!
എപ്പൊഴെത്തി വിളിച്ചാലും
അപ്പൊഴെത്തും നിന്നരികിൽ
എത്ര വൈകിലുമൊരുനാൾ നീ
എത്തുമെന്നുടെ സവിധത്തിൽ
എന്നതിന്നൊരു സന്ദേഹം
ഇല്ലൊരിക്കലു,മതുമൂലം
നിത്യമിങ്ങു വസിക്കുന്നു
നിൻ്റെ ഹൃദ്-വൈകുണ്ഠത്തിൽ;
വന്നുചേരുക വൈകാതെ
സദ്മാർഗ്ഗമാത്മസ്വരൂപത്തിൽ".