Followers

Wednesday, December 22, 2021

സുദാമാവ്

 ഇന്നു  കുചേലദിനം. 

ഭൗതികവും ശാരീരികവുമായ ജീർണ്ണതകൾക്കെല്ലാം പരിഹാരം ജീർണ്ണതയില്ലാത്ത ആത്‌മാവിനെ അറിയാൻ ശ്രമിക്കുകവഴി മനസ്സിനെ എല്ലാ ജീർണ്ണതകളിൽനിന്നും അകറ്റിനിർത്തുകയാണെന്ന   സന്ദേശമാണ് കുചേലദിനം നൽകുന്നത്. 

സുദാമാവ് എന്നാൽ കുചേലനെന്നും സമുദ്രമെന്നും അർത്ഥം.


സുദാമാവ് 





















നിത്യം മനസ്സാം കുചേലനീ സംസാര-
ജീർണ്ണത മുറ്റുമവൽപ്പൊതിക്കാഴ്ചയും 
പേറിപ്പരമാത്മമിത്രമാം ഗോപാല-
കൃഷ്ണനെത്തേടിപ്പുറപ്പെടുംനേരം
പിമ്പേ വരും വിട്ടുപോകാൻ വിടാതെയ-
ഞ്ചിന്ദ്രിയവാജികൾ, മോഹാനുഗാമികൾ,
"സമ്പന്നനാമാത്മമിത്രമുണ്ടാകിലു-
മെന്തുണ്ടു നേട്ട"മെന്നാരായുവാൻ സദാ.
സംശയം വന്നുഭവിപ്പിച്ചിടുന്നുവെൻ 
യാത്ര മുടക്കിക്കുതിക്കും കുതിരകൾ.
വീണ്ടുമീ മായാസമുദ്രത്തിലിങ്ങനെ
നീന്തുമ്പൊഴാത്മനെക്കാണുവാൻ തോന്നിടും.

ചോദിയ്ക്കവേണമിന്നെന്നുടെ ദാരിദ്ര്യ -
മൊക്കെയുമാറ്റി സമ്പന്നനാക്കീടുവാൻ...
കണ്ടാലറിയുമോ? മിണ്ടാൻ തുനിയുമോ?
കണ്ണനെ ഞാൻ കണ്ടതെന്നോ? മറന്നുപോയ്!
അത്യന്തമോഹപ്രലോഭനപീഢക -
ളൊക്കെയും താണ്ടിയിന്നെത്തിയീ ഗോപുരേ!
മാധവായെൻ ഭക്തവത്സലാ, നിന്നെയൊ-
ന്നുള്ളം നിറഞ്ഞിന്നു കാണണമെങ്ങു നീ?

ഓടിയണയുന്നിതാരെൻ സതീർത്ഥ്യനോ,
മിന്നുമീ ദ്വാരക വാഴുമധീശനോ !
ആനന്ദബാഷ്പം തുളുമ്പുന്നു, ശൗരിയാ
നേത്രങ്ങളെൻ നേർക്കുനീട്ടിത്തിരക്കുന്നു, 
" എന്തേ വരാനിത്ര വൈകി നീയെന്നോടു
ഗർവ്വിച്ചു പോരാൻ മടിച്ചതോ? ചൊല്ലു നീ..."


നെഞ്ചോടു ചേർത്തെന്നെയാരേ പുണർന്നി-
ടുന്നൊന്നുമേ ചൊല്ലുവാനാവാത്തതെന്തഹോ!
ഗദ്ഗദം തൊണ്ടയിൽ വന്നു കുടുങ്ങുന്നു,
ആരിതെൻ പാദങ്ങളയ്യോ! കഴുകുന്നു!
എൻ കയ്യിലെയവൽക്കെട്ടു തുറന്നു നീ-
യോരോ പിടി വാരി വായിലിടുമ്പൊഴു-
മെൻ ബന്ധനത്തിൻ്റെ കെട്ടുകൾ പൊട്ടി
ഞാൻ മുക്തനാകുന്നുവെൻ കൃഷ്ണാ! ഹരേ! ഹരേ!

മായാമുകന്ദ! നീ ജാലങ്ങളീ വിധം
കാട്ടിയെൻ ഹൃത്ത്ക്ഷുദ്രദാരിദ്ര്യമാറ്റി നി-
ന്നോടുള്ള  ഭക്തിയാകും സുദാമാവി-
ന്നടിത്തട്ടു പോൽ മനം സമ്പന്നമാക്കണം!
പ്രേയസ്സിൻ പിന്നാലെയോടിത്തളർത്തിടാ- 
തേകണം  ശ്രേയസ്സിൻ കാന്തിയും ശാന്തിയും !


പദാവലി 

സുദാമാവ് - കുചേലൻ, സമുദ്രം 
വാജി             - കുതിര 
മോഹാനുഗാമി - മോഹങ്ങൾക്കു പിമ്പേ പോകുന്നയാൾ 

സതീർത്ഥ്യൻ - സഹപാഠി, ആത്മമിത്രം 
ഹൃത്ത്ക്ഷുദ്രദാരിദ്ര്യം - ഹൃദയനൈർമ്മല്യത്തിനു  ഹാനി വരുത്തുന്ന                                                                       ചിന്തകൾ  
പ്രേയസ്സ്        - ഭൗതികതൃഷ്ണ കൊണ്ടു നേടാവുന്ന  താൽക്കാലികമായ                                                    നേട്ടങ്ങൾ 
ശ്രേയസ്സ്        - ആത്മീയമായ ജ്ഞാനവും തപസ്സും കൊണ്ടു നേടുന്ന  സമഗ്രവും                                ശാശ്വതമായ ഐശ്വര്യം 

Friday, December 3, 2021

----പ്രതിസമത----

 



ഇന്നു കാണുന്നൊരീ സന്ധ്യയോ സുന്ദരി

ഇന്നലെക്കണ്ടൊരു സിന്ദൂരസന്ധ്യയോ?! 


പൂർണ്ണമായൊന്നുപോലില്ലന്യസൃഷ്ടികൾ

പൂർണ്ണത്തിൽ നിന്നുള്ള പൂർണ്ണങ്ങളെന്നിയേ!


വൈവിദ്ധ്യപൂർണ്ണമാം പൂർണ്ണങ്ങളൊക്കെയും

ചേരും പരസ്പരപൂരകസൃഷ്ടികൾ.


ഏകമാമാ നാദവൈഭവംതന്നിൽനി-

ന്നുൽപ്പന്നമാം സഗുണാകാരസൗഷ്ടവം.  


ഏറ്റക്കുറച്ചിലിൻ ചിന്ത വിട്ടൊക്കെയും

ചേരുംപടി ചേർത്തുവച്ചാൽ മനോഹരം!


ഇപ്രപഞ്ചം കാക്കുമാനുരൂപ്യം വെടി -

ഞ്ഞീടാതിരിക്കുകിൽ സച്ചിദാനന്ദം!