Followers

Sunday, November 14, 2021

പതക്കപ്പേച്ചുകൾ








"വന്ദനം പതക്കമേയാരു നീ? "

"ഞാനൊരു ഭാഗ്യവാൻ,

രാഷ്ട്രസേവനത്തിൻ നെഞ്ചിൽ

നെഞ്ചുവിരിച്ചിരുപ്പവൻ.  നീയോ?"

"ഞാനുമൊരു പതക്കം,

ഹാ! വികൃതമെൻ ജന്മം...

രാഷ്ട്രവിദ്ധ്വംസനക്കൊടുംനഞ്ചിൻ  

നെഞ്ചിലിരിപ്പാൻ വിധിച്ചവൻ."

Sunday, November 7, 2021

#ദീപാവലി2021








ഭദ്രദീപങ്ങൾതന്നാവലീശോഭയാൽ  
പൗർണ്ണമിയാണിന്നമാവാസിനാളിലും   
ഒന്നിൽനിന്നൊന്നിലേക്കായ് ഭദ്രദീപങ്ങൾ 
മെല്ലെക്കൊളുത്തുന്നുവുൾച്ചിരാതിൻ  തിരി 
പുഞ്ചിരിയായ്ച്ചുണ്ടിലൂറുന്നു മേൽക്കുമേ-
ലാഹ്ളാദമീപ്പൂത്തിരിപ്പൂനിലാവുപോൽ! 

#ദീപാവലി2021
04-11-2021

പ്രപഞ്ചസായാഹ്നം






 പ്രതലമില്ലാതെഴുതുന്നു മായ്ക്കുന്നു

പ്രകൃതിയന്യാദൃശചിത്രങ്ങളനുക്ഷണം!

പ്രകടമാകും പ്രപഞ്ചമേയെൻമിഴി -

പ്പ്രതലമൊന്നിൽപ്പകർത്തട്ടെ നിന്നെ ഞാൻ!

പ്രകൃതഭേദപ്രകാരമെന്നുൾത്തലം

പ്രണയദ്വേഷങ്ങളിൽപ്പെട്ടുപോകിലും

പ്രളയകാലത്തു ഭേദങ്ങളൊക്കെയും

പ്രണവമൊന്നിൽ ലയിക്കട്ടെ ശാന്തമായ്!