പണ്ടൊരുനാളിൽ പട്ടണനടുവിൽ
സചിവൻമാരുടെ സഭയുടെ നടുവിൽ
പണ്ടാരത്തെച്ചൊല്ലിയൊരുഗ്രൻ
ശണ്ഠ നടന്നമ്പമ്പോ ചൊല്ലാം!
പണ്ടാരത്തിലെ ചെല്ലും ചെലവും
ചൊല്ലാൻ മന്ത്രിയണഞ്ഞൊരുനേരം
മുദ്രകൾ കാട്ടീ, മുഷ്ടി ചുരുട്ടീ,
എതിരാളികളുടനോടിയടുത്തൂ
പാണ്ടൻനായ്ക്കൾ കടിപിടികൂടും
പോലെയുറക്കെക്കുരയും വിളിയും
ഉന്തും തള്ളും പിടിയും വലിയും
അംഗന തന്നുടെ കടിയും മാന്തും
മുണ്ടു മടക്കിക്കുത്തിയ ചേട്ടൻ
കണ്ണിൽക്കണ്ടവ തച്ചുതകർത്തൂ,
സഭയുടെ നടുവിൽക്കെട്ടിയകൈവരി
ചാടിക്കയറീ മർക്കടവീരർ
അദ്ധ്യക്ഷന്നുടെ സിംഹാസനമതു
പൊക്കിയെടുത്തുചുഴറ്റിയെറിഞ്ഞൂ,
സങ്ഗണകത്തിൻ വയറും കുടലും
'മുപ്പുരവൈരി'യറുത്തുമുറിച്ചൂ,
മസ്തകസേതു ചവിട്ടി നടന്നവ-
നടി തെറ്റീറ്റുടനവനിയിൽ വീണൂ,
യോദ്ധാവിന്നുടൽ മഞ്ചലിലേറ്റി
നടന്നുമറഞ്ഞൊരു സംഘം ശീഘ്രം,
എല്ലാം കണ്ടു കസാലയിലന്നൊരു
കല്ലായ് മുഖ്യനിരുന്നൂ കോണിൽ...
കഷ്ടം! കഷ്ടം! കുപ്പത്തൊട്ടിയിൽ
വീണാലിതിലും ഭേദമതല്ലോ!
പണ്ടാരത്തെച്ചൊല്ലിയുടക്കിയ
പണ്ടാരികളെ മറക്കില്ലാരും.
കേമംതന്നെ ജനായത്തത്തിൻ
ശ്രീകോവിലിലെക്കയ്യാങ്കളികൾ!
ആഗ്യം കാട്ടിച്ചൊല്ലീ സ്പീക്കർ,
'കോഴാനാഥൻ' പത്രിക പൊക്കീ;
കോലാഹലസഭനടുവിൽ വച്ചാ
ബഡ്ജറ്റങ്ങനെ നിലവിൽ വന്നൂ!
നിത്യാഭ്യാസിയ്ക്കുണ്ടോ ബാലകർ
തന്നുടെ ലീലകൾ കണ്ടാലിണ്ടൽ!
ഹർഷോന്മാദം കൊണ്ടനുയായികൾ
ലഡ്ഡു കടിച്ചുനുണഞ്ഞൂ മധുരം...
ഓർത്താലിനിയും മാനംകെട്ടൊരു
വേഷംകെട്ടുകളനവധിയുണ്ടേ!
വേലികൾ വിളവുകൾ തിന്നുമുടിപ്പൂ
വെളവും കാട്ടി ഞെളിഞ്ഞുനടപ്പൂ.
പൊതുമുതലിട്ടുചവിട്ടിമെതിച്ചവ-
രെല്ലാമിന്നു ഭരിക്കുന്നവരായ്,
കള്ളത്തരവും ചതിയും കൊലയും
അധികാരത്തിനലങ്കാരവുമായ്.
വർഷം പലതുകഴിഞ്ഞിട്ടിപ്പോൾ
കോടതിമുമ്പിൽ പാവത്താന്മാർ
താണുവണങ്ങിച്ചൊല്ലുന്നൊന്നും
കേസാക്കരുതെന്നുടയമ്പ്രാനേ!
അന്നുണ്ടായോരു കയ്യാങ്കളിയുടെ
കോപ്പികളനവധി നാട്ടിൽ സുലഭം
ആയതുകൊണ്ടൊരു രക്ഷയുമില്ലീ
മാലോകർക്കൊരു മറവിയുമില്ലേ?
അസ്ഥാനത്തൊരു വടവൃക്ഷത്തെ-
ത്തണലായ്‌കൊണ്ടു നടക്കുന്നരചൻ.
പ്രജകൾക്കാരൊരു തണലെന്നോർക്കാൻ
നമ്മൾക്കില്ലവകാശം തെല്ലും,
നാടുഭരിക്കുന്നോർക്കു നറുക്കിടു-
മന്നോർക്കാതിന്നില്ലൊരു ഫലവും;
ബോധംകെട്ട പ്രജയ്ക്കു ലഭിയ്ക്കും
നാണംകെട്ടൊരു നായകവൃന്ദം.
കിറ്റുതരുമ്പോളല്പം വിഷമാ
കെട്ടിൽ വച്ചാലുത്തമമായീ
ജീവിക്കാനൊരു വഴികാണാഞ്ഞാൽ
പാഷാണം തിന്നന്ത്യം പൂകാം!
അനുബന്ധം
*****************
*****************
ഇന്നാ സചിവൻതന്നുടെ മകന-
ന്നപ്പനെയാട്ടിയ പാർട്ടിയ്ക്കുള്ളിൽ!
ദോഷം ചൊല്ലരുതേതും, തമ്മിലെ
സ്നേഹം കണ്ടാൽ കണ്ണീർ പൊടിയും!
രാഷ്ട്രീയത്തിലതുണ്ടോ ജനകൻ,
ജനനിയതെന്നൊരു സങ്കല്പങ്ങൾ!
അപ്പൻ, മകനെന്നില്ലപ്പപ്പോൾ
കാണുന്നവരെല്ലാമപ്പന്മാർ!
********************************************************
പദാർത്ഥം
- പണ്ടാരം - ഭണ്ഡാരം, ഖജനാവ്
- സചിവൻ - മന്ത്രി
- സങ്ഗണകം - കമ്പ്യൂട്ടർ
- മുപ്പുരവൈരി - ശിവൻ
- മസ്തകം - തലമണ്ട
- സേതു - പാലം
- പണ്ടാരി - ഭണ്ഡാരം കാക്കുന്നവൻ, ഖജാന്‍ജി
- ജനായത്തം - ജനാധിപത്യം
- കോഴാനാഥൻ - കോഴയുടെ നാഥൻ
- ഇണ്ടൽ - വിഷമം, വ്യാകുലത
- പാഷാണം - വിഷം
കേരളജനാധിപത്യത്തിലെ ചില നാണംകെട്ട ഓർമ്മകൾ