Followers

Thursday, June 24, 2021

പ്രച്ഛന്നബന്ധു

[ആധുനികതയോടു കലഹമില്ല. പക്ഷേ മനുഷ്യനേയും പ്രകൃതിയേയും തമ്മിലകറ്റിക്കൊണ്ടുള്ള ആധുനികതയോടാണു  കലഹം. പ്രകൃതിയിലെ ശാസ്ത്രീയതയെ അംഗീകരിക്കാത്ത  ആധുനികശാസ്ത്രത്തോടാണു കലഹം. കൃത്രിമബുദ്ധിയുടെ അധികാരപരിധി  എവിടംവരെയാകാമെന്നതാണു ചിന്ത.]
*******************
പ്രച്ഛന്നബന്ധു 
*******************
പേറ്റൻ്റു തിന്നുമുദരംഭരികൾ 
ഭരിച്ചിടും ഭാവിലോകം, 
ഒത്താശചെയ്യുവാനല്ലാതെതിർക്കുവാൻ 
രാജകർക്കൊക്കെ ഭയം. 
മാനവശാസ്ത്രം, കൃഷി, ഭിഷജ്യം, പഞ്ച-
ഭൂതാദി,യന്തരീക്ഷം... 
എല്ലാമടക്കിവാഴും ലോകപാലകർ, 
മാലോകർ കുമ്പിട്ടിടും!
വായു, ജലം, സൂര്യരശ്മികൾ, മണ്ണും 
തരും മരിക്കാത്തൊരൂർജ്ജം .
എന്നാലിനിമേലിലാരുമിവയുപ-
യോഗിക്കരുതു കേൾക്ക!
എല്ലാം തരാൻ ഞങ്ങളുണ്ടെന്നു 'കാരുണ്യ-
മൂർത്തികൾ' ചൊല്ലിടുന്നു! 
വായു ശ്വസിക്കരു,തന്നം ഭുജിക്കരു-
തയ്യോ! ജലമരുത്!!
കണ്ണിൽ വെളിച്ചം കയറുവാൻ  പാടില്ല, 
കണ്ണിലും മാസ്കു വേണം! 
എല്ലാമണുക്കൾ നിറഞ്ഞതാ,ണൊക്കെയും 
ശുദ്ധമായ് ഞങ്ങൾ തരാം!
പുത്തൻജനിതകം വച്ചോരു വിത്തുകൾ 
കുത്തിപ്പിടിപ്പിക്കണം, 
നാടനിനങ്ങളെങ്ങാനവശേഷിക്കി-
ലൊക്കെ നശിപ്പിക്കണം, 
വെള്ളവുമന്നവും പണ്ടേ കവറിലായ്,
മണ്ണുമോൺലൈനായ് വരും!
കാറ്റു വീശാതെയിരിക്കുവാൻ കാടുകൾ 
തീയിട്ടു കത്തിക്കണം, 
ആമസോൺ കാടുകൾ പോകും, പകര-
*'മിയാമസോൺ' വായു വരും! 
ലക്ഷണം കെട്ടൊരു പേരുപോലെത്തന്നെ 
'ക്രിപ്റ്റോ കറൻസി' വരും!
'ക്രിപ്റ്റോ'കളെക്കൊണ്ടു ലോകം നിറയ്‌ക്കണം 
സത്ത നശിച്ചുപോണം... 
പിന്നെയെളുപ്പമായ്, ചിപ്പുകൾക്കുള്ളിലെ 
കോഡുകൾ ചൊല്ലുമെല്ലാം.
എല്ലാം വിരൽത്തുമ്പിലാക്കികറക്കിടും  
'ക്രിപ്റ്റഞ്ജ'നോ  ചിരിപ്പൂ, 
പ്രച്ഛന്നവേഷമണിഞ്ഞുനിന്നാൽ ലോക-
ബന്ധുവെന്നേ തോന്നിടൂ!
എങ്കിലും ബോധമാം സൂക്ഷ്മകണത്തിലെ 
നേർത്തൊരു വിള്ളൽ പോരും 
കൃത്രിമബുദ്ധിയെ സൃഷ്ടിച്ച ബുദ്ധിയെ 
കല്ലായ് മരപ്പിക്കുവാൻ! 
മുള്ളെടുക്കാൻ മുള്ളുതന്നെയുചിത-
മെന്നല്ലൂ മൊഴികൾ ചൊല്ലൂ!!  

അത്ഭുതമില്ല, കലികാലമാണിതിൽ 
ധർമ്മക്ഷയം സഹജം, 
നാരായണായെന്നു നാമം ജപിച്ചുഞാൻ 
മാറിയിരുന്നു കാണ്മൂ!


*'ഇ ആമസോൺ '

Tuesday, June 8, 2021

കാല്യമാല്യം

 



ഇന്നു ശതാബ്ദിയാഘോഷിക്കുന്ന ആലുവാ യൂണിയൻ ക്രിസ്ത്യൻ കോളേജിനു നന്ദിയോടെ സ്നേഹമോടെ...