Followers

Monday, October 26, 2020

മൂകാംബികാസ്തുതി 






















മൂകനാം മർത്ത്യനും വാക്കിൻ കൃപാവരം
നീട്ടുമെൻ മൂകാംബികേ തൊഴുന്നേൻ!
സംസാരമാകുമാരണ്യമദ്ധ്യത്തിലും 
ആത്മപ്രകാശം തെളിയ്ക്കുമമ്മേ

അഷ്ടരാഗാസുരവർഗ്ഗങ്ങളാൽ സദാ 
കഷ്ടത തിങ്ങുമീ കാനനത്തിൽ 
ദർപ്പനാശം വരുത്തീടുവാൻ സർവദാ 
കൂട്ടായിരിക്കണം സർവ്വാത്മികേ 

കെട്ട വാക്കിൻ വിളയാട്ടത്തിനാക്കാതെ-
യെന്നുടെ ജിഹ്വയിൽ കീലകമായ് 
വർത്തിച്ചിടേണമോം ശക്തീ പരാശക്തി 
സദ്ഭാവനാമൃതദാനേശ്വരീ 

തായ കാട്ടും  മഹാമായകൾ  തന്നുടെ-
യന്തരാർത്ഥങ്ങൾ ഗ്രഹിച്ചീടുവാൻ 
ഉൾക്കണ്ണിലുൺമയായ്‌  വാഴണമംബികേ 
നാരായണീ ശിവേ  നാദാത്മികേ!

ദേവീ മൂകാംബികേ വിദ്യാസ്വരൂപിണീ 
വേദാത്മികേ സദാ കൈ തൊഴുന്നേൻ!!

Thursday, October 15, 2020

ഇതളടരുംപോൽ...

ഒരുദിനംവരു,മതിശാന്തം!

ജീവിതപുഷ്പവാടിയെനിയ്ക്കു
നീട്ടുമൊരു മൃതിപുഷ്പം, മനോഹരം!  

ഞെട്ടൊടിയ്ക്കാതെ സക്ഷമം 
ചോട്ടിലിരുന്നു ഞാൻ നോക്കും,
കുഞ്ഞായ് സാകൂതം മിഴിക്കും!  

അതുവരെയറിയാത്തൊരു 
മാസ്മരഗന്ധം പരക്കും... 

പിന്നെയിതളിതളായടരും
പുഷ്പമെന്നെയൊരു ചിരിയിൽ മയക്കും!!

ശുഭ,മതിശാന്ത,മനന്തരം
ഇതളടരുംപോൽ നിശബ്ദം 
വിടകൊള്ളുമതിനൊപ്പം, സുഖം!