മഞ്ഞമണിക്കണിക്കൊന്നയില്ലാ,
നാളികേരപ്പൊളിത്തിങ്കളില്ലാ,
മഞ്ഞക്കണിവെള്ളരിയുമില്ലാ...
എങ്കിലുമെൻ മുകിൽവർണ്ണനുണ്ടേ
ചുണ്ടിലാപ്പുഞ്ചിരിയിന്നുമുണ്ടേ
കണ്ണൻ്റെ മഞ്ഞത്തുകിലുകണ്ടാൽ
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ!
കണ്ണനെക്കണ്ടുതൊഴുതുനിന്നാൽ
എന്നും വിഷുക്കണി തന്നെയല്ലേ!
ഉള്ളതുകൊണ്ടെൻ്റെയുള്ളിലെന്നും
പൊന്നിൻവിഷുക്കണി വന്നുചേരാൻ
കണ്ണാ തുണയ്ക്കണ,മിക്കുറിയെൻ
കൊന്നയില്ലാക്കണി കൈക്കൊള്ളണം!
കൊന്നയില്ലാക്കണി കൈക്കൊള്ളണം!