അരച്ചാൺ വയറിനുവേണ്ടിയോടുന്നൂ ചിലർ,
അരിച്ചാക്കൊക്കുമുദരം കുറയ്ക്കാനുമോടുന്നൂ ചിലർ!
ആഹരിക്കണമന്നമാവശ്യത്തിന്നു മാത്രമായ്,
ആഘോഷവേളയിലുമൊരു വറ്റു പാഴാക്കായ്ക നാം.
അന്നമാണരചൻ, വന്ദിച്ചിടേണം സദാ,
അന്നമാണഞ്ചു കോശങ്ങളായ് പരിണമിപ്പതും!
ആർഭാടവസ്തുവല്ലന്നമെന്നറിയണം,
ആർക്കുമൊരു പ്രതിഷേധമാർഗ്ഗവുമല്ലന്ന,മോർക്കണം.
അന്നത്തോടരുതരുതരിശമൊരിക്കലും,
ആദരവോടെ ഭുജിക്കണമന്നമനുഗ്രഹാർത്ഥം.
അന്നം വിളയിക്കുന്നോർക്കുമെന്നെന്നുമന്നം
അമൃതായ് വച്ചു വിളമ്പുന്നവർക്കുമെൻ കൂപ്പുകൈ!