Followers

Thursday, August 15, 2019

പ്രളയസ്മാരകം

Audio:  https://www.youtube.com/watch?v=o143M3lAsek&t=4s

ഇന്ന് രണ്ടായിരത്തിപ്പത്തൊമ്പത് ആഗസ്ത് പതിനഞ്ച്. പരിസരപ്രദേശങ്ങളെയൊക്കെ മുക്കിക്കഴിഞ്ഞ് പ്രളയജലം തൻറെ വീട്ടുപടിക്കലും എത്തുന്നതിനു തൊട്ടുമുമ്പ് അച്ഛൻ തൻ്റെ പ്രിയപ്പെട്ട വീടു വിട്ടിറങ്ങിയത് കഴിഞ്ഞ വർഷം ഇന്നേ ദിവസമാണ്. ഈ പ്രളയസ്മാരകം അച്ഛനു മാത്രമുള്ളതല്ല.  പ്രളയം കയറിയിറങ്ങിയ ഓരോ വീട്ടിലേയും അന്തേവാസികൾക്കും അന്തേവാസികളായിരുന്നവർക്കും അന്നൊഴുകിമാഞ്ഞ ഓരോ പുല്ലിനും പുഴുവിനുമുള്ളതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ കാലവർഷക്കെടുതിയിലും ഉരുൾപൊട്ടലിലുംപെട്ടു മരണമടഞ്ഞവർക്കും ഇതോടൊപ്പം ആദരാഞ്ജലി അർപ്പിക്കട്ടെ...




"പ്രളയമിങ്ങെത്താറായ്, ഇറങ്ങിടാം വൈകിക്കേണ്ട, 
തിരിച്ചുടൻ പോരാമല്ലോ രണ്ടുനാളല്ലേ വേണ്ടൂ?"
വിഷണ്ണനായേറെച്ചിന്താമഗ്നനായ് കണ്ടേനന്നാ- 
ത്താതനെ, തൻഗൃഹത്തെപ്പിരിയുവാൻ മടിക്കയാൽ. 
"എടുക്കണമത്യാവശ്യം മരുന്നുകൾ, വസ്ത്രങ്ങളും 
മൂന്നാലു ദിനത്തേയ്ക്കു  വേണ്ടുന്ന വസ്തുക്കളും"
കേൾക്കുന്നുവെന്നാകിലും കേട്ടതില്ലൊന്നുമച്ഛൻ,
ചിന്തകൾക്കുള്ളിലങ്ങിങ്ങോടുന്നതാവാം പാവം! 

"എല്ലാരുമീ കരയിൽനിന്നു ദൂരേയ്ക്കു പോകും-
നേരത്തു  നമ്മളൊറ്റയ്‌ക്കിവിടെയെങ്ങനെ നിൽക്കും?"
ചൊല്ലുകയാണു മെല്ലേ സമ്മതിപ്പിക്കാനമ്മ, 
"നമ്മൾ രണ്ടാൾക്കുമേറെ   പ്രായവുമായതല്ലേ?"
പെട്ടന്നു കണ്ണുയർത്തി തീർച്ചയാക്കിയപോലെ 
ചൊല്ലുന്നു,"എന്നാൽ ശരി, അങ്ങനെത്തന്നെയാവാം... 
എൻറെയീക്കണ്ണടയും ഊന്നുവടിയുമെല്ലാം
മറക്കാതെയെടുക്കണം, മടക്കമെന്നാർക്കറിയാം?!
എന്നിട്ടു ചോറെടുക്ക, സമയമേറെച്ചെന്നില്ലേ 
എല്ലാരുമൊന്നിച്ചിരുന്നുണ്ടിട്ടു പോകാം വേഗം."

ഉണ്ണുവാനിരിക്കുമ്പോൾ ശാന്തനായിരുന്നച്ഛൻ, 
മനസ്സുമായൊത്തുതീർപ്പിൽ ഒപ്പുവച്ചതുപോലെ!
നെയ്യെടുത്തേറെയിഷ്ടത്തോടെയാ ചോറിലേക്കായ് 
ഒഴിച്ചുകൊണ്ടമ്മയോടന്നച്ഛൻ പറഞ്ഞിടുന്നൂ,
"ഒലിച്ചുപോകയാണെല്ലാം പ്രളയമിങ്ങിപ്പൊഴെത്തും,
അതിൽപ്പരമെന്തിനിമേൽ എനിക്കുമാരോഗ്യം നോക്കാൻ?!"
ഉറച്ചതായിരുന്നച്ഛൻ  പറഞ്ഞൊരാ വാക്കുകളും 
അതിനകമ്പടിചേർത്തു പൊഴിച്ചൊരാ പുഞ്ചിരിയും! 
കുലുങ്ങിക്കുലുങ്ങിയൊച്ചയില്ലാതെ ചിരിച്ചിടും 
അച്ഛൻറെ മുഖമപ്പോൾ സുഖദുഃഖഭേദമുക്തം!
അകത്തിരുന്നീശ്വരൻതൻഭക്തനെ ശാന്തഭാവം 
കൈവരിക്കുവാൻ മെല്ലേ തഴുകിയതാവാം, തീർച്ച!
അരികിലായ് നിന്നു മുളംതണ്ടു മീട്ടീടും   കൃഷ്ണൻ 
ഗൂഢമന്നച്ഛൻതന്നെ നോക്കി മന്ദഹസിച്ചോ!
വീടടച്ചിറങ്ങവേ ചുറ്റിലും കണ്ണോടിച്ചു 
തൃപ്തിയായതുപോലെ വണ്ടിയിലേറിയച്ഛൻ...   

നാലു ദശകമടുത്തായ്  പ്രിയമീഗൃഹത്തിൽ 
വിയർത്തി,ളവേറ്റുമച്ഛൻ വസിച്ചയിടമിവിവിടം... 
അവിടേയ്ക്കു പ്രളയമേ കടക്കുമ്പോളോർത്തിടണം
ആയുസ്സൊന്നിനദ്ധ്വാനമാണിവിടെയീക്കാണ്മതെല്ലാം   
നീവരും മുമ്പിറങ്ങാൻ തോന്നിയ വെപ്രാളത്തിൽ 
ഇട്ടിട്ടു പോകയാണീ തണൽ തന്ന ഗൃഹത്തിനെ, 
പ്രിയമുള്ള പലതുമീയകത്തളങ്ങളിൽ കാണും 
എടുക്കുവാൻ മറന്നച്ഛൻ വച്ചതാം ജംഗമങ്ങൾ... 
നനച്ചുകുതിർത്തകത്തു കയറുമ്പോളോർത്തിടണം 
നട്ടുനനച്ചിവിടം  പാലിച്ച  കൈകളെ നീ. 

പ്രളയമെത്താത്ത കര തന്നിലുള്ള പുത്രീഗൃഹ-
മണഞ്ഞുടനണഞ്ഞന്നാ  സന്ധ്യയുമൊപ്പം  തന്നെ 
പിറ്റേന്നുണർന്നനേരം മുതൽ വാർത്തകൾ പലതും 
കണ്ണിലും കാതിലും വന്നലകളുയർത്തിനിന്നു 
വീടുകൾ മുങ്ങീ, ജലം അഞ്ചടിയേറിയെന്നും 
വിളിച്ചും പറഞ്ഞുമണഞ്ഞന്നെത്ര സന്ദേശങ്ങൾ!    
വിളക്കുവച്ചിടും നേരത്തോടന്നു കരകളി-
ലേറെയുമിരുൾ കവിഞ്ഞേറിയിരുന്നൂ ജലം!
തകരുന്ന വീടുകൾതൻ ദൃശ്യങ്ങൾ തൻ പ്രളയം 
മുക്കുന്നു വാർത്തകളെ, ഹൃദയഭേദകം തന്നെ!

അത്താഴവും കഴിഞ്ഞന്നിരുന്നേറെ നേരമച്ഛൻ 
പൂജാമുറിയ്ക്കു നേരെ ഭഗവാനെ നോക്കിനോക്കി 
എന്തോർത്തിരുന്നതാവാം? ശാന്തനായിരുന്നച്ഛൻ,  
ഭഗവാനുമായി വല്ലയുടമ്പടിയുണ്ടാക്കിയോ?!
"മതി,യേറെ നേരമായി, ചിന്തിച്ചിടേണ്ടയൊന്നും,
വരുമ്പോലെ വരുമെല്ലാം വന്നുകിടക്ക വേഗം"
അമ്മ ചെന്നു വിളിച്ചപ്പോളനുസരിച്ചച്ഛൻ മെല്ലേ 
വടികുത്തിയകത്തേയ്ക്കു നടക്കുന്ന ചിത്രം വ്യക്തം!
"കിടക്കട്ടെ ഞാനിനിയിന്നുറങ്ങണമിച്ഛപോലെ",
പറഞ്ഞിട്ടു മെല്ലെയച്ഛൻ ചാഞ്ഞുവാ കിടക്കയിൽ 

സംഭവബഹുലമന്നാ ദിനത്തിനും യവനിക-
യിട്ടുകൊണ്ടു ദീപമെല്ലാമണഞ്ഞന്നുടനിരവിൽ 
ക്ഷീണമേറി യാമദളം പൊഴിഞ്ഞു പുലരിവരും 
നേരമായി, കൺ‌തുറന്നു നോക്കിടുന്നമ്മയപ്പോൾ 
അരികിൽക്കിടപ്പുവച്ഛൻ, കൈകൾ രണ്ടും കട്ടിലിന്നു 
വെളിയിലേക്കൂർന്നുവെറും വെറുങ്ങലിച്ച കയ്യോടെ...
അലമുറയിട്ടുകൊണ്ടു ഹൃദയഭേദകമമ്മ
കരയുന്നു,വെന്നോടൊന്നു  പറയാതെ പോയതെന്തേ?
തൊട്ടൊന്നു വിളിക്കാതെ, ശബ്ദമൊന്നു കേൾപ്പിക്കാതെ 
പറ്റിച്ചു പോയിയെന്നോ! വിശ്വസിക്കുവാൻ വയ്യ!

തനിച്ചല്ല പോയതച്ഛൻ, പിന്നെയാണതറിഞ്ഞതും 
കൃഷ്ണനുമന്നലിഞ്ഞുപോയ്  പ്രളയജലധിതന്നിൽ!    
അന്നച്ഛനെനോക്കി നീ മന്ദഹസിച്ചതിൻ പൊരുൾ 
തെളിയുന്നിന്നെനിയ്ക്കുള്ളിൽ ഭക്തവത്സലാനാം കൃഷ്ണാ!! 




[അച്ഛൻ മരിച്ചിട്ട്  ആഗസ്ത് 17ന് ഒരു വർഷം  തികയുന്നു.]

audio