ഓംകാരരൂപനാം സിദ്ധിവിനായകാ
അഗ്നിയായ്ക്കണ്ടുവണങ്ങുന്നു നിന്നെ ഞാൻ!
വിഘ്നങ്ങളെല്ലാം വിവേകമായ് മാറ്റുകെൻ
വേദവിജ്ഞാനപ്പൊരുളാം ഗണേശ്വരാ!
നിൻ പാദപദ്മങ്ങളാകും അകാരവും
ആ ദിവ്യലംബോദരമാം ഉകാരവും
നിൻ ശീർഷമാകും മകാരവും ചേർന്നിടും
ഓംകാരബ്രഹ്മമെന്നുള്ളിൽത്തെളിയ്ക്കണേ...
അംബാസുതൻ സദാ വന്നെൻ മനസ്സി-
ന്നഹങ്കാരമൊക്കെയും തീർത്തുരക്ഷിക്കണേ...
നിൻ പുണ്യനാരായമേന്തിയ കൈകൾ കൊ-
ണ്ടീലോകമക്ഷരദീപ്തമാക്കീടണേ!
ഓം