വേദമാകുമാരണ്യകം തീണ്ടുവാൻ
തോന്നലുണ്ടാകുവാനെന്തു കാരണം?
പൂർവ്വപുണ്യമോ! ജന്മജന്മാന്തര
കർമ്മബന്ധമാം യജ്ഞസായൂജ്യമോ!
തീഷ്ണമാം അരുഷജ്ഞാനജ്വാലാഗ്രമെൻ
പ്രജ്ഞതൻതുമ്പിൽ വന്നൊന്നു കൊണ്ടതേ
പൊള്ളിടുന്നുവാത്മാവ,തിന്നുള്ളിൽനി-
ന്നെങ്ങുനിന്നറിയാത്തൊരു നൊമ്പരം!
തൊട്ടുമുന്നിലീ വേദരത്‌നാകരം
കണ്ടിടാഞ്ഞതെന്തിന്നീ ദിനം വരെ?
കേട്ടുകേൾവികൾ കൊണ്ടുനടന്നൊരെൻ
കെട്ട കാതുകൾ പട്ടുപോയീടണം
നിന്നു വിങ്ങുന്നുവജ്ഞത കൊണ്ടു ഞാൻ,
കൊട്ടിഘോഷങ്ങളോർത്തു ലജ്ജിപ്പു ഞാൻ,
ഇത്രനാൾ കണ്ട കാഴ്‌ചതൻ കൂരിരുൾ
വെട്ടമാണെന്നു തെറ്റിദ്ധരിക്കയാൽ.
മൂഢതകൊണ്ടു മൂടിയിരിക്കുമെൻ
ബോധമണ്ഡലമൂടി തുറന്നതിൽ
ഊറിടും ദിവ്യസോമലതാമൃതം
കണ്ടെടുക്കുവാൻ വേദം തുണയ്ക്കണം!
ബോധസാഗരം വറ്റും വരൾച്ചയിൽ
മേഘഗർജ്ജനം കേട്ടുനടുങ്ങണം!
ജ്ഞാനരശ്മിയെ മൂടും തമസ്സിനെ
വേദമാം മിന്നൽ കൊണ്ടു വേധിക്കണം.
കൂരിരുൾഗുഹയ്ക്കുള്ളിൽ പുളഞ്ഞിടും
വിഭ്രമങ്ങൾ തൻ ദുർഗ്ഗം തകർക്കണം
ജ്ഞാനസൂര്യപ്രകാശമുദിച്ചുയർ-
ന്നേകമാം ദിവ്യജ്യോതിയിൽ മുങ്ങണം!