Followers

Sunday, February 25, 2018

സെൽഫി




ഇത് അനുഗ്രഹീതചിത്രകാരൻ ഷാഫി ഹസ്സൻ വരച്ച മധുവിൻറെ രേഖാചിത്രം, "നന്ദി വിശപ്പില്ലാത്ത ലോകം തന്നതിനു" എന്ന ഒറ്റ വാചകത്തോടൊപ്പം എഫ് ബിയിൽ പോസ്റ്റ് ചെയ്ത ഈ ചിത്രം മനസ്സിലേക്ക് തറഞ്ഞിറങ്ങി.

https://www.facebook.com/photo.php?fbid=340191676484265&set=a.128710534299048.1073741827.100014803060001&type=3&theater&comment_id=341129343057165&notif_t=feedback_reaction_generic&notif_id=1519560845107721

വെറും അധരവ്യായാമവും തൂലികാവ്യായാമവും ധാർമ്മികരോഷം പ്രകടിപ്പിക്കലും കൊണ്ട് മാത്രം കൊണ്ട് മധുവിനോട് മാപ്പിരക്കാൻ യോഗ്യത നേടില്ല എന്ന തോന്നൽ മൂലം ഇതേക്കുറിച്ച് എഴുതാതിരിക്കുകയായിരുന്നു.  ഇന്ന് ഷാഫിയുടെ ഈ ചിത്രം കണ്ടപ്പോൾ എഴുതാതിരിക്കാനാവുന്നില്ല.
















 സെൽഫി

ദൈന്യമേറുംതോറുമെന്തു-
രസമാണുതച്ചുകൊല്ലുവാൻ!
അല്ലെങ്കിലു,മവനുമില്ലൊരു 
തെല്ലും പരിഭവം കണ്ണിൽ 
ഇല്ല പരിഭ്രാന്തിയും പേടിയും, 
പക തീരെയും! നിസ്സംഗൻ!
വരൂ, വകവരുത്താമെളുപ്പം,
ഇവൻ വിശപ്പുതിന്നവൻ!

Friday, February 2, 2018

എഴുതാതെ വയ്യ!


നെഞ്ചുപൊള്ളുന്നുവെൻ  കുഞ്ഞുപൈതങ്ങളേ 
നിങ്ങൾതൻ നല്ലിളം കൺകൾ കാൺകേ 
പിഞ്ചിളംപ്രായത്തിൽ കാണാനരുതാത്ത 
കാഴ്ചകളെത്രമേൽ  കാണ്മൂ നിങ്ങൾ? 

പൂക്കളെക്കണ്ടും പറവയെക്കണ്ടുമുൽ-
ത്സാഹം തുടിക്കേണ്ട കൺകളിപ്പോൾ
കാണുന്നു കാലമാകും മുൻപ്, കാമനും 
കണ്ണുപൊട്ടും രതിവൈകൃതങ്ങൾ... 

തുമ്പിച്ചിറകിൻറെ ചാരുത കാണവേ 
കൊഞ്ചിച്ചിരിക്കേണ്ട കുഞ്ഞുമക്കൾ 
തമ്മിലടക്കം പറഞ്ഞുചിരിക്കുന്ന-
തെന്തെന്നു നെഞ്ചുനടുങ്ങിടുന്നു! 

മുത്തുപൊഴിയേണ്ടനാക്കിൽ നിന്നശ്ലീല-
ധോരണി തന്നെയുയർന്നിടുന്നു 
പാകമാകാതെ പഴുത്തും പുഴുക്കുത്ത-
ലേറ്റുമീ ബാല്യം നശിച്ചിടുന്നു. 

കാണാമറയത്തിരുന്നാലുമെപ്പൊഴും 
സ്നേഹമാം കാണാച്ചരടു കൊണ്ടേ, 
കെട്ടറ്റുപോകാതെ കാത്തു പണ്ടമ്മമാർ 
മക്കൾക്ക് നേർവഴിത്താരയായി 

നേരമില്ലാർക്കുമിന്നാരെയും നേരായ 
മാർഗ്ഗത്തിലൂടെ നയിച്ചിടുവാൻ,
'ആപ്പു'കളല്ലോ നയിക്കുന്നുലകിനെ
 ആപത്തിലേക്കുള്ള പാതയെങ്ങും.  

ആഘോഷമിന്നെങ്ങുമാരവമാണെന്നു-
മാർഭാടജീവിതം തന്നെയെങ്ങും, 
ആയതിനായ് ധനം പോരഞ്ഞുമക്കളി-
ന്നമ്മയെക്കൊല്ലാൻ മടിച്ചിടാതായ്‌.

എന്തുണ്ട് പോംവഴിയെന്നു തിരിയാഞ്ഞു 
വേവുന്ന നെഞ്ചിലെ തീയണയ്ക്കാൻ,
മക്കൾക്ക് നല്ലതുതോന്നുവാനെന്നെന്നു-
മമ്മതന്നുൾക്കണ്ണ് കാവൽ വേണം.
അമ്മതന്നുൾകണ്ണ് കൂട്ട്  വേണം.
അമ്മതന്നുൾക്കണ്ണ് തന്നെ വേണം!