വൃക്ഷമാകട്ടെ ഞാൻ, വരുംജന്മമെങ്കിലും,
തപം മുറ്റിടും കൊടുംവേനലിൽ ധരിത്രിയ്ക്കല്പം
ഇളവേൽക്കാൻ കുളിർത്തെന്നൽ തീർക്കുന്ന ശാഖിയിൽ
വരും പക്ഷികൾക്കൊക്കെയും നീഢമാകട്ടെ ഞാൻ!
ശൈലമാകട്ടെഞാൻ, കൊടുങ്കാറ്റിൻറെ കൈകളെ
ചേർത്തുബന്ധിച്ചു മേഘമാക്കിയും, വർഷമായ്
പേർത്തുപെയ്തിറങ്ങീടുവാൻ ശീർഷവും ചായ്-
ച്ചെപ്പൊഴും ജാഗരൂഗനാം കാവലാളാട്ടെ ഞാൻ!
സ്വപ്നമാകട്ടെഞാൻ, മർത്ത്യനിദ്രയെ ശാന്തമായ്
തൊട്ടുപോകുന്നൊരുൾപ്രകാശമാകട്ടെ , യിരുട്ടിലേ-
ക്കിറ്റുവെട്ടം വിതറിപ്പറന്നിടും സൂക്ഷ്മ-
ജൈവദീപ്തിയാം മിന്നാമിന്നിയാകട്ടെ ഞാൻ!
മണ്ണായിടട്ടെഞാൻ, ഒന്നായ് സർവ്വചരാചങ്ങളെ-
ത്തൻമാറോടുചേർക്കും പുണ്യസ്ഥാനമാകട്ടെയി-
പ്പാഴ്മരുഭൂമിയിൽ പാന്ഥൻറെ നാവിനെക്കോരി-
ത്തരിപ്പിക്കും കുളിർമരുപ്പച്ചയാകട്ടെ ഞാൻ!
സൂര്യനാകട്ടെ ഞാൻ, വൃദ്ധിക്ഷയങ്ങൾതൻ
നേർ പഠിപ്പിക്കുന്നൊരുജ്ജ്വല തേജസ്സിൻ, കൃത്യ-
നിഷ്‌ഠമാം നിത്യചൈതന്യധാരയെപ്പേറിടും
കൊച്ചുരശ്മിയായെങ്കിലും കത്തിനിൽക്കട്ടെഞാൻ!
ബുദ്ധനാകട്ടെ ഞാൻ, സുഖം മുറ്റിടും ലോകത്തിങ്കൽ
സക്തിയില്ലാത്ത ഭിക്ഷുവാകട്ടെ, ഹർമ്മ്യവും
കൈവിട്ടൊഴിഞ്ഞിജ്ജഗത്തിന്നനന്തമാം
സ്വച്ഛശാന്തഹൃദന്തമായ്‌ക്കൊള്ളട്ടെ ഞാൻ!
കാഴ്ചയാകട്ടെഞാൻ, വെട്ടം കാണാത്ത കൺകളി-
ന്നുൾക്കാഴ്ചയാം ദിവ്യനേത്രമാക ട്ടെ, ധരിത്രിയിൽ
വീർത്തുവന്നിടും വൈരാഗ്യചിന്തയെത്തീർ,ത്തു-
യർത്തെണീക്കുന്ന വിശ്വസ്നേഹമാകട്ടെ ഞാൻ!
തീപറത്തും മതവ്യാളീമുഖങ്ങൾ തൻ തീഷ്ണമാം
അഗ്നിജിഹ്വയെ നീർതളിച്ചാർദ്രം അണച്ചിടും
തീർത്ഥമാകട്ടെയെന്നക്ഷരത്തുണ്ടു കൾ, പാരിനെ
ഒറ്റയൊന്നാക്കിമാറ്റുമദ്വൈതമാ കട്ടെ ഞാൻ!!