കൃഷ്ണകിരീടമണിഞ്ഞു ചുവന്നു-
തുടുത്തൊരു ചിങ്ങവനാന്തരമെല്ലാം
ചെമ്പവിഴത്തിൻ കിങ്ങിണി ചാർത്തിയ
ഗോപുരമേടകളെന്നതു പോലെ!
കാറ്റിന്നലകൾ പുൽകുംനേരം
ചെങ്കാവടി ചാഞ്ചാടുംപോലെ
ലാസ്യമനോഞ്ജം, കൃഷ്ണാട്ടത്തിൻ
ശീലുകളൊത്തൊരു ചോടുകൾ തന്നെ!
ശീലുകളൊത്തൊരു ചോടുകൾ തന്നെ!
ആകാശത്തേരോട്ടും പകലോൻ-
തന്നുടെ പ്രതിബിംബങ്ങൾ കണക്കെ
എന്തുമനോഹരമിപ്പൂക്കുടകൾ
പൂരത്തിൻ കുടമാറ്റംപോലെ!
നയനങ്ങൾക്കത്യാനന്ദത്തി-
ന്നമൃതം പകരും ചെംപൂക്കുലകൾ
ചൂടിയൊരുങ്ങും കാടും മേടും
കണ്ടാലെന്നും ഓണം തന്നെ!
തൃക്കാക്കരയപ്പൻ തൻനിറുകിൽ
ചാർത്തും മുത്തുകിരീടം പൂക്കും
കാനനമോഹിനിയല്ലോയിവളെ
പാഴ് ച്ചെടിയെന്നു വിളിച്ചവരാരോ!