വരുവിൻ വരുവിൻ കുട്ടികളേ, തല
പൊക്കി നടന്നിതിലേ വരുവിൻ,
സന്തതമൊപ്പം കൊണ്ടുനടക്കും
യന്ത്രം ദൂരെയെറിഞ്ഞുവരൂ.
ഇപ്രകൃതിയ്ക്കുസമം വയ്ക്കാ-
നുതകില്ലൊരു യന്ത്രവുമതു നൂനം
ഊനം കൂടാതുലകിനെയറിയാൻ
ഇന്ദ്രിയമഞ്ചുമുണർത്തിവരൂ.
മഴവിൽക്കൊടിയുടെ മുകളിൽക്കയറി-
ക്കരിമേഘത്തെത്തഴുകീടാം!
തഴുകുംനേരം പൊഴിയും മഴനൂ-
ലിഴയിൽ ഞാന്നുരസിച്ചീടാം!
ലിഴയിൽ ഞാന്നുരസിച്ചീടാം!
ഓടിന്മുകളിൽ താളം കൊട്ടും
ചെണ്ടക്കാരൻ വന്മഴയെ
താഴെയിറക്കാം കൂരയിറമ്പിൽ
വരിവരിയിട്ടൊരരങ്ങാലേ!
മഴയിഴകൾ തന്നിടയിൽക്കൂടെ-
ത്തനു നനയാതെ നടന്നീടാം!
മഴനീർക്കല്ലുകൾ ചാർത്തിയ പുല്ലിൻ
മരതകഭംഗി നുകർന്നീടാം.
സ്നേഹപ്പുല്ലുകളൻപാൽ ചുംബന-
മേകുമൊരാടത്തുമ്പാട്ടി
പാടവരമ്പിലിരുന്നാ ചേറിൽ
ഞാറു നടുന്നത് കണ്ടീടാം.
ചേമ്പില തന്നുടെ നടുവിൽ മിന്നും
വജ്രം തോൽക്കും നീർമണിയെ
നൃത്തച്ചുവടു പഠിപ്പിക്കാമതി-
നൊപ്പം നൃത്തം ചെയ്തീടാം.
കാടും മേടും കണ്ടുരസിക്കാൻ
കൂട്ടിനു വന്നൊരിനൻ മറയേ
വീടുപിടിക്കാം, ഇറയത്തമ്മ
തെളിച്ചൊരു ദീപം തൊഴുതീടാം.
'പേക്രോം പേക്രോം' തവളകളാർത്തു
ചിരിക്കുംനേരം ചെവിയോർക്കാം,
മത്തകണ്ണുമുരുട്ടിയിരിക്കും
നത്തിനെയൊളികൺപാർത്തീടാം.
മച്ചും താങ്ങിയിരിക്കും പല്ലികൾ
"ഛിൽ ഛിൽ" സത്യം ചൊല്ലുമ്പോൾ
ഉള്ളിലിരുന്നുചിലയ്ക്കും സത്യം
ചിരി തൂകുന്നതറിഞ്ഞീടാം!
മറയില്ലാതീ വിശ്വം മുന്നിൽ
മിഴിവായറിവായ് നിൽക്കുമ്പോൾ
കണ്ടറിയാനും കൊണ്ടറിയാനും
വരുവിൻ വരുവിൻ കുട്ടികളേ...
[സന്തതം= എല്ലായിപ്പോഴും, ഊനം = കുറവ്, ഇറമ്പ് = മേൽക്കൂരയുടെ താഴത്തെ അറ്റം,
ഇനൻ = സൂര്യൻ ]