തൊട്ടുമുൻപുള്ള മാത്രയിൽ കൊഞ്ചിയും
പട്ടുപോലുള്ള പർണങ്ങൾ വീശിയും
നിന്നെ മുട്ടിയിരുന്നവളിക്ഷണം
നിന്നെ മുട്ടിയിരുന്നവളിക്ഷണം
ഹാ! പക്ഷമറ്റുകിടക്കുന്നു പാതയിൽ.
പ്രാന്തമെല്ലാം മറന്നു പ്രണയത്താൽ
ഭ്രാന്തമായിടുമാനന്ദവായ്പ്പിനാൽ
തുള്ളുമുള്ളത്തൊടൊപ്പം പറന്നൊരാ
പാതമദ്ധ്യേയിരുന്നുവോ നിന്നിണ?
ചീറി വന്നൊരാ വാഹനവ്യൂഹമാ
കൊച്ചുജീവനെ തട്ടിക്കടന്നുപോയ്
ഞെട്ടിനിന്ന നിൻ നെഞ്ചിലെ വേദന
കണ്ടുഞെട്ടറ്റു വീണെൻറെ ചേതന...
പാതയിൽ പഞ്ഞി പോലെ പതിഞ്ഞൊരാ
പക്ഷിതൻ ഛദം കാറ്റിൽ പറക്കവേ
കൊക്ക് കൊണ്ടു നീ തൊട്ടുനോക്കുന്നുവോ
ചത്ത പ്രാണൻ പുനർജ്ജനിപ്പിക്കുവാൻ?
ഒറ്റ മാത്രയേ നോക്കിയുള്ളൂ, മതി...
വയ്യ വയ്യിനിപ്പൂട്ടുക കണ്ണുകൾ
ആർത്തനായൊരാ കൊച്ചുപറവ തൻ
ദൈന്യമാം മുഖം വിസ്മരിച്ചീടുമോ!
മർത്ത്യനോ മനം വേദനിച്ചീടുകിൽ
ആർത്തനാദനായ് പേർത്തുകരഞ്ഞിടാം
ചിത്തമാകെ മുറിഞ്ഞൊരാ പക്ഷിതൻ
വീർത്ത ദുഃഖമതെങ്ങനെ തോർന്നിടും?