[പറയി പെറ്റ പന്തിരുകുലകഥകൾ കുട്ടിക്കാലത്തു കേട്ടപ്പോൾ തോന്നിയ അതിശയം ഒരിറ്റു പോലും ചോർന്നുപോകാതെ ഇപ്പോഴും കൂടെയുണ്ട്. അതിൽതന്നെ ഏറ്റവും അതിശയിപ്പിച്ച കഥാപാത്രമാണ് നാറാണത്ത് ഭ്രാന്തൻറെത്. ആ കഥാപാത്രത്തോട് തോന്നിയ ഇഷ്ടവും അദ്ദേഹത്തിൻറെ ചെയ്തികളെ കുറിച്ച് തോന്നിയ ജിജ്ഞാസയും മൂലം ഭ്രാന്ത് എന്ന അവസ്ഥാവിശേഷത്തോട് പോലും സ്നേഹം തോന്നിയിട്ടുണ്ട്. ഇന്നും മനസ്സിൽ നാറാണത്ത് ഭ്രാന്തൻ ഒരു സൂപ്പർ ഹീറോ ആണ്. ഇന്നത്തെ കുട്ടികൾ എത്ര പേർ നാറാണത്ത് ഭ്രാന്തനെ കുറിച്ച് കേട്ടിട്ടുണ്ട് എന്നറിയില്ല. അവർക്ക് കൂടി മനസ്സിലാകുന്ന രീതിയിൽ ഒരു കവിതയിലൂടെ നാറാണത്തിനെ അവതരിപ്പിക്കാനുള്ള ഈ ശ്രമം എത്രത്തോളം വിജയിക്കും എന്നും അറിയില്ല. മുൻകാലങ്ങളിൽ നാറാണത്തിനെ കഥകളിലൂടെയും കവിതകളിലൂടെയും ഒക്കെ അവതരിപ്പിച്ച ഗുരുതുല്യരായ വരെ ഏവരേയും മനസ്സിൽ ഓർത്തുകൊണ്ട് ഒരിക്കൽ കൂടി പാടട്ടെ നാറാണത്ത് ചരിതം.]
**************************************************************************************************************
ഗൂഗിൾ ചിത്രം |
പറയിക്കുണ്ടായ് പന്തിരുമക്കൾ
അവരിലൊരാളോ ദിവ്യൻ ഭ്രാന്തൻ.
ചെത്തല്ലൂരിൽ അത്തിപ്പറ്റ-
ക്കുന്നിൽ കുട്ടിക്കാലമലഞ്ഞോൻ
അഴവേഗപ്പുറമില്ലം തന്നിൽ
പഠനവുമായി വസിച്ചൊരു കാലം
ഭ്രാന്തും കാലിലെ മന്തും അവനിൽ
അരുമകളെന്നതുപോലൊന്നിച്ചു!
അകുതോഭയനാ ഭ്രാന്തൻ പലവുരു
മല തൻ തലയിലുരുട്ടിയുയർത്തിയ
ശിലയതു പിടിവിട്ടടിപറ്റുന്നത്
കണ്ടുചിരിപ്പതുകളിയല്ലെന്നോ?!
കളിയല്ലതിലൊരു ജീവിതസത്യ-
മൊളിഞ്ഞുകിടപ്പതു കണ്ടുചിരിപ്പോൻ,
അതികഠിനം മല കയറിച്ചെല്ലാൻ,
അടി പതറാനോ, അണുവിട പോരും!
അല്ലവനല്ലൊരു ഭ്രാന്തൻ, പലവുരു
ചിന്തിച്ചാലും പിടി നല്കാത്തോൻ!
ചുടുകാടാട്ടെ, മലമേടാട്ടെ
എവിടെയുമവനുടെയാലയമല്ലോ.
ഭൂതപ്രേതപിശാചുക്കളെയും
ഇല്ലില്ലവനൊരു തെല്ലും ഭയവും!
തീയും നീരും കണ്ടാലവിടം
തന്നെയവനുടെ രാത്രിയ്ക്കഭയം.
അങ്ങനെയൊരുനാൾ ചുടലക്കാട്ടിൽ
ചെന്നവനന്നൊരു രാത്രി കഴിക്കാൻ,
ചുടലത്തീയിൽ പാകം ചെയ്തവ-
നത്താഴത്തിന് മാർഗ്ഗം നോക്കി.
പലവിധമരണം കണ്ടു മടുത്തൊരു
ചുടലക്കാടിൻ നടുവിൽ ഭ്രാന്തൻ
തലചായ്ക്കാനായ് ആയും നേരം
പരിചൊടണഞ്ഞു പരിവാരങ്ങൾ!
ചുടലക്കാളിയുമാളികളും തൻ
രാത്രിസവാരിക്കെത്തിയ നേരം
ചുടലക്കാടിനെയരമനയാക്കിയ
മർത്ത്യനൊരുത്തൻ മരുവീടുന്നു!
അമ്പമ്പോ! ഇവനാരിതു ധീരൻ,
പ്രേതങ്ങൾ തന്നരികിലിരിപ്പോൻ?!
പേടിപ്പിച്ചിട്ടോടിക്കാനായ്
രാത്രിഞ്ചരികളൊരുമ്പെട്ടല്ലോ.
താണ്ഡവനൃത്തവുമാടി ഭയാനക
ശബ്ദമെടുത്തവരട്ടഹസിച്ചു.
തെല്ലൊരു കൂസലുമില്ലാതങ്ങനെ
പുല്ലു പറിച്ചു ഞൊടിച്ചൂ കേമൻ.
ഇങ്ങനെയുണ്ടോ മർത്ത്യനൊരുത്തൻ
ജീവനിലൊട്ടും ഭയമില്ലാത്തോൻ!
ക്രോധം പൂണ്ടൊരു ചുടലക്കാളി
ഭീഷണിപലതു തൊടുത്തൂ വീണ്ടും.
ഫലമതുകാണാഞ്ഞടവുകൾ മാറ്റീ
സൗഹൃദഭാവം പൂണ്ടൂ കാളി,
"പറയുക, നിന്നിൽ സംപ്രീതയിവൾ,
എന്തു വരം ഞാൻ നല്കീടേണം?"
ആശകളൊക്കെയുമാമയമെന്നൊരു
സത്യമറിഞ്ഞവനല്ലോ ഭ്രാന്തൻ
വരരുചിസുതനുടെയറിവിനുമേലെ
മറ്റൊരുവരമിനിയെന്തിനു വേറെ!
ഒന്നിലുമൊന്നിനുമിച്ഛയതില്ലാ-
തുള്ളു തുറന്നുചിരിച്ചൂ ഭ്രാന്തൻ.
കെഞ്ച ീ കാളി , "ഒരു വരമെങ്കിലു-
മെന്നിൽ നിന്നും വാങ്ങീടുക നീ"
"ആട്ടെ,യെങ്കിൽ ചൊല്ലുകയിനിയും
എത്ര ദിനങ്ങൾ ജീവിക്കും ഞാൻ?"
ചോദ്യമെറിഞ്ഞു നാറാണത്തും
കൃത്യം മറുപടി ചൊല്ലീ കാളി.
"അങ്ങനെയെങ്കിൽ കൂട്ടിത്തരുനീ
എന്നുടെയായുസ്സൊരുനാൾ കൂടി."
"ആയുസ്സു നീട്ടാൻ ഞാനാളല്ലതു
പരമാത്മാവിൻ കൈകളിലല്ലോ!"
"എങ്കിലെടുക്കുക കാളീ,യൊരു ദിന-
മെന്നുടെയായുർ രേഖയിൽ നിന്നും."
"വയ്യതുമെന്നുടെ കൈകളിലല്ലാ,
"വയ്യതുമെന്നുടെ കൈകളിലല്ലാ,
മറ്റൊരു വരമാരായുക വേഗം."
"എന്തൊരു മാരണമെന്നുടെ മുന്നിൽ
നിന്നുമൊഴിഞ്ഞുതരൂ നീ വേഗം"
എന്നുപറഞ്ഞുചൊടിച്ചൂ ഭ്രാന്തൻ,
കെഞ്ച ീ ചുടലക്കാളിയുമൊപ്പം.
തെല്ലൊരു പരിഹാസത്തോടപ്പോൾ
കാളിയെ നോക്കിച്ചൊല്ലീ ഭ്രാന്തൻ,
"കണ്ടോ, എൻറെ വലംകാൽ മന്തിത-
ടർത്തി,യിടത്തേ കാലിനു നൽകുക!"
കാളിക്കതിശയമേറീയുള്ളിൽ
ഇവനുടെയുള്ളിലിരിപ്പാരറിവൂ!
ഭ്രാന്തോ മണ്ടത്തരമോ ഇവനുടെ
ഇംഗിത,മെന്തു പൊരുൾ താനതിനും?
ഇവ്വിധമൊരു വരമാരും ഭൂവിൽ
ചോദിച്ചിട്ടില്ലിന്നേ വരെയും!
പൂർണ്ണസുഖത്തെ വരിക്കാനാഗ്രഹ-
മില്ലാത്തവരുണ്ടാമോ വാഴ്വിൽ?
ഇങ്ങനെ പലവിധ ചിന്തകൾ വന്നു
നിറഞ്ഞൂ കാളിയ്ക്കുള്ളത്തിങ്കൽ.
എങ്കിലുമവനുര ചെയ്തതുപോലൊരു
വരമതു നൽകാം, കാളി നിനച്ചു.
"നിന്നഭിലാഷം നിറവേറട്ടെ,
നല്ലതുവന്നു ഭവിച്ചീടട്ടെ!"
ഇത്ഥം ചൊല്ലി മറഞ്ഞൂ കാളി,
ഭ്രാന്തൻചിരി തൻ മാറ്റൊലി പൊങ്ങീ.
ആളികളപ്പോൾ ചോദിച്ചൂ "തവ-
മായയ്ക്കപ്പുറമെന്നോ ഭ്രാന്തൻ?!"
കാളി ചിരിച്ചൂ ഗൂഢം, അതിനുടെ
കരണമറിയാനാളികൾ വെമ്പീ...
കാളി മൊഴിഞ്ഞൂ, ജനിമൃതി തന്നുടെ
സീമ കടന്നവനല്ലോ ഭ്രാന്തൻ,
മുക്തൻ, അവനുടെ ഭക്തിയിലെന്നുടെ
ശക്തിയുമൊന്നിച്ചിടുമന്യൂനം!
മൃത്യുഭയത്താലജ്ഞതയേറും
മർത്യർക്കായെൻ കാളീനൃത്തം
നിത്യം നർത്തനവേദി,യിതെന്നുടെ
നൃത്തം തന്നെ ഗുണത്രയമഖിലം!!"
ഭ്രാന്തല്ലിതു മണ്ടത്തരമല്ലിവ-
നല്ലോ ജീവിതസത്യമറിഞ്ഞോൻ!
മോഹം തന്നുടെ മായാഭ്രാന്തിൽ
പെട്ടുഴലുന്നവരല്ലോ നമ്മൾ.
ഇരുകാൽ മന്ത് ചുമന്നുനടപ്പവർ
ഒരുകാൽ മന്തനെ നിന്ദിച്ചീടും.
ഭ്രാന്തിവനിൽ നാമാരോപിക്കേ
നേരു നുണഞ്ഞവനുണ്ടോ ദുഃഖം!
മോഹം മർത്ത്യനു ദു:ഖനിദാനം
പിടിപെട്ടാലൊരു ശമനവുമില്ല,
നാറാണത്തിൻ മന്ത് കണക്കത്
കൂടെക്കൂടും മരണം വരെയും!
ദിവ്യൻ ഭ്രാന്തൻ, തന്നുടെ ചെയ്തികൾ
തന്നിലൊളിപ്പൂ വൻപൊരുൾ പലതും!
കുന്നിൻ മുകളിൽ നിന്നുചിരിക്കു-
നിന്നും ഭ്രാന്തൻ നമ്മളെ നോക്കി!!
----------------------------------------------------------
----------------------------------------------------------
പദാർത്ഥം
-----------------
അകുതോഭയൻ = ഒന്നിനേയും ഭയമില്ലാത്തവൻ
ആലയം = വീട്
നീര് = വെള്ളം
പരിചൊട് = ഭംഗിയായി
പരിവാരം = സേന, അകമ്പടിക്കാർ
ആളി = തോഴി
അരമന = കൊട്ടാരം
മരുവുക = സ്ഥിതി ചെയ്യുക, പാർക്കുക
രാത്രിഞ്ചരി = രാക്ഷസി
ആമയം = ദുഃഖം
മാരണം = വലിയ ഉപദ്രവം
ഇംഗിതം = ആശ, ആഗ്രഹം
ഉര ചെയ്യുക = പറയുക
ഇത്ഥം = ഇപ്രകാരം