ഹേ രാമ! യെന്നന്ത്യമന്ത്രം ജപിച്ചു ഞാൻ
വെടിയേറ്റു വീണതിൻ ശ്രാദ്ധമിന്ന് !
ജീവനുതിർത്തൊരാ തിരയല്ല തീർത്തതെൻ
ജീവനിൽ വേദനയന്നുമിന്നും
മതമെന്ന വെടിയുണ്ട പായുമെൻ നാടിൻറെ
മുറിവേറ്റ ഹൃദയമെൻ തീവ്രദുഃഖം
എരിയുമാ തീയിലേക്കെണ്ണ പകരുന്ന
ഭാരതമക്കളെൻ നിത്യദു:ഖം
വിരിമാറു കാട്ടിയെൻ നാടിന്നതിർത്തിയിൽ
പൊലിയുന്ന ജന്മങ്ങളെന്‍റെ ദു:ഖം
അധികാരതിമിരത്തിനമരത്തിരിക്കുന്നൊ -
രലിവറ്റ വർഗ്ഗം വിതച്ച ദുഃഖം
അപമാനഭാരത്തിലിരുളാർന്ന കുഴിയിലേ-
ക്കമരുന്നൊരഭയമാരെന്‍റെ ദുഃഖം
വിപണിയിൽ വിലപേശി വിൽക്കുന്ന ഭാരത
നാരി തന്നൈശ്വര്യമെന്‍റെ ദുഃഖം
നാരി തന്നൈശ്വര്യമെന്‍റെ ദുഃഖം
ഒരു നേരം പശിയടക്കീടുവാനായിന്നു -
മലയുന്ന ബാലകരെന്‍റെ ദുഃഖം
അളവറ്റ ലഹരിയിൽ മതികെട്ടു മുങ്ങി-
യലയും യുവത്വമെന്നാത്മ ദുഃഖം
ഭാരതമാതാവിൻ കണ്ണുനീർ വീഴുന്ന
നിറമറ്റ ചേരികളെന്‍റെ ദുഃഖം
ഉടുതുണിയ്ക്കില്ലാ മറുതുണിയെന്നൊരാ
കാഴ്ച തന്നെയിന്നുമെന്‍റെ ദുഃഖം
ഇടിയുന്ന മൂല്യങ്ങളുടയുന്ന സംസ്കാരം
പെരുകുമഴിമതിയെന്‍റെ ദുഃഖം
വംശനാശം വന്നൊരാദർശധീരർ ത-
ന്നാത്മാവിൻ തേങ്ങലിലെന്‍റെ ദുഃഖം
കണികാണുവാനൊരു കണികയുമില്ലാത്ത
നേരും നെറിയുമോർത്തെന്‍റെ ദുഃഖം
ദിശതെറ്റിയൊഴുകുമെൻ ദേശത്തിൻ ഭാവിതൻ
ചിന്തയല്ലാതെ മറ്റില്ല ദുഃഖം
വർഷങ്ങൾ തോറുമെൻ ശ്രാദ്ധം നടത്തുമെൻ
മക്കളേയെൻ ചൊല്ലു കേൾക്കയില്ലേ?
അറിവിന്‍റെ, യലിവിന്‍റെ, സാഹോദര്യത്തിന്‍റെ-
യമൃതു കൊണ്ടൂട്ടുകയെന്‍റെ പിണ്ഡം
യമൃതു കൊണ്ടൂട്ടുകയെന്‍റെ പിണ്ഡം
ധനമോഹിയല്ല ഞാനഭിലാഷമില്ലയെൻ
തലവച്ച നോട്ടുകൊണ്ടാദരവും
പകരമെൻ മക്കളെയനുദിനം പോറ്റുന്ന
കർഷർ നൽകുന്നെനിക്കാദരം
ഉറ്റവരെവിട്ടു മഞ്ഞും മഴയുമേ-
റ്റെന്നുമെൻ മക്കൾക്കു കാവൽനിൽക്കും
ധീരജവാന്മാരെനിക്കു നൽകീടുന്നൊ-
രാദരം തന്നെയെനിക്കാദരം
പ്രതിമകൾ വേണ്ടെനിക്കിടവഴിതോറുമെൻ
പ്രജകൾ തന്നൊരുമയാണേറെയിഷ്ടം
പറയട്ടെ ഞാനെന്‍റെയാത്മാഭിലാഷങ്ങ-
ളെൻ മക്കളേയൊരുമാത്ര കേൾക്ക!
കനവിലെനിക്കുണ്ടു കനലെരിയാത്തൊരുൾ-
ക്കരുണ വറ്റാത്തൊരു മാതൃരാജ്യം
പല കൊടിയില്ലാതെ നേർനെറിവിൻ കൊടി -
യതു മാത്രമുയരുമെൻ ജന്മരാജ്യം
മതമെന്ന മാരകമാകുന്നൊരായുധം
മതിയിലേറ്റാത്തൊരു ശ്രേഷ്ഠരാജ്യം
പിടയുന്ന ജീവന്‍റെ വിലകൊണ്ടു നേട്ടങ്ങൾ
കൊയ്യാത്ത മർത്ത്യർ വാഴുന്ന രാജ്യം
പല ജാതിയില്ലാതെ സംസ്കാരമാകുന്നൊ-
രേകജാതി പുലരുന്ന രാജ്യം
ധർമ്മമൊഴിഞ്ഞൊരു കർമ്മവുമില്ലാത്ത
നന്മ വഴിയുന്ന പുണ്യരാജ്യം
ആരാരു തേരാളിയാകിലും സൽക്കീർത്തി
പാരിൽപ്പരത്തുമെൻ നല്ലരാജ്യം
എന്നും നിരുപമശാന്തി തന്നാനന്ദ-
മലതല്ലു,മെന്നുയിരായ രാജ്യം
കുടിലായ കുടിലുകൾ, കൊട്ടാരക്കെട്ടുക-
ളെവിടെയും നീതിയൊന്നായ രാജ്യം
നിയമങ്ങൾ വഴിതെറ്റി നീങ്ങാത്ത നിശ്ചയ-
ദാർഢ്യം നയിക്കുമെൻ ശക്തരാജ്യം
കാക്കുകെൻ മക്കളേ നിങ്ങളെ വിശ്വസി-
ച്ചേൽപ്പിച്ചൊരീയിന്ത്യയെന്ന രാജ്യം
ഒരു തുള്ളി രക്തം പൊഴിച്ചിടാതഭിമാന-
മോടെ നയിക്കുവിൻ നിങ്ങൾ രാജ്യം
ഇനിയുമീ വൈരമാമന്ധത തീണ്ടാതെ-
യൊരുമ കൊണ്ടൂട്ടുകയെന്‍റെ പിണ്ഡം
ഇതു മാത്രമാണിനി മമ രാജ്യമെന്നുടെ
ബലി നാളിൽ നൽകുവാനുള്ള കർമ്മം
"എന്‍റെ നാടെന്‍റെ നാടെ"ന്നുള്ള മന്ത്ര-
മായിന്ത്യയിലിന്നുമലയുന്നു ഞാൻ
അഭിലാഷമൊത്തുള്ള ബലി മക്കൾ നൽകിലേ
യെന്നുടെയാത്മാവ് മുക്തി നേടൂ
അതുകൊണ്ടു തരികെനിക്കാത്മശാന്തിയ്ക്കൊരേ
മനമോടെ മക്കൾതൻ ബലിതർപ്പണം...