വിശ്വമാകുമീ വെണ്ണക്കുടം തന്നി-
ലുള്ള മായാനവനീതമൊക്കെയും
നീ കവർന്നുവോ ഇപ്രപഞ്ചത്തിനെ
ചൂഴ്ന്നുനിൽക്കും രഹസ്യങ്ങളൊക്കെയും !
വിണ്ടലം കണ്ടുയരുമെന്നാശകൾ
കണ്ടു മാറിനിന്നൂറിച്ചിരിച്ചിടാ-
തൊന്നുവന്നെൻറെ കൂടെ നടക്കുക,
നിൻറെ കൈവിരൽത്തുമ്പാൽ നടത്തുക!
ഇന്ദ്രിയക്കരിംകാളിന്ദിയിൽ ഫണ-
മായിരം വിരിച്ചാടുന്ന കാളിയ-
സർപ്പമാകുമെന്നാഗ്രഹപാശത്തിൻ
കെട്ടഴിച്ചെന്നെ മുക്തമാക്കീടുക!
അന്നു നീയുരൽ കെട്ടിവലിച്ച പോ-
ലിന്നു നീയെൻറെ ചഞ്ചലചിത്തത്തെ
എങ്ങുകെട്ടി വലിക്കുന്നു? ഞാനതിൻ
പിൻപേയോടിക്കിതയ്ക്കുന്നിതെൻ കൃ ഷ്ണാ !
കുഞ്ഞുവായ് തുറന്നന്നു യശോദയെ
അത്ഭുതത്തിലാറാടിച്ച പോലെയി-
ന്നെന്നിലും നിന്‍റെ വിശ്വരൂപം പകർ-
ന്നാടുകയെന്നെ പാടെ മറയ്ക്കുക !
കണ്ണടച്ചു ഞാൻ ധ്യാനിച്ചിരിക്കയാ-
ണെന്നിൽ നീയൊളിക്കുന്നിടം കാണുവാൻ
നീയിരിക്കുന്ന ശ്രീലകമാകുമെൻ
ഹൃത്തിലേക്കുള്ള പാത തെളിയ്ക്കുക!
ജീർണമാകുമെൻ ജീവിതത്തിന്നവൽ
ക്കെട്ടിൽ നിൻ വിരൽത്തുമ്പു മുട്ടീടുകിൽ
പൂർണമായിടുമെന്നുടെ ജീവിതം
കൊണ്ടു ഞാൻ ചെയ്ത കർമ്മങ്ങളൊക്കെയും!