Followers

Sunday, May 11, 2014

മാതൃദേവോ ഭവ:


മാതൃത്വം വേദനയായി മാറിയ അനേകമനേകം അമ്മമാർക്ക് വേണ്ടി സമർപ്പിക്കുന്നു ഈ അക്ഷരങ്ങൾ ...

(ചിത്രം-ഗൂഗിളിൽ നിന്ന് )
 

മാതൃ ദിനത്തിൻറെ യാശംസയേകുവാൻ
മാലോകരൊക്കെയും മത്സരിച്ചീടവേ
മയ്യൽ* കവിയുമൊരമ്മമനങ്ങളെ
കാണാതെ പോകുവാനാകുമോയീ വിധം

മക്കളും കൊച്ചു മക്കളും ചുറ്റിലും
പത്തു പതിനാറു ഭൃത്യ ഗണങ്ങളും
ഒക്കെയായ് മാളിക മേലെ വസിച്ചിടും
അമ്മമാർ മാത്രമല്ലമ്മമാർ മന്നിതിൽ .

എല്ലു പൊട്ടെ വിടു വേലയും ചെയ്തിട്ട്
പാതിരാവിൽ തലയൊട്ടൊന്നു  ചായ്ചിടും
നേരത്ത് വേച്ചു വന്നെല്ലു തകർത്തിടും
കാന്തന്റെ താഡനമേൽക്കുന്നൊരമ്മമാർ,

പകലന്തിയോളം പല വീട് താണ്ടി
പല കുത്തുവാക്കും പഴിയും ചുമന്നു കൊ-
ണ്ടന്നന്നു കിട്ടും പഴങ്കഞ്ഞി മോന്തിയും
മക്കളെ പോറ്റി വളർത്തുന്നൊരമ്മമാർ,

കത്തും വെയിലത്തു കീറ മാറാപ്പിന്റെ
തുച്ഛമാം സ്വച്ഛതയ്ക്കുള്ളിൽ മയങ്ങുന്ന
പിഞ്ചിളം കുഞ്ഞിന്റെയൊട്ടും വയറു -
ണ്ടിടനെഞ്ചു  പൊട്ടിത്തകരുന്നൊരമ്മമാർ,

കുപ്പയിലും തെരുവോരത്തുമെന്നും
വന്നു പതിച്ചിടുമെച്ചിൽ പ്രതീക്ഷി-
ച്ചണയും ശുനകനോടേറ്റുമുട്ടിത്തോറ്റ്
ഭ്രാന്തിൻറെ വക്കോളമെത്തുന്നൊരമ്മമാർ,

യുദ്ധക്കെടുതിയാം ജ്വാലയിൽ തൻ രാജ്യ-
മപ്പാടെ തീക്കടൽ നക്കിത്തുടയ്ക്കവേ
കാക്കേണ്ടതേതു വിധമെന്നറിയാതെ
മക്കളെ നോക്കിയുരുകുന്നൊരമ്മമാർ,

സ്വത്തും മുതലുമവകാശവും വാങ്ങി
യെത്രയും വേഗ മൊഴിവാക്കി വച്ചിടു-
മമ്മ  കിടന്നൊരു കട്ടിലും പായയു-
മെന്നിട്ടു മക്കൾ നട തള്ളുമമ്മമാർ...

വൃദ്ധ സദനത്തിൻ മുറ്റത്തെ വൃക്ഷ -
ത്തണൽ പറ്റി നില്ക്കുന്നൊരു കൂട്ടമമ്മമാർ
മാതൃദിനമാണിന്നുവരുമത്രെ
ക്യാമറ തൂക്കിയൊരു കൂട്ടമാളുകൾ!   

ദൈന്യം നിറയും മുഖങ്ങൾ പകർത്തിടും
മക്കൾ സമ്മാനിച്ച പിച്ചള പാത്രവു-
മോട്ട വീണ പഴംതുണി സഞ്ചിയു
മൊപ്പമൊരായിരം ചോദ്യശരങ്ങളും...

പങ്കു വച്ചീടുവാനില്ലൊരു ദുഖവും
കേൾപ്പിക്കുവാനേതുമില്ല പരിഭവം
എങ്കിലും നിങ്ങൾ മടങ്ങുവതിൻ മുന്നേ
ചോദിച്ചിടാനൊരു  ചോദ്യമിതു മാത്രം

അമ്മയെയോർക്കാനൊരു  ദിനം മാത്രമോ?
അമ്മയെന്നോർക്കാതൊരു ദിനം തീരുമോ?
എന്നിട്ടുമമ്മമാരെന്തെ വഴിയോര
സത്രങ്ങൾ തോറും കനിവിനായ് കേഴുന്നു?

പിറന്ന നാൾ  നൽകിയ പേറ്റു നോവിന്നുമീ
മക്കളിന്നോളമേകിയ നെഞ്ചിലെ വേവിനും
കാത്തിടാമെന്നൊന്നു ചൊല്ലിടാ നാവിനും
മാപ്പു നൽകീടുകെൻ വന്ദ്യ മാതാക്കളെ...


*മയ്യൽ - ദുഃഖം , വേദന







Thursday, May 1, 2014

ലോ ജനറേഷൻ


കുട്ടിക്കോ പതിനെട്ടു തികഞ്ഞു
തയ്ക്കണമത്രേ 'ലോ വെയ്സ്റ്റൊന്ന്   '

'ലോ വെയ്സ്റ്റെ 'ന്നാലെന്താണെന്നെൻ
ന്യൂ ജനറേഷൻ കുട്ടി മൊഴിഞ്ഞു

പൃഷ് ഠത്തിൻ നടുഭാഗം തൊട്ടി-
ട്ടൊട്ടു തുടങ്ങും ഇരുകാലുകളും

ഇപ്പൊപ്പൊട്ടിത്താഴെപ്പോകും 
എന്നു ശഠിക്കും വസ്ത്രമതത്രെ!

'ലോ വെയ്സ്ടി'ട്ടാൽ വേണമതത്രേ
മുന്തിയ ബ്രാന്‍റിന്നണ്ടർവെയറും!

ഇടെയിടെ വെറുതെ കുനിയുമ്പോഴെ-
ല്ലാരും കാണും ബ്രാന്‍റൻ മേന്മ

അല്ലായെങ്കിൽ ഇല്ലൊരു വെയ്റ്റും,
ഒട്ടല്ലീ ലോ വെയ്സ്റ്റിൻ പ്രശ്നം!

എന്തൊരു കഷ്ടപ്പാടാണിവനീ-
യരയരയൻ* ലോ വസ്ത്രം മൂലം!

കൌമാരത്തിന്നഭിമാനത്തിൻ
പ്രശ്നമിതെന്നറിയേണം നമ്മൾ

പേടിക്കേണം പിറകെ നടക്കാൻ
ലോ വെയ്സ്ടിട്ടൊരു തലമുറയാണേ

അത്യാഹിതമെന്തും വന്നേക്കാം
വെപ്രാളം കൊണ്ടൊട്ടും വയ്യ...




(*അരയരയൻ വസ്ത്രം  - അരയുടെ അര ഭാഗം മാത്രം മറയ്ക്കുന്ന വസ്ത്രം എന്നാണ് ഉദ്ദേശിച്ചത് !)



(ചിത്രത്തിന് കടപ്പാട് ഗൂഗിൾ )