ജനനമതെന്നും പ്രതീക്ഷതാൻ കേവലം
മരണമോ ശാശ്വതം, നിത്യമാം സത്യം!
ജനനത്തിൽ നിന്നുമാ മരണത്തിലേയ്ക്കുള്ള
ദൂരമാണോർക്കുക,യേവർക്കും ജീവിതം.
ദൂരമങ്ങേറിടാം, തീരെക്കുറഞ്ഞിടാം,
ആരറിഞ്ഞീടുന്നു കൃത്യമാം കാതം!
ഇന്നലെ നമ്മൾ മരിച്ചതില്ലെന്നതും
ഇന്നു നാം ജീവിച്ചിരിപ്പുണ്ടതെന്നതും
മൃത്യുവൊരുനാൾ വരും തിട്ടമെന്നതും
മാത്രമറിയുന്നു തുച്ഛനാം മർത്ത്യന്‍;
എങ്കിലോ ഭാവിച്ചിടുന്നവനഖിലാണ്ഡ
മണ്ഡലം വാഴുമധിപനാണെന്നപോൽ!
എന്തിന്നഹങ്കരിച്ചീടുന്നു മാനുഷർ
കൈവന്ന കേവലനശ്വരജന്മത്തിൽ ?
തെല്ലും മടിയാതെറിഞ്ഞുടച്ചീടുക
നെഞ്ചിൽ കനക്കുമഹന്തതൻ ചില്ലുകൾ .
ചിത്രമായ് ഭിത്തിയിൽ തൂങ്ങുന്ന വേളയി-
ലോർത്തുവച്ചീടുവാൻ നന്മ ചെയ്തീടുക.
മരണത്തിനപ്പുറം ജീവിതമുണ്ടതു
ജീവിച്ചിരിപ്പവർതൻ ഹൃദയങ്ങളിൽ
മറ്റൊരുവന്നുതകുന്നൊരു ജീവിത-
മോർക്കുക, വെല്ലും മരണത്തിനെപ്പോലും!
മരണമിങ്ങെത്തിടും മുൻപൊരു തരി വെട്ട-
മെങ്കിലുമിങ്ങു പകർന്നുപോയീടുക..
കൈത്തിരിയൊന്നു തെളിച്ചു പോയീടുക...