Followers

Sunday, January 29, 2023

ഡോക്ടറേറ്റ് ചിന്തകൾ





യുവജനച്ചിന്തേച്ചി ഗതികെട്ട നേരത്തു

മലയപ്പുലയൻ്റെ  വാഴ കണ്ടു.

പഴമല്ലേ, പിഴുതീടാമെന്നോർത്തു ചിന്തേച്ചി

കനിവില്ലാതാക്കൊല കൊണ്ടുപോയി.

ഹെജിമണിപ്പുകയിട്ടു തട്ടിൻപുറത്തേറ്റി,

കൊല പഴുക്കുന്നതും കാത്തിരുന്നു.

പണിയേറെയതിനുമേൽ പണിതൊരു പരുവമായ്,

പിഴകളുമനവധി വന്നുകൂടി.

പുലയൻ്റെ  സ്രഷ്ടാവുമതുകണ്ടു ഗഗനത്തിൻ

മൂലയ്ക്കെങ്ങാണ്ടോ ദുഃഖിച്ചിരുന്നു.

ഹൃദയത്തിൽ മുളയിട്ട മൃദുലവികാരത്താ-

ലഴകേറ്റി ഞാൻ നട്ട വാഴത്തയ്യിൽ 

വിളയിച്ച കുല വെട്ടിയപരന്നു  നൽകുവാ-

നാരിവൾ ലിബറലാം  ചിന്താമണി?

അറുകൊലയിതുകണ്ടു ശരിവച്ച ഗുരുവര-

നജയനജയ്യനെക്കണ്ടോരുണ്ടോ? 

ഇതുപോലുള്ളവരെല്ലാമടിയുന്നൊരിടമുണ്ടി-

ന്നവരുടെ ഭരണത്തിൻ കാലമല്ലോ!

"അഴിമതി,യക്രമ,മത്യന്തരൂക്ഷമാ -

മപരാധം, നിശിതമാമശനിപാതം !

ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ

പതിതരേ, നിങ്ങൾ തൻ പിന്മുറക്കാർ ?"*


*(അവസാനത്തെ നാലുവരിയ്ക്ക് ശ്രീ ചങ്ങമ്പുഴയോടു കടപ്പാട് )

No comments:

Post a Comment