[പുതുതായി ഒന്നുമില്ലെങ്കിലും ഓർമ്മ പുതുക്കുംതോറും പുതിയ വെളിച്ചം തരുന്ന നമ്മുടെ സ്വന്തം പഴംചൊല്ലുകൾ. ആ നല്ല ചൊല്ലുകളിലൂടെ ഒരു യാത്ര...]
പതിരില്ലാപ്പഴംചൊല്ലിൻ
നിറവാർന്ന കതിർ ചൂടി
വിളയുന്ന വയലിന്‍റെ-
യഴകൊത്ത മലയാളം!
പഴംചൊല്ലിന്നകം പൊരു-
ളറിയുന്നോൻ വിനയത്താ-
ലൊരുനാളും തുളുമ്പിടാ -
നിറകുടമായ്ത്തീരും
പലതുള്ളിപ്പെരുവെള്ളം
നിറയുമൊരറിവിന്‍റെ
പഴംചൊല്ലിന്നലകളെ
പുൽകുവാനണയാമോ ?
ഒന്നെന്നാലടിയ്‌ക്കേണ -
മടക്കുവാനുലയ്ക്കയാൽ,
അടി മേലേയില്ലൊരൊടിയും
നല്ലതായ് വളർന്നീടാൻ
അതിയായി വിളഞ്ഞെന്നാ-
ലെടുത്തീടാ വിത്തിന്നും ,
കതിരിന്മേൽ വളം വച്ചാൽ
നന്മ വിളയില്ലൊരുനാളും
ചൊട്ടയിലെ ശീലമെല്ലാം
ചുടലയോളം കൂട്ടുപോരും,
നായതൻറെ വാലിതുണ്ടോ
കുഴലിലിട്ടാൽ നിവരുന്നു?!
മുളയിലറിയാമെത്രയളവതു
വിളയുമെന്നതുകൊയ്ത്തുനാളിൽ ,
അഞ്ചിൽ വിളയുകയില്ലയെന്നാ-
ലമ്പതിലും വിളയുകില്ല
മൂത്തവർതൻ വാക്കുകളോ
ആദ്യമാദ്യം കയ്ക്കുമല്ലോ
പിന്നെപ്പിന്നെ മധുരിയ്ക്കും
നല്ല നെല്ലിക്കയെപോലെ!
ഉണ്ണിയെക്കണ്ടറിഞ്ഞീടാ -
മൂരിലുള്ള പഞ്ഞമെല്ലാം ,
മത്ത കുത്തുകിൽ മുളയ്ക്കുമോ
കുമ്പളത്തിൻ വള്ളി മണ്ണിൽ !
അടയ്ക്കയോ മടയിൽ വയ്ക്കാ-
മടയ്ക്കാമരമൊക്കുകില്ല ,
ചൊല്ലിക്കൊടു, നുള്ളിക്കൊടു,
തല്ലിക്കൊടു, തള്ളിക്കള
മറന്നങ്ങു തുള്ളിയെന്നാൽ
മറിഞ്ഞങ്ങു വീണുപോകും ,
അടി തെറ്റിയൊരാനപോലും
നിലം പൊത്തിടുമതിവഗം
അമൃതും വിഷമായീടു-
മധികം സേവിച്ചിടുകിൽ ,
തലമറന്നൊരു നാളുമെണ്ണ
തേയ്ക്കരുതെന്നോർമ്മ വേണം
താൻപാതി ദൈവം പാതി-
യോർക്കേണം, മടി മൂലം
മലയൊന്നു ചുമന്നീടും
മടിയന്മാർ തൻചുമലിൽ
ആശിയ്ക്കുകിലണ്ണാനോ
ആനയാകില്ലെന്നാലും
ആകുന്നതു ചെയ്തീടാൻ
മതിയൊരണ്ണാൻകുഞ്ഞുപോലും!
അക്കരെപ്പോയ് നിന്നുവെന്നാ-
ലിക്കരെയൊരു പച്ചതോന്നും
ഇക്കരേയ്ക്കുടനണഞ്ഞീടിൽ
അക്കരേയ്ക്കോ പച്ച പോകും!
മിന്നിടുന്ന വസ്തുവെല്ലാം
പൊന്നതല്ലെന്നറിയേണം,
മുറ്റത്തൊരു മുല്ല പൂത്താ-
ലില്ല മണമതിനെന്നുതോന്നും
പോയ ബുദ്ധി പോരുകില്ല
ആന വന്നുവലിച്ചാലും,
പയ്യെപ്പയ്യെ തിന്നുമെന്നാൽ
പനപോലും തിന്നുതീർക്കാം!
ഇരുന്നിട്ടു നീട്ടിടേണം
കരുതലോടെ കാലുകളെ ,
ഒരുമിച്ചിരു വള്ളത്തിൽ
കാലൂന്നരുതൊരുനാളും
പഠിയുംമുമ്പു പണിയ്ക്കരാകാൻ
നോക്കിയാലതു ദോഷമാകും ,
മുറിവൈദ്യൻ മുറിയറിവാ-
ലാളുകളെക്കൊന്നിടുംപോൽ
അപായം വന്നണഞ്ഞെന്നാ -
ലുപായം തോന്നിടുമെങ്കിൽ,
മലപോലെ വന്നതെല്ലാം
മഞ്ഞുപോലെയുരുകീടും
തീയിൽനിന്നു കുരുത്തതുണ്ടോ
വെയിലത്തു വാടിടുന്നു ?,
മഞ്ഞു പെയ്താൽ കുതിരുമോ
തലയുയർന്നൊരു മലനിരകൾ ?
ഉർവശീശാപം ചിലപ്പോ-
ളുപകാരവുമായേക്കാം
നായ്ക്കുമുണ്ടൊരു നല്ലനാളെ-
ന്നുള്ള ചൊല്ലതു കേട്ടതില്ലേ ?
...........
...........
എണ്ണിയാലുമൊടുങ്ങാത്ത
നല്ല ചൊല്ലുകൾ പഠിച്ചീടിൽ
നേർവഴിയ്ക്കു നയിക്കുന്നൊരു
നല്ല മുത്തച്ഛന്നു സമം!
പതിരില്ലാപ്പഴംചൊല്ലി-
ന്നതിരില്ലാ മലയാളം
മതിയാവോളം നുകർന്നാൽ
മതിയുറയ്ക്കും നിശ്ചയം!
പഴഞ്ചൊല്ലുകള്‍ പോലെ എന്നെ ആകര്‍ഷിച്ച മറ്റൊന്നും തന്നെയില്ല... അതെ ടീച്ചറെ.. .ഒരോ പഴഞ്ചൊല്ലും ഒരു മുത്തച്ഛനു സമം.
ReplyDeleteഇക്കാലത്തെ കുട്ടികൾക്ക് ഇതിലൊന്നും താൽപ്പര്യമില്ല എന്ന് തോന്നുന്നു. മലയാളത്തിലെ പഴംചൊല്ലുകൾ പോലെ തന്നെ രസകരമാണ് ഇംഗ്ലീഷിലെ idioms and proverbs ഉം ഹിന്ദിയിലെ मुहावरे & लोकोक्ति യും. മറ്റു ഭാഷകളിൽ ഉള്ള പഴമൊഴികൾ അറിയുന്നതും രസകരവും വിഞാനപ്രദവും ആയി തോന്നിയിട്ടുണ്ട് .
Deleteപഴഞ്ചൊല്ലുകളുടെ ഒരു ശേഖരം തന്നെയാണ് കുഞ്ഞുണ്ണി മാഷ് എഴുതിയ "പഴമൊഴിപത്തായം"..കൊച്ചുചെറുപ്പത്തിലേ കേള്‍ക്കുന്ന പഴഞ്ചൊല്ലുകള്‍ അദ്ദേഹം കുറിച്ചുവെക്കാറുണ്ടത്രെ.അദ്ദേഹം ആ വിവരം പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്....
ReplyDeleteടീച്ചറുടെ ഈ പഴംചൊല്‍പ്പെരുമ ആകര്‍ഷകമായി.
വരികള്‍ ഇഷ്ടപ്പെട്ടു.
ആശംസകള്‍
കുഞ്ഞുണ്ണി മാഷ് എന്റെ ഇഷ്ടകവിയാണ്. ഇത്തിരി വാക്കിൽ ഒത്തിരി കാര്യം പറഞ്ഞു പോയ നല്ല മുത്തച്ഛൻ. പഴമൊഴിപത്തായം വായിച്ചിട്ടില്ല. വായിക്കണം. അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി സർ.
Deleteപഴഞ്ചൊല്ലുകള്‍ ആശ്ചര്യകരമാണ്.
ReplyDeleteനാലോ അഞ്ചോ വാക്കുകളില്‍ എന്തൊരു ആഴമുള്ള ആശയമാണ് പറയുന്നത്.
ഒരിക്കല്‍ ഞാന്‍ “നല്ല മലയാളം“ ഗ്രൂപ്പില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നത് ഓര്‍മ്മ വരുന്നു.
നാം കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന പഴഞ്ചൊല്ലുകളെ തള്ളിമാറ്റി ഒരു പുതിയ പഴഞ്ചൊല്ല് ഉണ്ടായിക്കണ്ടിട്ടില്ല. ഇത്രയും അറിവും വിദ്യാഭ്യാസവുമൊക്കെയുള്ള നാം എന്തുകൊണ്ടാണ് സ്കൂള്‍ പോലും കണ്ടിട്ടില്ലാത്ത പഴയ തലമുറയുടെ പഴഞ്ചൊല്ലുകളെപ്പോലെ ഒരെണ്ണം ഉണ്ടാക്കാത്തത്
പുതിയ ചൊല്ലുകൾ പലതും internet ൽ കണ്ടിട്ടുണ്ട്. പക്ഷെ ഒന്നിനും പഴയ ചൊല്ലുകളുടെ ആവിഷ്കാരഭംഗിയോ ആശയഗാംഭീര്യമൊ ഉള്ളതായി അനുഭവപ്പെട്ടില്ല.
Deleteഇപ്പഴാ മനസ്സിലായത് ഇത്രയും കവിതകൾ ഉണ്ടാക്കുന്ന തിരക്കായിരുന്നു ഇത്രയും നാൾ എന്ന്.
ReplyDeleteപഴഞ്ചൊല്ലുകൾ നല്ല ഭംഗിയായി അവതരിപ്പിച്ചു.
Thank you... കുറച്ചു നാളായി മിനുക്കുപണികൾ ചെയ്യാതെ വർക്ക് ഷോപ്പിൽ കിടന്നിരുന്ന രണ്ടു മൂന്ന് കവിതകൾ സമയം കിട്ടിയപ്പോൾ ഒരുമിച്ച് പോസ്റ്റ് ചെയ്തു എന്നേ ഉള്ളൂ. പലപ്പോഴായി എഴുതി വച്ചിരുന്നതാണ്.
Delete