Followers

Sunday, January 8, 2023

പരിത്രാണായ സാധൂനാം (കൃഷ്ണകാവ്യാർച്ചന.12 )
















ആർത്തുകരഞ്ഞു ജരാസന്ധപുത്രിമാർ,
അസ്തിയും പ്രാപ്തിയും താതനോടിങ്ങനെ, 
"കംസനെക്കൊന്നുവാ കൃഷ്ണൻ, തവപുത്രി-
മാർക്കിന്നു വൈധവ്യവും ഭവിച്ചയ്യോ!

കേമനാം രാജൻ മഗധേശ്വരൻ ഭവാൻ 
കാണുന്നതില്ലയോ  ഞങ്ങൾതൻ ദുർഗ്ഗതി?"
പുത്രേഷണയാൽ ജരാസന്ധനന്ധനായ്, 
കൃഷ്ണനോടുള്ള പകയാൽ പുകഞ്ഞവൻ. 

പുത്രിമാർക്കുണ്ടായ ദുഃഖമടക്കുവാൻ 
യാദവവംശമൊടുക്കാനുറച്ചവൻ, 
പത്തിരുപത്തിമൂന്നക്ഷൗഹണീസൈന്യ-
സന്നാഹമോടെ മഥുര  വളഞ്ഞുടൻ.

ധർമ്മസംസ്ഥാപനം തന്നെയവതാര- 
ലക്ഷ്യം തനിക്കെന്നു ചിന്തിച്ചുവച്യുതൻ.
ആയതിനുത്തമമായുള്ള കാല-
മടുത്താലതിനൊരു  ഹേതുവുണ്ടായ്‌വരും!  

കാര്യവും കാരണവുമവനല്ലാതെ 
മറ്റാരു സംസാരമാകുമീയബ്ധിയിൽ!
കാരണമാനുഷൻ, ബന്ധവിമോചിതൻ 
ക്ലേശങ്ങളെ നാശനം ചെയ്തിടും ഹരി! 

ചൊന്നു ഹൃഷീകേശൻ ജ്യേഷ്ഠനാം ഭദ്രനോ-
ടാര്യ! യദുനാഥ, കാണണം നമ്മുടെ 
യാദവന്മാർക്കു ഭവിച്ചൊരീ സങ്കടം,
പാലിക്കണം നീയവരെ യഥോചിതം.

സൂര്യനെപ്പോലെത്തിളങ്ങും തവരഥ-
മേറി പുറപ്പെടേണം ജനരക്ഷാർത്ഥം. 
സജ്ജനങ്ങൾതൻ ദുരിതം കളവതി-
നല്ലോ മനുഷ്യരായ് നാം വന്നു ഭൂമിയിൽ.

അസ്ത്രശസ്തകവചങ്ങൾ ധരിച്ചുകൊ- 
ണ്ടെത്രയും വേഗം പുറപ്പെട്ടിരുവരും. 
സൈന്യസമേതരായ് താന്താങ്ങൾതൻ രഥ- 
മേറിത്തിരിച്ചുവീ  ഭൂഭാരമാറ്റുവാൻ.

കൃഷ്ണരഥം ഗരുഡധ്വജാലങ്കൃതം, 
ഭദ്രനു താലധ്വജാലങ്കൃതരഥം.  
ഉച്ചൈസ്തരം മുഴക്കീ കേശവൻ തൻ്റെ  
ശംഖമാകും  പാഞ്ചജന്യം ,  മഹത്തരം! 

ശത്രുക്കളൊക്കെ വിറപൂണ്ടുനിൽക്കവേ 
ധൈര്യം നടിച്ചു ചൊല്ലി ജരാസന്ധനും, 
"പേടിച്ചൊളിച്ചിരിക്കുന്ന നിന്നോടു ഞാൻ 
യുദ്ധത്തിനില്ല, ഹേ കൃഷ്ണ! പൊയ്‌ക്കൊൾക നീ. 

ഹേ, ബാലരാമ! നിനക്കു ധൈര്യം വരു-
മെങ്കിൽ ഹനിക്കുകയെന്നെ നീ യാദവാ 
അല്ലായ്കിലെന്നുടെയസ്ത്രങ്ങളേറ്റു  നീ 
സ്വർഗ്ഗലോകം ചെന്നു പൂകുകയിക്ഷണം." 

ഗർവ്വിയാം മൂഢരാജൻ  തൻ്റെ  വാക്കുകൾ-
ക്കച്യുതൻ ചൊല്ലി മറുപടിയിങ്ങനെ,
"ശൂരന്മാരുണ്ടോ വിടുവാക്കു ചൊല്ലുന്നു?
നേർക്കുനേർ നിന്നവർ പൗരുഷം കാട്ടിടും.

നീ മരണാസന്ന,നാതുരൻ, നിന്നുടെ 
വാക്കുകളാരു വിലയ്‌ക്കെടുക്കാനെടോ?"
വന്നടരാടുക വീരനാണെങ്കിൽ നീ 
നിൻ യുദ്ധസാമർത്ഥ്യം കാണട്ടെ  യാദവർ 

അത്യന്തകോപാകുലനായ് ജരാസന്ധൻ 
വർദ്ധിതവീര്യമോടെ രണോത്സാഹിയായ്, 
തന്നുടെ സൈന്യസന്നാഹങ്ങളാലവൻ 
ചുറ്റിവളഞ്ഞുവാ യാദവസേനയെ.
  
മേഘധൂളീപരിവേഷ്ടിതസൂര്യാ -
നലന്മാർ കണക്കെയാ യാദവസേനതൻ 
ധ്വജരഥാദിചിഹ്നങ്ങൾ  മറഞ്ഞുപോയ്, 
കണ്ടവരൊക്കെയും സങ്കടചിത്തരായ്.

ഘോരമേഘാവൃതവൃഷ്ടിയാൽ പീഢിത-
മായ തൻ സേനയെ കാണവേ കേശവൻ 
ദേവാസുരാരാധിതമായ ശാർങ്ഗമാം 
വില്ലെടുത്തുഗ്രം തൊടുത്തമ്പുകൾ ക്ഷണാൽ .    

അഗ്നിചക്രം പോലെ വില്ലു ചുറ്റിച്ചും 
ശരങ്ങൾ തൊടുത്തും രഥങ്ങൾ തകർത്തുമാ  
രാമകൃഷ്ണന്മാർ ജരാസന്ധപാലിത-
മായൊരാ സേനയെയുൻമൂലനം ചെയ്തു. 

രാമൻ മഹാബലനാ  ജരാസന്ധനെ 
തോൽപ്പിച്ചു, ബന്ധിച്ചിടാൻ തുടങ്ങീടവേ 
"വിട്ടയക്കാം നമുക്കിപ്പോളിവനെ"  
യെന്നച്യുതനഗ്രജൻതന്നോടു ചൊല്ലിനാൻ. 

ശ്രീകൃഷ്ണലീലയറിയുന്ന സോദരൻ 
വിട്ടയച്ചു ജരാസന്ധനെ തൽക്ഷണം.   
ലജ്ജിതനായ് ജരാസന്ധനുമച്യുതൻ 
ദാനമായ് നൽകിയ  തന്നുടെ ജീവനിൽ. 

ദുഃഖമകന്നു  മഥുരാനിവാസികൾ 
യാദവസേനയെ സ്വീകരിച്ചു പ്രിയം  
വന്ദിച്ചു യോദ്ധാക്കളെ പുഷ്പവൃഷ്ടിയാ- 
ലാദരവോടെയാ മാലോകരൊക്കെയും. 

മംഗളവാദ്യങ്ങൾ, വേദഘോഷാദികൾ 
പുഷ്പപതാകാദികൾ, തോരണങ്ങളും 
എങ്ങുമലങ്കൃതവീഥികളും നിറ-
ഞ്ഞുത്സവച്ഛായയാർന്നാ മഥുരാപുരി! 

ഒന്നല്ലയിപ്രകാരം പതിനേഴു-
വട്ടം വിട്ടയച്ചു  ജരാസന്ധനെ ഹരി! 
അത്ഭുതം! ഓർത്താലവനുടെ ചെയ്തിക-
ളാർക്കറിയാം കാര്യകാരണങ്ങൾ വിഭോ!

നാരായണൻതന്നവതാരമാകുവോർ-
ക്കിക്കണ്ടതൊക്കെയും ലീലകൾ കേവലം.
എങ്കിലും സർവ്വലോകാനുഗ്രഹാർത്ഥമീ 
മാനുഷവേഷത്തിലാടുന്നു  ഭൂമിയിൽ!

കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ ജയ! 
കൃഷ്ണ! ബലഭദ്ര! കൃഷ്ണ! ഹരേ!
കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ ജയ! 
കൃഷ്ണ! ബാലഭദ്ര! കൃഷ്ണ! ഹരേ!


No comments:

Post a Comment