Followers

Tuesday, June 23, 2026

അവളല്ലാതെ മറ്റാര്?

 

 

അവളല്ലാതെ മറ്റാര്?

മഹാദേവാ, നിൻ്റെ  പുണ്യകൈലാസഭൂമിയിലേക്കുള്ള  യാത്രയ്ക്കായി എന്നെ അനുവദിച്ച നീ  എന്നിൽ അതിനായി അടയാളപ്പെടുത്തിയ യോഗ്യത എന്താണ്?  വെറും ആഗ്രഹം കൊണ്ടോ പണമോ  സ്വാധീനമോ ആരോഗ്യമോ ഉണ്ടായതുകൊണ്ടോ  നൂതനയാത്രാസംവിധാനങ്ങളും വിദഗ്‌ദ്ധരായ  യാത്രാസംഘാടകരും ഉള്ളതുകൊണ്ടോമാത്രം  ഒരാൾക്കും അഭൗമചൈതന്യം നിറഞ്ഞ നിൻ്റെയാ  ശിവഭൂമിയിലേയ്ക്കുള്ള  യാത്ര പൂർത്തീകരിക്കുവാനാകില്ലല്ലോ!

സ്വപ്നതുല്യമായ കൈലാസയാത്ര കഴിഞ്ഞെത്തിയ ദിനങ്ങളിളെല്ലാം  ഞാൻ മഹാദേവനോടു  ചോദിച്ചുകൊണ്ടേയിരുന്നു. 

പതിയെപ്പതിയെ, ആദ്യം അവ്യക്തവും ക്രമേണ വ്യക്തവുമായി എൻ്റെയുള്ളിൽ ചില ഓർമ്മകൾ ദൃശ്യങ്ങളായി തെളിഞ്ഞുവരാൻ  തുടങ്ങി.

ചെറുതോടുകളും പുഴകളും പച്ചപ്പും ചെറുകുന്നുകളും പശ്ചിമഘട്ടമലനിരകളുമൊക്കെ നിറഞ്ഞ കേരളത്തിൻറെ വഴികളിലൂടെ  തീവണ്ടിയിൽ, ബസ്സിൽ, കാറിൽ ഒക്കെ യാത്ര ചെയ്യുന്ന ഒരു കൊച്ചു കുട്ടി. പുറകോട്ടോടിമറയുന്ന വാഹനജാലകദൃശ്യങ്ങളിലേയ്ക്കു കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്ന ആ കുട്ടിയിൽ ഓരോരോ  കൗതുകഭാവനകൾ വിരിഞ്ഞുകൊണ്ടിരുന്നു. 

ദൂരെ കാണുന്ന ആ മലനിരകൾക്കപ്പുറം എന്തായിരിക്കും? 

ആ മലനിരകളുടെ മുകളിലേയ്ക്കു നടന്നു കയറിപ്പോയാൽ എങ്ങനെയുണ്ടായിരിക്കും? 

ചിലയിടത്തെല്ലാം വൃക്ഷങ്ങൾ നഷ്‌ടമായി  മലകൾ  മൊട്ടത്തലക്കൂട്ടങ്ങൾ  പോലെ ആയിപ്പോയതെന്തുകൊണ്ടാണ്?

അവിടെ മനുഷ്യർ ഉണ്ടായിരിക്കുമോ?

രാത്രിയിലെ ഇരുട്ടിൽ ആ മലകൾ കാണാൻ എങ്ങനെയുണ്ടാകും???

ആകാശത്തിനു കീഴെ ഒഴുകുന്ന മേഘങ്ങൾക്കും കാറ്റിനും പുഴകൾക്കുമൊപ്പം, കാണുന്ന  ഓരോ മലമുകളിലേയ്ക്കും നടന്നുനടന്നലിഞ്ഞു പതിയെ ഒരു വെളിച്ചത്തിൻ്റെ പൊട്ടുപോലെയങ്ങനെ മറഞ്ഞുപോകുന്ന തന്നെത്തന്നെ  മനസ്സിൽ ഭാവന ചെയ്തുരസിച്ചുകൊണ്ട് ആ കുട്ടിയിരുന്നു. യാത്രകൾക്കിടയിൽ കുട്ടി ജീവിതത്തിൻ്റെ  സ്വാഭാവികമായ മാറ്റങ്ങളിലേയ്ക്കും  തിരക്കുകളിലേക്കും  വളർന്നുവെങ്കിലും   ആ ഭാവനകൾ  മാത്രം കൗതുകമൊട്ടും കുറയാതെ  എന്നും മനസ്സിൽ പച്ചപിടിച്ചുനിന്നു. 

തീവ്രമായ  ആ ഭാവന അല്ലെങ്കിൽ ആ സങ്കല്പം ഇന്ന് അനുഭവമായി, ഈ ജന്മത്തിൽ സാദ്ധ്യമായേക്കാവുന്ന  അതിൻ്റെ  പാരമ്യാവസ്ഥയായ  കൈലാസപർവ്വതഭൂമിയിൽത്തന്നെ  ചെന്നെത്തിയല്ലോ  എന്നത്  ഓർക്കുന്തോറും ഞാനാകുന്ന ആ കുട്ടിയിൽ ഉണ്ടാകുന്ന  അവാച്യമായ ഒരു ആഹ്‌ളാദാനുഭൂതി ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. 

എന്നും ഭാവനയിൽ ആഗ്രഹിച്ചനുഭവിച്ച ഓരോ മലകയറ്റത്തിലും എന്നോടൊപ്പം ആ മലമകൾ, ഗിരിജയായി, പരാശക്തിയായി   
"തഥാസ്തു തഥാസ്തു" എന്നനുഗ്രഹിച്ചുകൊണ്ടു  സദാ  എൻറെയുള്ളിൽത്തന്നെയുണ്ടായിരുന്നുവെന്നത് ഇപ്പോൾ എൻ്റെ ഭാവനയല്ല, ബോധ്യമാണ്. 

ശിവപാതിയായ  അവളല്ലാതെ മറ്റാര് എന്നെയാ  ശിവഭൂമിയിലെത്തിയ്ക്കാൻതക്ക  കെൽപ്പുള്ളവൾ?!

സദാശിവയായി, അഗജയായി, അചഞ്ചലയായി  ദേവഭൂതാദിഗണാവൃതയായി അനാദികാലംമുതൽ തൻ്റെ പ്രിയനായ മഹാകൈലാസനാഥൻ്റെ  പശ്ചിമമുഖത്തോടു മുഖംനോക്കി അഖണ്ഡമണ്ഡലങ്ങളും  തന്നിൽ ലയിപ്പിച്ചുനിൽക്കുന്ന  ആ പർവ്വതപുത്രിയെ അവിടെ, അന്നാ  കൈലാസഭൂമിയിൽവച്ചു ദർശിച്ച മാത്രയിൽ "ഹോ! അമ്മേ, സാക്ഷാൽ പ്രകൃതിസ്വരൂപിണി" എന്നൊരു  സ്തബ് ധമായ വിളി നാഭിയിൽനിന്നുയർന്നു. അതിൻ്റെ  തരംഗങ്ങൾ അനാഹതത്തിലെത്തി  ശ്രീപാർവ്വതീസാന്നിധ്യമറിയിച്ച് ഭക്ത്യാദരപൂർണ്ണമായ ഒരു ആന്തലോടെ അകവും പുറവും നിറഞ്ഞുകവിഞ്ഞൊഴുകുന്നത് ശബ്ദരഹിതയായി ആനന്ദാശ്രുക്കളിറ്റുവീണ തൊഴുകൈയ്യോടെ  അറിഞ്ഞനുഭവിച്ചുനിന്ന    നിമിഷങ്ങൾ ഇനിയും  ജന്മജന്മാന്തരങ്ങളെത്ര  കഴിഞ്ഞാലും മറക്കാത്തവിധം ചിത്തത്തിൽ ആഴ്ന്നുപതിഞ്ഞിരിക്കുന്നു. 

പ്രകൃതിരമണീയതയെക്കാൾ പ്രകൃതിഗാംഭീര്യത്തെയാണു  കൈലാസഭൂമിയുൾപ്പടുന്ന തിബത്തിലെങ്ങും നമുക്ക് അനുഭവിക്കാനാവുക. കൈലാസഭൂമിയിൽ മാത്രമല്ല, ലോകത്തിലെവിടെയും  കാണുന്ന ഓരോ പർവ്വതശൃംഗത്തിനും ഏതെങ്കിലുമൊക്കെ ദേവീദേവവിഗ്രഹങ്ങളോടു സാമ്യം തോന്നുക സ്വാഭാവികമാണ്. എങ്കിലും ഈ  ശൃംഗത്തിൻ്റെ സവിശേഷഗാംഭീര്യമാർന്ന   രൂപവും ഭാവവും സ്ഥാനവുമെല്ലാം നമുക്കു പകർന്നുനൽകുന്ന ആ  ദിവ്യമായ അനുഭൂതിയെ തിരിച്ചറിയാതിരിക്കാനാവില്ലല്ലോ!  

അതെ! എന്നെ സദാ സന്തോഷിപ്പിച്ച, മനോകായങ്ങളാൽ ഞാൻ ചെന്നടുക്കാൻ  ആഗ്രഹിച്ച  ചെറുതും വലുതുമായ  മലകളിലും കുന്നുകളിലും പഞ്ചഭൂതാത്മകമായ  സർവ്വചരാചരപ്രകൃതിയിലും കുടികൊള്ളുന്ന  ആ ശക്തിസ്വരൂപിണി ഇതാ ഇവിടെ  മനുഷ്യനിർമ്മിതമായ യാതൊരു ആടയലങ്കാരവുമില്ലാതെ   പദ്മാസനസ്ഥയായ  ദേവീവിഗ്രഹസമാനയായങ്ങനെ ലോകാനുഗ്രഹബുദ്ധിയോടെ,  കൈലാസനാഥൻ്റെ  പശ്ചിമമുഖത്തെ  ഉറ്റുനോക്കി പ്രേമപൂർവ്വം വിരാജിക്കുന്നു!
അമ്മേ ശരണം!

ശംഭോ! നിൻ്റെ  തെളിഞ്ഞ മുഖദർശനം മൂടലില്ലാത്ത സത്യംപോലെ അസുലഭസുലഭമായി നല്കിയനുഗ്രഹിച്ച മഹാദേവ!  നിനക്ക് സ്വസ്തി.  

#കൈലാസയാത്ര 
2026 മെയ് 11 to മെയ് 25

ചിത്രങ്ങൾ 

ലേഖനത്തിൽ പ്രതിപാദിച്ച കൈലാസപർവ്വതത്തിൻ്റെ പശ്ചിമമുഖവും ആ മുഖത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്ന  ദേവീവിഗ്രഹസദൃശമായ ദിവ്യശൃംഗവും. കൈലാസപരിക്രമണത്തിൻ്റെ ഒന്നാംദിവസം യമദ്വാറിൽനിന്നും തുടങ്ങുന്ന യാത്ര ഏഴെട്ടു കിലോമീറ്റർ പിന്നിടുമ്പോഴാണ് കൈലാസത്തിൻ്റെ പടിഞ്ഞാറു മുഖം പരിക്രമണപാതയുടെ വലതുവശത്ത് ദൃശ്യമാകുക. കൈലാസത്തിന്റെ പടിഞ്ഞാറുമുഖത്തുനിന്നും ഉത്ഭവിക്കുന്ന  സത്ലജ് നദി പരിക്രമണപാതയുടെ ഇടതുവശത്തുകൂടെ ഒഴുകുന്നുണ്ട്. നദിയുടെ  മറുകരയിലാണു ദേവീരൂപമുള്ള അംബരചുംബിയായ ആ ശില  കൈലാസനാഥനഭിമുഖമായി സ്ഥിതി ചെയ്യുന്നത്.


  





കൈലാസത്തിൻ്റെ ദക്ഷിണമുഖം . പരിക്രമണം ആരംഭിക്കുന്നതിൻറെ തലേദിവസം അഷ്ടപദ് മലനിരകളിൽനിന്നുള്ള ദക്ഷിണാമൂർത്തിദർശനം. 




യമദ്വാറിനുമുന്നിൽനിന്നും ദക്ഷിണാമൂർത്തിയെ വണങ്ങി കൈലാസപരിക്രമണാരംഭം .




മഹാദേവൻ എനിക്കു തിരഞ്ഞെടുത്തുതന്ന ഷേർപ്പ - സീതർ.
അവരവരുടെ  യാത്രാഗ്രൂപ്പിനായി എത്തിച്ചേർന്ന ഷേർപ്പമാരുടെ പേരുകളിൽനിന്നും   നറുക്കെടുത്താണ് നമുക്കുള്ള ഷേർപ്പയെ തീരുമാനിക്കുന്നത്.  നമുക്കു  ലഭിക്കുന്ന ഷേർപ്പയും കുതിരയും നമ്മുടെ പരിക്രമണപാതയിലുടനീളം മഹാദേവൻ്റെ പ്രതിനിധികളായി നമ്മോടൊപ്പം ഉണ്ടാകും. അവരുടെ സഹായമില്ലാതെ ഈ യാത്ര അതികഠിനം.
അവർക്കു കോടി വന്ദനം.




പരിക്രമണത്തിൻ്റെ ആരംഭത്തിൽ കുറെ സമയം കൈലാസത്തിൻ്റെ ദക്ഷിണമുഖം കണ്ടുകൊണ്ടുതന്നെയാണു യാത്ര. കൈലാസത്തിൻ്റെ ദക്ഷിണമുഖത്തുനിന്നും ഉത്ഭവിക്കുന്ന കർണാലി വലതുവശത്തുകൂടെ മെലിഞ്ഞും വളർന്നുമെല്ലാം ഒഴുകുന്നുണ്ട്   യാത്രയിലുടനീളം മേഘങ്ങളാൽ മൂടപ്പെടാതെ  തെളിഞ്ഞുനിന്നു മഹാദേവൻ. 




കൈലാസപശ്ചിമമുഖദർശനം 
പശ്ചിമമുഖം ദൃശ്യമാകുമ്പോൾ പിതൃക്കളെ മനസ്സിൽ ധ്യാനിച്ച് അവർക്കു മോക്ഷം ലഭിക്കാൻ മഹാദേവനോടു പ്രാർത്ഥിച്ചുനമസ്കരിക്കേണ്ടവർക്കു നമസ്കരിക്കാമെന്നു ഞങ്ങളുടെ  യാത്രയുടെ സംഘാടകർ ഞങ്ങളോടു പറഞ്ഞിരുന്നതനുസരിച്ച് ഞാനും പിതൃക്കളെ ധ്യാനിച്ചുനമസ്കരിച്ചു . മഹാദേവൻ്റെ പടിഞ്ഞാറുമുഖം സദ്യോജാതനെയാണു പ്രതിനിധീകരിക്കുന്നത്.
"സദ്യോജാതം പ്രപദ്യാമി സദ്യോജാതായ വൈ നമഃ
ഭവേ ഭവേനാതി ഭവേ ഭവസ്വ മാം
ഭവോദ്ഭാവായ നമഃ " (തൈത്തരീയ ആരണ്യകം )

ജനനത്തിന്റെയും പുനർജന്മത്തിന്റെയും ചക്രത്തിൽ നിന്നുള്ള രക്ഷയ്ക്കായി സദ്യോജാതനെ സ്തുതിക്കുന്നു. 



കൈലാസത്തിൻ്റെ ഉത്തരമുഖം (വാമദേവം )

ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയമുണ്ടായിരുന്ന, 
സൂര്യോദയത്തിൽ സ്വർണ്ണവർണ്ണത്തോടെ തിളങ്ങുന്ന കൈലാസത്തിൻ്റെ വടക്കേ മുഖം നേരിട്ടുകണ്ടു വണങ്ങാൻ സാധിച്ചു.


പരിക്രമണം രണ്ടാംദിവസം 
പ്രഭാതത്തിൽ സുവർണ്ണനിറമാർന്ന വടക്കുന്നാഥനെ വണങ്ങിയശേഷശേഷമാണ് കൈലാസപരിക്രമണത്തിൻ്റെ രണ്ടാംദിവസം ആരംഭിക്കുന്നത്. വടക്കുമുഖത്തുനിന്ന്‌ (ഡെറാപുക്) ആരംഭിച്ച് ഡോൾമാലാ ചുരം കയറിയിറങ്ങി താഴ്വരയായ സുത്തുൾപുക്കിൽ എത്തണം. ഇതാണ് പരിക്രമണത്തിലെ ഏറ്റവും കഠിനമായ ഭാഗം. അംബരചുംബികളായ പർവ്വതനിരകളാൽ ചുറ്റപ്പെട്ട, പലവലിപ്പത്തിലുള്ള കല്ലുകളും പാറകളും മഞ്ഞുപാളികളും നിറഞ്ഞ, ഓക്സിജന്റെ ലഭ്യത വളരെ കുറഞ്ഞ  പാതയിലൂടെയാണ് ഈ യാത്ര ചെയ്യേണ്ടത്.   ഈ ദിവസത്തെ ട്രെക്കിങ്ങ് ആകെ  ഇരുപത്തിരണ്ട് കിലോമീറ്ററാണ്. കുതിരപ്പുറത്തു ചുരം കയറാമെങ്കിലും ഇറങ്ങുന്നതു കാൽനടയായിത്തന്നെ ഇറങ്ങണം. സമുദ്രനിരപ്പിൽനിന്നും 18500 അടി മുകളിലാണു ഡോൾമാ ലാ ചുരത്തിൻറെ കയറ്റം അവസാനിക്കുന്നത്. ചൈനീസ് സമയം രാവിലെ 9.21ന് കയറ്റം ആരംഭിച്ച് ഏതാണ്ട് 11.40ന് ഡോൾമാ ലാ ചുരത്തിൻറെ മുകളിൽ എത്തി. ഏകദേശം പത്തു മിനിട്ടു താഴേയ്ക്കിറങ്ങുമ്പോൾ ഗൗരീകുണ്ഡ് ദൃശ്യമാകും. താഴ്‌വരയിൽ എത്തുമ്പോഴേയ്ക്കും ഏകദേശം മൂന്നരമണി കഴിഞ്ഞിരുന്നു. പിന്നീട് നിരപ്പായ വഴിയിലൂടെ  പത്തു കിലോമീറ്റർ വീണ്ടും കുതിരപ്പുറത്തു യാത്ര ചെയ്താണ് രാത്രി താമസിക്കാനുള്ള ഹോട്ടലിൽ എത്തിയത്. 




ഡോൾമാ ലാ ചുരത്തിലേക്കുള്ള യാത്രയുടെ ആദ്യം മുതൽ കുറെ ദൂരത്തോളം കൈലാസത്തിൻ്റെ വടക്കേ മുഖം ദൃശ്യമാണ്.






അതികഠിനമായ കയറ്റം 




ഡോൾമാ ലാ ചുരത്തിൻറെ ഇറക്കത്തിൻറെ തുടക്കത്തിൽ തന്നെയാണ് ഗൗരീകുണ്ഡ് സ്ഥിതി ചെയ്യുന്നത്.

 



കൈലാസപരിക്രമണം മൂന്നാംദിവസം 

താരതമ്യേന നിരപ്പായ വഴിയിലൂടെയുള്ള മൂന്നാംദിവസത്തെ യാത്ര അത്ര കഠിനമല്ല. ഏകദേശം മൂന്നു മണിക്കൂർകൊണ്ടു തീരുന്ന യാ ത്രയാണ് അത്.
സുത്തുൾപുക്കിൽ നിന്നും ദാർച്ചൻ വരെ എത്തിയാൽ മൂന്നാംദിവസത്തെ പരിക്രമണത്തിനും പരിസമാപ്തിയാകും. പിന്നീട് ബസ്സിൽ മടക്കയാത്രയാണ്.



മൂന്നു ദിവസത്തെ കൈലാസപരിക്രമണത്തിൻ്റെ പരിസമാപ്തിസ്ഥാനത്തെത്തിയപ്പോൾ അതിൻ്റെ അടയാളം  കുറിക്കുവാൻ എൻ്റെ  സാരഥിയായ ഷേർപ്പ - സീതർ   തിബത്തൻ പരമ്പരാഗതരീതിയിൽ  എന്നെയണിയിച്ച മഞ്ഞ ഷാൾ.





മടക്കയാത്രയ്ക്കായി ബസ്സിൽ ഇരിക്കുന്ന എന്നെനോക്കി കൈവീശി യാത്ര പറയുന്ന സീതർ . മൂന്നു ദിവസം എന്നെ കുതിരപ്പുറത്തു കയറ്റിയും ഇറക്കിയും കൈ പിടിച്ചു നടത്തിയും  ഈ യാത്ര പൂർത്തിയാക്കാൻ തുണച്ച വഴികാട്ടി. മൂന്നു  ദിവസം എൻ്റെ ഭാരം വഹിച്ച കുതിരയും.
മഹാദേവ! ഈ യാത്രയിൽ എന്നെ തുണച്ച നിൻെറ പാർഷദന്മാർക്കെല്ലാം  നന്ദി...നന്ദി 
























Monday, May 25, 2026

ഈ മനഃ സരോവരഭൂവിൽ

ശ്രീമഹാദേവൻറെ കടാക്ഷത്താലും   പിതൃപരമ്പരയുടെ പുണ്യത്താലും    പൂർവ്വജന്മത്തിലെന്നോ ചെയ്ത സത്ക്കർമ്മത്താലും  കുടുംബാംഗങ്ങളുൾപ്പെടെ  ഒരുപാടു പേരുടെ പിന്തുണയോടെയും ലഭിച്ച ഈ  കൈലാസമാനസസരോവരദർശനസൗഭാഗ്യത്തെ വീണ്ടും വീണ്ടും ഹൃദയത്തിൽ അനുഭവിച്ചുകൊണ്ട്, ആ അനുഭവം വാക്കുകളിൽ ചുരുക്കാൻ ആകില്ലെന്നറിഞ്ഞാലും മാഹേശ്വരസൂത്രമാകുന്ന അക്ഷരമാലയെ സമാശ്രയിച്ചുകൊണ്ട്    ആ ദർശനമാഹാത്മ്യത്തെ എന്നാലാകുംവിധം  പുറത്തേയ്ക്കു പ്രവഹിപ്പിക്കുവാൻ കഴിയണമേ എന്ന പ്രാർത്ഥനയോടെ കൈലാസമനസസരോവരദർശനശ്രേണിയിലെ ആദ്യത്തെ അക്ഷരനിവേദ്യമായി ഒരു കവിത... ]


ഈ യാത്രയെ ഏറ്റവും ഭംഗിയായും ഉത്തരവാദിത്തത്തോടെയും സമർപ്പണബുദ്ധിയോടെയും മുന്നിൽനിന്നു  നയിച്ച മോചിതാസ് മോക്ഷയ്ക്കു ഹൃദയപൂർവ്വം നന്ദി, നമസ്കാരം 🙏🙏






നീലവാനവിതാനമോ,
മനതാരണിഞ്ഞ തടാകമോ ?
അകതാരിലോയിഹ പാരിലോ ?
നിലയെങ്ങിതെന്നു ഭ്രമിപ്പു ഞാൻ!

ചഞ്ചലേന്ദ്രിയവൃന്ദവും
സ്തബ്ദ്ധരായ് ക്ഷണമാത്രയിൽ,
സരസ്സേതിതിൽ? നഭസേതഹോ!
മനസ്സാകെ നിശ്ചലമാകയോ!

മാനസസ്സരസ്സാകുമീ
പരിശുദ്ധനീലജലാശയം
കണ്ടുനിൽപ്പതിനെന്തു പുണ്യ-
മിതെന്നു ചെയ്തതു ഞാനഹോ!

ഘനമൗനനീലതടാകമെന്നുടെ
യുൾത്തടത്തിലലിഞ്ഞതോ?
നിറവാർന്നു വീണു പരന്നതോ
മനഃശാന്തി തന്നുടെ നീലിമ ?!

ബോധമാം സരസീരുഹം
വിരിയുന്ന നീലസരസ്സിതിൽ
കലരുന്നുവെൻ മതിവെണ്ണിലാ
കരിവാവുടച്ച തടില്ലതാ!

പോകതില്ലിവിടം മറന്നെ-
ന്നോർമ്മകൾ പുനരെങ്ങുമേ,
ദേഹമിന്നിവിടം വിടാ,മെൻ
ദേഹിതൻ ഗൃഹമിങ്ങുതാൻ!

പൂർവ്വജൻമകൃതംപ്രതി
ഗതിയേറിയങ്ങനെ പോകവേ -
ജൻമഗേഹമണഞ്ഞിതോ?
ഹൃദി മൃത്യുഭീതിയൊഴിഞ്ഞതോ?!

ശിവപാർവ്വതീസഹിതം ചിരം
വാഴുവാനിഹ വന്നു ഞാൻ,
സർവ്വജീവചരാചരം ജഢ-
മോഹമറ്റുയരുന്നിടം!

വീണ്ടുമെന്നെ വരുത്തണേ
ശിവബോധമാം സരസ്സിൽ പരം;
മതി വീണലിഞ്ഞുണരുംവരെ,
ശിവമോദമാർന്നുയരും വരെ!

ശിവപാദധൂളി പതിഞ്ഞൊരീ
ഹിമഭൂമി വിട്ടകലുമ്പൊഴും
ശിവനാഭി തന്നിലടക്കണേ
മമ ചിത്തവൃത്തികൾ ഭദ്രമായ്!

ഹര! പാർവ്വതീപതയേ നമഃ !
ശിവ! ഗൗരവർണ്ണ നമോ നമഃ !
ഗളനാഗധാര! നമോ നമഃ !
ഭവരോഗഹാര! നമോ നമഃ !

ഓം നമഃ ശിവായ 🙏


# കൈലാസമാനസസരോവരയാത്ര 2026
    (11-05-2026   to   24-05-2026)



Thursday, February 19, 2026

നവീ(ശീ)കരണം


ആത്തണലില്ലിനിമേലിലാക്കാവിലെ
കാടു പോയ്, വേവുന്ന ചൂടാണു ഭാവിയിൽ. 
കാടടച്ചുദ്ധരിച്ചാട്ടിക്കളഞ്ഞോരു
കാവിതിൽ നാഗങ്ങൾ കല്ലായിരിക്കുന്നു!
വെട്ടിനിരത്തിപ്പുതുക്കീ ശതകങ്ങ -
ളൂഴിയിലാഴ്ന്നു വേരോടിയ പൈതൃകം.
നൂറ്റാണ്ടുകൾ കണ്ട കാവിതിൽക്കാവലാ-
യിക്കണ്ടകാലം വസിച്ച ചരങ്ങളോ
കാടും കരിയിലച്ചപ്പും തിരഞ്ഞല -
ഞ്ഞെങ്ങോയിഴഞ്ഞുപോയാർക്കുമറിവീല
നാഗബിംബാരാധനയ്ക്കായണഞ്ഞവർ
വാഴ്ത്തുന്നു ജീവൻ നിലച്ചോരു കാവിനെ...
"കാടുപോയപ്പോൾ തെളിച്ചമായ് കാവിതിൽ
വന്നുപോകാനുമെളുപ്പമായ്, മെച്ചമായ് ,
പാമ്പു വരില്ലിനി, നിർഭയം ചെയ്തിടാം
നാഗപ്രീതിക്കായി പൂജാദികർമ്മങ്ങൾ !
കാവിൻ പുന:പ്രതിഷ്ഠോൽസവം കേമമായ് !
കാടിന്നടിയന്തരമഹോ കേമമായ് !
നിത്യം തൊഴാനിനി ചിത്രമായ് തൂക്കിടാം
ചിത്രോടക്കല്ലേയനുഗ്രഹിച്ചീടുക!
ചിത്രോടക്കല്ലേയനുഗ്രഹിച്ചീടുക!"


Before

 



After 


Sunday, February 15, 2026

ശിവേന സഹ മോദതേ

 


മുക്കണ്ണൻ, കൂവളപ്രിയൻ
മുപ്പുരം വെന്ന കാളവാഹനൻ
മഞ്ഞിൻ നിറമൊത്തവൻ
മഹാഗൗരീപ്രിയൻ, മനോഹരൻ
മഞ്ഞുമാമലവാസൻ, മന്മഥാരി
മഹാമൗനാന്തർഗതനർത്ഥഗർഭൻ
മയോഭവൻ, മഹാമൃത്യുഞ്ജയൻ
മയസ്ക്കരൻ, മതി ചൂടിയോൻ
മനോമായയാമെൻ മാലൊഴിപ്പാൻ
മംഗളരൂപ! നിൻ പ്രിയമായയോടിരപ്പേൻ!


#ശിവരാത്രി2026

Thursday, October 2, 2025

നവം നവം നവരാത്രം


        

        



        






നവനവവർണ്ണവിധാനവിരാജിതം
ഭവനടനാലയം വിസ്മയമോഹനം!

നവരജനീസുമഗന്ധസുവാസിതം
നലമതിഭദ്രസുഭൂഷിതസുന്ദരം!

ചിത്ക്കമലാത്മജപൂജയിലർപ്പിതം
ശുഭമതിശാന്തമെൻ മാനസമന്ദിരം!

രാഗവിരാഗകരായുധധാരിണി,
ഹര! മമ ചപലവിചാരധുധോരണി!

തവപദസേവനമനുദിനമാശ്രയം
ഭഗവതി! ദുരിതനിവാരിണി! പാലയ!

അയി! ശിവശങ്കരി! ശക്തിപ്രദായിനി !
നൃത്യതു നൃത്യരതേ മമ മാനസേ...

നൂതനനൂതനഭാവസമേത-
ഭവാർണ്ണവതാരിണി, പാലയ സർവദാ!

കലിമലമത്തമനോഭ്രമഹാരിണി,
കുലപരിപാലിനി! കാളി! സദാശിവേ,

തവ കരലാളനമേകസമാശ്രയം,
ശിവദയിതേ! ശിവദേ! കുരുതേ പ്രിയം!

സകലശ്രിയപ്രദലക്ഷ്മി,  ദതാതു മേ
ഋണസകലാമയമോക്ഷവരാഭയം!

മമ ഭവനേ ഭവ! ഭവ! ഭവ! ശ്രീകരി!
ഹരിരസികേ, ഹര! താപത്രയം മമ!

അക്ഷരഹാരസുധാരിണി, വാഗ്മയി!
വാഗ് വിമലാകരി! ബ്രാഹ്മി! സരസ്വതി!

പ്രവഹതു, പാതു! സുവാണി സരസ്വതി!
പ്രവഹതു, പാതു! സുബുദ്ധി സരസ്വതി!|

പ്രവഹതു, പാതു! സുസിദ്ധി സരസ്വതി!
പ്രവഹതു , പാതു! സുവാചി സരസ്വതി!



#നവരാത്രി2025 
#Navarathri2025

Wednesday, December 18, 2024

കൃഷ്ണരസം

 















ചേലതൻ ചേലിൽ കുചേലനില്ലാ പ്രിയം, 

ചേലിലാ ശ്രീകൃഷ്ണമൗലിയിൽച്ചേർന്നൊരു 

പീലിതൻ ഭാഗ്യം നിനച്ചാലഹോ പ്രിയം!


ധർമ്മദാരങ്ങൾതൻ വാക്കാലെയെങ്കിലും 

മിത്രസമാഗമമിച്ഛിച്ചൊരന്തണൻ

ദ്വാരകാനാഥസ്മരണാശ്രുപൂർണ്ണനായ്!  


കല്ലും പതിരും നിറഞ്ഞതാം ജീവ-

പൃഥുകോപഹാരമാ ചേലെഴാച്ചേലയിൽ 

ലജ്ജിതനെങ്കിലും  ഞാത്തിയരുമയായ്!


കൃഷ്ണരസത്തെ നുണഞ്ഞുനുണഞ്ഞുകൊ-

ണ്ടാത്മസുഖാർത്ഥം ഗമിക്കും കുചേലനെ 

ചിത്തേ സ്മരിക്കുന്നു കൃഷ്ണാ ഹരേ ജയ!


#കുചേലദിനം 

Wednesday, November 20, 2024

പ്രദോഷം

വേല കഴിഞ്ഞു മടങ്ങുന്നരുണൻ 
വിടരുന്നിരുളിൻ ലോലദലങ്ങൾ, 
ഇരുളിൻ മൗനസമാധിയിലാഴും   
ഹൃദയമവിദ്യാലോകം താണ്ടും. 
ഉലകാമുടലിൻ ക്ഷണഭംഗുരമാ-
മാശാപൂർത്തിയ്ക്കപ്പുറമുള്ളൊരു 
വെളിവായുളവായ് തെളിയുമകംപൊരു-  
ളുഷസ്സാമക്ഷരകിരണാവലിയായ്!
വിടരും വിദ്യാഭാതിയിലകലും
മായാനിർമ്മിത കാലം, ദേശം...
പൂർണ്ണം പൂർണ്ണമിതേവമൊരത്ഭുത-
ചൈത്യന്യാത്മകബോധമുദിപ്പൂ!
തത്വമസിപ്പൊരുളുള്ളിലുണർന്നാ-
ലഖിലം സുഖദം, മുദിതം ഹൃദയം!



Wednesday, January 24, 2024

ധർമ്മപാദുകം
























രാമനെക്കാണുവാൻ പോകണം വൈകാ-
തയോദ്ധ്യാപുരിയ്ക്കു പോയീടണം
സാകേതബാലനെക്കണ്ടുവണങ്ങുവാൻ
കോസലത്തിൽച്ചെന്നുചേരണം.

എണ്ണക്കറുപ്പാർന്നൊരഞ്ജനക്കല്ലിലെ-
യത്ഭുതമൂർത്തിയെക്കാണണം,
തൃക്കാൽക്കലാനന്ദബാഷ്പമുതിർത്തിടു-
മഞ്ജനാപുത്രനെക്കാണണം!

കാഞ്ചനസായകം, പൊൻധനുസ്സെന്നിവ -
യേന്തിയ ബാഹുക്കൾ കാണണം,
ശംഖുചക്രഗദപത്മങ്ങളാർന്നൊരാ
വിഷ്ണുസ്വരൂപനെക്കാണണം!

വെള്ളിപ്പളുങ്കൊത്ത കൺകൾ ചൊരിയു-
മാനന്ദതീർത്ഥത്തിലാറാടണം!
പുണ്യസരയുവിന്നോളങ്ങളോടൊത്തു
രാമനാമം ജപിക്കേണം.

മുത്തു,പവിഴ,മാണിക്യ,വജ്രങ്ങളാൽ
മിന്നും സുവർണ്ണമുകുടം,
പച്ചമരതകമുത്തുമണിക -
ളിളകിയാടും ഹേമഹാരം, 

മിന്നുമരപ്പട്ട, മഞ്ഞപ്പുടവയും 
ചാർത്തിനിൽക്കും ബാലരൂപം!
കാണുമാറാകണം, പോകണം വൈകാതെ - 
യെൻ രാമലല്ലയെക്കാണാൻ!

ത്രേതായുഗാരംഭമായ് വീണ്ടു -
മീ മണ്ണിലാനന്ദരാമനണഞ്ഞു,
സ്വാമിയെക്കണ്ടു ഭരതനും നന്നായ്
നിറഞ്ഞു മിഴിയും മനസ്സും!

നല്ല ഭരതർഷഭൻമാരിനിയുമീ
ഭാരതദേശം ഭരിക്കാൻ,
ധർമ്മം പുലർന്നിടാൻ ശ്രീരാമപാദുകം
ചിത്തത്തിൽ നിത്യം സ്മരിപ്പൂ!

ശ്രീരാമ രാമ ജയ രാമ രാമ
ഹരേ രാമ രാമ ശരണം!

പ്രാണപ്രതിഷ്ഠ














സൗരയൂഥങ്ങളും ക്ഷീരപഥങ്ങളു-
മീരേഴുലോകങ്ങളുമതിൽ വാഴുന്ന
നാനാചരാചരജീവജാലങ്ങളും
ആചന്ദ്രതാരകസൂര്യാദിദേവതാ -
മണ്ഡലമാകുമീ മായാപ്രകൃതിയും
വാഴ്ത്തുന്നു ശ്രീരാമചന്ദ്രനെ മോദേന
ഐശ്വര്യമംഗലദീപങ്ങളും പുഷ്പ-
വൃഷ്ടിയും കൊണ്ടു മഹീതലമഞ്ചിതം!
ധന്യമീ വേളയിലെന്നുടെ നാവുകൊ-
ണ്ടാനന്ദരാമൻ്റെ നാമം ജപിക്കുവാൻ
കൈവന്നു ഭാഗ്യമെനിക്കുമിന്നിങ്ങനെ,
മറ്റെന്തു വൈഭവമെന്നുടെ നാവിതിൽ !

ഭഗവാൻ ശ്രീരാമചന്ദ്രനെ വരവേൽക്കുവാൻ പ്രാർത്ഥനയോടെ...🙏






 

January 22, 2024 - 12.25pm

Sunday, January 21, 2024

അയോദ്ധ്യയിലേയ്ക്ക്...


2024 ജനുവരി ഇരുപത്തിരണ്ട്. 
അയോദ്ധ്യ ശ്രീരാമജൻമഭൂമിയിൽ രഘുകുലോത്തമൻ ശ്രീരാമചന്ദ്രനിന്നു പ്രാണപ്രതിഷ്ഠ. 
തദവസരത്തിൽ ലോകമെമ്പാടുമുള്ള ഭക്തരുടെ ശുഭസങ്കല്പത്തേടുകൂടിയ പ്രാർത്ഥനയോടൊപ്പം എൻ്റെ പ്രാർത്ഥനകൂടി ചേർത്തുവയ്ക്കുന്നു. രാഷ്ടം മേൽക്കുമേൽ ശക്തവും മൂല്യവത്തുമായിത്തീരട്ടെ! 🙏

  **********************************

അയോദ്ധ്യയിലേയ്ക്ക്
🙏🙏🙏🙏🙏🙏🙏🙏🙏

ശ്രീരാമനാമമുഖരിതമെങ്ങുമെൻ
നാടാകെ ദീപപ്രഭാപരിപൂരിതം
ആരണ്യവാസം കഴിഞ്ഞിന്നു ശ്രീരാമ -
ചന്ദ്രനയോദ്ധ്യയ്ക്കെഴുന്നള്ളിടും ദിനം!
വീരേതിഹാസപുരുഷനാം കോദണ്ഡ -
പാണിയ്ക്കിതാ പുനഃപട്ടാഭിഷേകമായ് !

പഞ്ചശതോപരി സംവത്സരങ്ങളായ്
കാനനവാസനായ് മേവിയ രാഘവൻ
വീണ്ടുമയോദ്ധ്യാപുരി പൂകിടുന്ന നാ-
ളെന്നുടെ ഗേഹവും പ്രാസാദതുല്യമായ് !
കൊട്ടും കുരവയും വാദ്യഘോഷങ്ങളും
കേൾക്കുന്നിതെന്നുടെയന്തപ്പുരത്തിലും.
നിത്യവും ശ്രീരാമനാമം ജപിച്ചിടും
വീടുകൾതോറുമിന്നുത്സവമായിതാ !

ധർമ്മമാണെന്നുമീ നാടിൻ്റെ വൈഭവം,
രാമനെന്നും ധർമ്മവിഗ്രഹം, നിശ്ചയം!
പാദുകംവച്ചു ഭരിച്ച ഭരതനും
ഭാരതധർമ്മമറിഞ്ഞ മഹാരഥൻ!
ധർമ്മം വെടിയാത്ത രാജർഷികൾ വാണ
ഭാരതനാടിതു സത്യം! സനാതനം!

നീറിപ്പുകയും കലികാലമെങ്കിലും
രാമപ്രഭാവം വിളങ്ങുന്നു ഭൂമിയിൽ !
ത്രേതായുഗം കടന്നെത്തുന്നു രാഘവൻ
ഭാരതധർമ്മം പുനരെടുത്തീടുവാൻ
രാമരാജ്യത്തിന്നു വേദികയാകുവാൻ
ഭാരതമല്ലാതെയേതുള്ളു സ്ഥാനവും!

ധർമ്മമൂർത്തിയ്ക്കിന്നു പ്രാണപ്രതിഷ്ഠയായ്,
ശ്രീരാമമന്ത്രം ജപിക്കയായേവരും
ശ്രീരാമ രാമേതി മന്ത്രാർപ്പണങ്ങളാ-
ലൂഴിയും വാനവും ഭക്തിസാന്ദ്രാത്മകം!
സത്യയുഗത്തിൻ്റെയാരംഭമോയിതെൻ
സദ്സംഗകർമ്മഫലമോ ഹരേ! ഹരേ!

സത്യപരാക്രമമുള്ള നാഥ ജയ!
നിത്യവും സത്യം ജയിക്കാൻ നമിച്ചിടാം.
എന്നുള്ളിലാനന്ദചിന്മയ! സർവ്വദാ
ആത്മാഭിരാമനായ് വാഴ്ക  ഹരേ ജയ!
ശ്രീരാമ രാമ ഹരേ ജനകാത്മജ!
സീതാപതേ! ഹരിരൂപ! മനോഹര!
ഭക്തഹനുമദ്പ്രിയ! പദ്മനാഭനാം
പട്ടാഭിരാമ! ജയ! രാവണാന്തക!


Wednesday, December 20, 2023

കുചേലഗതം









നിർമ്മലഭക്തിയാമവൽ -

പ്പൊതിയുമായ് നിൽക്കയാ -

ണയുതമയുതം കുചേലർ 

വരിയായ് ഗുരുപവനപുരിയിൽ ...


അകത്താദ്യമെത്തിയ്ക്കാ -

മയുതം പണം കൊടുത്തൊരു 

നെയ് വിളക്കാക്കുകിൽ,

വിളിയ്ക്കയാണമ്പലംവിഴുങ്ങികൾ!


പുലരുംമുമ്പിടം പിടിച്ചുവീ

വരിയിലെന്നാകിലുമാകില്ല

കണി കാണുവാനിക്കുചേലനു 

നിൻ നിർമ്മാല്യരൂപം, ഹരേ!


"പത്രം പുഷ്പം ഫലം തോയം"

ഭക്തിയുതമർച്ചനം ചെയ്തിടാം,

 കുചേലമിത്രമാം കൃഷ്ണ! നീ -

യറുതി വരുത്തുകീ ദുർഭരണം.

*******************************

#കുചേലദിനം

(ധനുമാസത്തിലെ ആദ്യബുധനാഴ്ച)

Friday, December 8, 2023

ദുഃശകടവിഡംബനം

 







നാടു ഭരിക്കും നവകൗരവസഭ 

നാടു വിറപ്പിച്ചോട്ടം തന്നെ!    

മുന്നിൽപ്പെട്ടൊരു പാവം പ്രജകൾ 

ജീവൻ പണയം വച്ചതു പോലായ്.


കൗരവമുഖ്യൻതന്നുടെ ദുർമദ-

മേറും നോട്ടം തീണ്ടീടാതെ

ഓടിയൊളിക്കാൻ  വെമ്പുന്നോരെ 

ഓടിച്ചിട്ടുപിടിക്കുന്നണികൾ. 


പോയീടരുതാരാരും മുഖ്യൻ 

ചൊല്ലും പൊളികൾ കേട്ടീടാതെ, 

കൂച്ചുവിലങ്ങിൽപ്പെട്ടൊരു പൂച്ചക-

ളെന്നതുപോലെ  നിന്നൂവണികൾ. 

 

മിണ്ടിപ്പോകരുതാരും വീടിൻ 

വെളിയിലിറങ്ങരുതുത്തരവുണ്ടേ, 

തീനും കുടിയും നിർത്തണമിനിയറി-

യിപ്പൊന്നുണ്ടാകുന്നതുവരെയും. 


തീയിൽ പാചകമരുതവനിതുവഴി 

പോകുംനേരം വേണം കരുതൽ, 

ഗ്യാസുസിലിണ്ടർ പൂട്ടണമവനുടെ 

ഗ്യാസിനു നമ്മൾ കാവലുവേണം! 


കടുകു  വറുക്കരുതാരും കറിയി-

ലിരട്ടച്ചങ്കൻ ഞെട്ടിവിറയ്ക്കും,  

പേടിത്തൊണ്ടൻ നാടു ഭരിച്ചാൽ 

നാട്ടാർക്കെന്തൊരു തൊന്തരവമ്പോ!


കൊമ്പുകുലുക്കിപ്പോകും വണ്ടി-

യ്ക്കുള്ളിലിരിയ്ക്കും രാജനു 'കീ ജയ് '

ചൊല്ലാനൊത്തിരി  കുട്ടികൾ വേണം  

കുട്ടിക,ളവരിലടക്കോം  വേണം.  


വേദിയ്ക്കരികിലിറങ്ങണമതിനായ്  

മലയും മരവും സ്‌കൂളിൻ മതിലും  

തച്ചുതകർക്കണ,മാരവിടെ!യെൻ  

ദുഃശകടത്തിനു പാതയൊരുക്കിൻ! 


ഓടണ വണ്ടിയിലേറീടാനായ് 

പൊക്കണ യന്ത്രം വച്ചിട്ടുണ്ടേ, 

മൂന്നടി കേറാൻ വേണം കോടികൾ,

പോറ്റണമിവനെ പാവം പ്രജകൾ!


തമ്പ്രാൻ പോകുന്നേഴയലത്തായ് 

കണ്ടേക്കരുതു കറുപ്പിൻ രാശി, 

അയ്യപ്പന്മാർ മെയ്യിലുടുക്കും 

വസ്ത്രത്തിൻ നിറമരചനു ദ്വേഷം.   


കലി ബാധിച്ചു മെതിച്ചുനടക്കും

കനിവില്ലാത്തൊരു തസ്ക്കരവർഗ്ഗം,

ആക്രോശിക്കും തസ്‌ക്കരരാജനു   

വിടുപണി ചെയ്തിടുമുദ്യോഗസ്ഥർ.


മെച്ചത്തിൽപ്പങ്കിത്തിരി വല്ലതു-

മരചൻ  നൽകും പ്രതിഫലമായി,

പിൻ വാതിൽ വഴി വന്നാലണികൾ-

ക്കെല്ലാം മെച്ചം നൽകും സർക്കാർ. 

  

വാല്യക്കാരാം പ്രജകൾ മിണ്ടാ- 

തോച്ചാനിച്ചു വളഞ്ഞേപറ്റൂ, 

അല്ലാത്തോരുടെ രക്ഷയ്ക്കായ് -

'പ്പൂച്ചട്ടിപ്പദ്ധതി'യുണ്ടീ നാട്ടിൽ! 


പൗരപ്രമുഖൻമാരാണെങ്കിൽ   

കൗരവസദസ്സിൽ കേറിപ്പറ്റാം, 

അല്ലാത്തവരെങ്ങാനും വന്നാൽ    

മുഖ്യനു മൂക്കത്തരിശം മൂക്കും.


കൃപയില്ലാത്തൊരു നൃപനെ  പോറ്റി-

പ്പോറ്റി ജനങ്ങൾ പെരുവഴിയായി,  

ഓസ്സിനു തിന്നുകൊഴുക്കാനരചൻ, 

മുണ്ടു മുറുക്കിയുടുക്കാൻ പ്രജകൾ. 


നെയ് സേവിച്ചൊരു ഗർഭിണിയെ-  

പ്പരിചാരകർ സേവിക്കുന്നതുപോലെ, 

തന്നെ നടക്കാൻ കെല്പില്ലാത്തോൻ 

ചുമലിൽക്കേറിത്തിന്നു ലസിപ്പൂ! 


ഭരണത്തിൻറെ സിരാകേന്ദ്രത്തി-

ലിരുന്നുതടിച്ചൊരു  ചാഴികൾ മൊത്തം  

ഇരതേടാനായ് വെളിയിലിറങ്ങിയി-

താന മദിച്ചു വരുന്നതുപോലെ! 

 

കാട്ടിലെയരചൻ കുക്ഷി നിറയ്ക്കാൻ 

മൃഗയോഗം ചേരുന്നതുപോലെ 

തള്ളും  വണ്ടിയിലേറിവരുന്നു

ക്കൊള്ളത്തലവൻ! കൊള്ളാത്തലവൻ!! 


കണ്ടാൽ മിണ്ടാൻ നിൽക്കണ്ടാരും  

നന്നാക്കാനും നോക്കണ്ടാരും 

ജീവൻ വേണേൽ മാറിപ്പോണം 

നാട്ടാരെല്ലാം സൂക്ഷിക്കേണം!



Thursday, November 23, 2023

അമൃതേത്ത്

 






















ഗുരുവായൂരപ്പാ നിൻ കരുണാകടാക്ഷങ്ങൾ 

അളവില്ലാതെന്നും നീയരുളേണമേ,

ഉണരുമ്പോഴുഷസ്സായെന്നിരുൾ നീക്കും നഭസ്സായെൻ 

ഹൃദയത്തിൽ പ്രഭയായ് നീ തെളിയേണമേ.  (ഗുരുവായൂരപ്പാ നിൻ)


നിൻ പാദം പുണരും നൽതുളസിപ്പൂവിതൾ പോലെൻ 

വചസ്സിൽനിന്നമൃതം വന്നുതിരേണമേ,

കറ  തെല്ലും കലരാതെ ഭവസാരനടനത്തിൻ 

കര കാണാൻ തുഴയുമ്പോൾ തുണയാകണേ,   

പലതും വന്നടിയുന്നോരടിയൻ്റെ മനസിങ്കൽ 

വിഷമേതും തീണ്ടാതെ സുഖമേകണേ, 

വ്യഥകൾ കൊണ്ടുഴറുമ്പോഴൊരുവേള പതറുമ്പോ-

ഴകമേ വന്നൊരു നല്ല വഴി കാട്ടണേ. (ഗുരുവായൂരപ്പാ നിൻ )

എന്നന്തക്കരണങ്ങൾ കലി മൂടാതതിനുള്ളിൽ   

കനകത്തിൻ കതിരായ്  നീ കളിയാടണേ,  

അവിടുത്തെ കളികൾ കണ്ടവിരാമം തളരാതെ-

യതിനൊപ്പം കളിയാടാനറിവേകണേ! 

നിറയുന്ന മിഴി രണ്ടും നിൻ നേർക്കു നീളുമ്പോ-

ഴളവില്ലാതാനന്ദം കവിയേണമേ,

അതിൽമീതെ സുഖമില്ലെന്നറിയുമ്പോഴെന്നുള്ളം 

പ്രളയംപോൽ നിന്നിൽ ചേർന്നലിയേണമേ! (ഗുരുവായൂരപ്പാ നിൻ)


ഗുരുവായൂരപ്പാ നീ ഗുരുവാതാലയമൊന്നെൻ 

ഹൃദയാന്തർഗഗനത്തിൽ പണിയേണമേ,

അവിടെ  നിൻ തിരുനാമാവലികൾകൊണ്ടെന്നെന്നും 

ഉണ്ണാമമൃതേത്തുണ്ണിക്കണ്ണാ വരൂ!

ഗുരുവായൂരപ്പായെന്നുൾക്കാടിന്നിരുൾ നീങ്ങാൻ

നിത്യം തൃപ്പുകയാലുഴിയേണം ഹരേ!

സാരഥിയായ് സദ്ഗുരുവായ് സന്തതമെൻ  സ്നേഹിതനായ് 

കൃഷ്ണ! ശ്രീകൃഷ്ണാ  നീ വഴി കാട്ടണം! (ഗുരുവായൂരപ്പാ നിൻ)


#ഗുരുവായൂർഏകാദശി2023 

Sunday, October 22, 2023

വസതു മമ മാനസേ ( ദേവീസ്തുതി)




മഹാദേവി! മഹാമാത്രേ!

പരാപരാശക്തിരൂപിണി !

മഹാദേവി! ജഗത്ധാത്രീ! 

വസതു മമ മാനസേ!

പ്രസീദസ്മേ സദാ ദേവി!

പ്രസീദേ! പരമാത്മികേ!


നവദുർഗ്ഗേ! സ്വധാസർഗ്ഗേ!

സർവ്വമംഗലദായിനി!

അനായാസസുഗതിദ്ദാത്രീ!

ധർമ്മസംരക്ഷണാത്മികേ!

മഹാദേവി! മഹാദുർഗ്ഗേ!

വസതു മമ മാനസേ!


ശ്രീമഹാരുദ്രാർദ്ധാംഗിനി!

ലോകബന്ധുത്വകാരിണി!

സുകുടുംബൈക്ക്യദായിനി!

അവിദ്യാനർത്ഥനാശിനി!

മഹാദേവി! മഹാഗൗരി!

വസതു മമ മാനസേ!


മാതൃരൂപേ! ദയാപൂർണ്ണേ!

ഭക്തിസമ്പദ്പ്രചോദിനി!

നിശ്രേയസ്സപ്രദേ! പത്മേ!

സർവ്വസദ്സംഗദായിനി!

മഹാദേവി! മഹാലക്ഷ്മി!

വസതു മമ മാനസേ!


ദൃശ്യരൂപേ! മഹാമായേ!

അദൃശ്യേ! മാർഗ്ഗദർശ്ശിനി!

തുരീയേ! ജഗദംബികേ! വിദ്യേ!

അതീതേ! സർവ്വകാലികേ!

മഹാദേവി! ശ്രീസരസ്വതി!

വസതു മമ മാനസേ!


കാലകാരണകാരിണി!

കാളികേ! ശക്തിരൂപിണി!

അക്ഷരാക്ഷരഭ്രാമരി!

സർവ്വതന്ത്രസ്സ്വതന്ത്രിണി!

മഹാദേവി! മഹാകാളി!

വസതു മമ മാനസേ!


മഹാദേവി! മഹാമാത്രേ!

പരാപരാശക്തിരൂപിണി !

മഹാദേവി! ജഗത്ധാത്രീ! 

വസതു മമ മാനസേ!

പ്രസീദസ്മേ സദാ ദേവി!

പ്രസീദേ! പരമാത്മികേ!

🙏

ഓം മഹാ ദേവ്യൈ നമഃ 🙏


Friday, August 25, 2023

തിങ്കൾമൊഴികൾ

ചന്ദ്രയാൻ മൂന്ന് ദൗത്യം സാർത്ഥകമാക്കിയ ISRO യിലെ  ശാസ്ത്രജ്ഞന്മാർക്കു വന്ദനം! 

ഭാരതത്തിൻറെ ചന്ദ്രായനപേടകം  ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ചെന്നുതൊട്ടപ്പോൾ സന്തോഷവാനായ  ആതിഥേയചന്ദ്രൻ ഭാരതത്തിനായി ഇപ്രകാരം  സ്വാഗതഗീതമർപ്പിച്ചിരിക്കാം! 


ഭാഗ്യ!മന്നു ഞാൻ ചന്ദ്രശേഖരൻ-

തൻ്റെ മൗലിയിൽ ചേർന്നനാൾ

ചേർത്തുവച്ചതാണെന്‍റെ നെഞ്ചിലും 

ഭാരതാംബയെ ഗാഢമായ് !


ദക്ഷിണാമൂർത്തിയായ ശംഭുവെൻ 

രക്ഷയെ ചെയ്തതോർക്കവേ

ഭാരതത്തിനിന്നേകിടുന്നുവെൻ

സ്വാഗതം സാമോദമായ് !


ദക്ഷിണാർദ്ധവാതായനങ്ങളി-

ന്നാദ്യമായ് തുറക്കുന്നു ഞാൻ

സാദരം മഹാഭാരതത്തെ-

യെതിരേറ്റിടാനതികേമമായ് !


ഭാനുവിൻ കരമേറ്റിടാതിരു-

ളാഴുമെൻ്റെ നിഗൂഢമാം 

ദക്ഷിണാനനമാകെ ഭാരത-

ചിത്പ്രകാശം വീശുവിൻ!


ഭാസിലാണ്ടു രമിയ്ക്ക ഭാരത-

ഭൂമി! ഹൈമവതീ! സതീ!

പാറിടട്ടെനിൻ വൈജയന്തികാ-

കാന്തിയെൻ കുളിർമേനിയിൽ!