Followers

Thursday, January 5, 2023

അക്രൂരഗമനം (അക്രൂരൻ്റെ ഭക്തി-ഭാഗം 2 )/ കൃഷ്ണകാവ്യാർച്ചന.10

 


 



















അക്രൂരനാത്മഗതമോരോന്നുരച്ചു-
മനുരാഗേണ കൃഷ്ണനുടെ രൂപം നിനച്ചുമിതി 
പോകുന്നു കംസനുടെ ദൂതും വഹിച്ചു ഹൃദി 
ശ്രീകൃഷ്ണപാദകമലങ്ങൾ ഭജിച്ചുമിതി.

പോകും വഴിക്കു മനതാരിൽത്തെളിഞ്ഞു-
പല കാര്യങ്ങൾ, ഭാവനയതോരോന്നിലും ഹരിതൻ -
ഭാവങ്ങൾ,   പാദചലനങ്ങൾ, മുകിൽനിറവു-
മീറക്കുഴൽവിളിതന്നാനന്ദസാഗരവും!

ഞാനെന്തു പുണ്യമതു  ചെയ്തെൻ്റെ ജന്മമിതിൽ!
മുജ്ജന്മസുകൃതമതുമാവാം നിനച്ചിടുകിൽ!
അല്ലെങ്കിലെങ്ങനെയിതാ ഗോപികാരമണ- 
നാകുന്ന ചിന്മയനെ കാണ്മാനെനിക്കു ഗതി?!

കാലപ്രവാഹമൊരു നദിയായ് നിറഞ്ഞൊഴുകെ- 
യതിനെ മുറിച്ചു മറുകര ചെന്നു ചേരുവതി-
നിക്കണ്ട കോടിപരമതിൽമേലെ ജീവഗണ-
മതിലൊന്നിനായിടുകിലതു ദുർല്ലഭം ഭുവിയിൽ!

അമ്പാടിയിൽച്ചെന്നു ചേരുന്ന നേരമര-
വിന്ദാനനൻ്റെ സ്മിതവും  ഫുല്ലനേത്രങ്ങളും    
അളകാളികൾ ഇളകിടും ഫാലവും അതിലെ 
ഗോരോചനക്കുറിയുമിന്നു കണ്ടീടണം. 

ത്രൈലോക്യസുന്ദരനും ലക്ഷ്മീനിവാസിതനു-
മീലോകവാസികളിൽ പ്രേമം നിറഞ്ഞവനു-
മാകുന്ന മാധവനെ ഞാനിന്നു കാണുമതു 
കാണുന്നു  ഭാവനയിൽ, ശ്രീകൃഷ്ണരൂപ! ഹരി! 

നിരാകാരരൂപനുടെയവതാരമായ് ഭുവന-
സംസാരവാരിധിയിലുണ്ടായ മാനുഷനായ് 
വൃന്ദാവനത്തിലമരും പാദപങ്ങളിലും 
ഗോപീഗൃഹങ്ങളിലുമാടുന്നു ലീലയവൻ!

ഭൂഭാരനാശനാർത്ഥം   നീ പിറന്നു, പല 
മാനുഷ്യചേഷ്ടകളുമാടുന്നുവെങ്കിലുമീ 
കർമ്മങ്ങൾതൻ ബന്ധിയാകാതിരിക്കുവതി-
നായുള്ള മാർഗ്ഗമതു കാട്ടുന്നു നീ കൃപയാൽ!

കംസഹംസം ഞാനിതെന്നാലുമെന്നിലൊരു 
ശത്രുത്വമുണ്ടാകയില്ലെൻ്റെയച്ച്യുതനും 
ക്ഷേത്രജ്ഞനാം പരമാത്മാവു തന്നെയവ-
നെല്ലാമറിഞ്ഞിടുമന്തര്യാമി തന്നെ ഹരി!

ശ്രീകൃഷ്ണദർശനക്ഷണം ഞാൻ മറന്നഖില-
മവിടുത്തെതൃപ്പാദപദ്മങ്ങളിൽ വീഴും!
സാഷ്ടാംഗവന്ദനവുമർപ്പിച്ചിടും സകല-
വൃന്ദാവനപ്രാണികൾക്കും സംപൂജിതം. 

സൗഗന്ധികത്തിൻ്റെ  ഗന്ധമോലും  നിൻ്റെ 
പാണികളാലെന്നെയാശീർവദിച്ചുമാ-
ദീർഘബാഹുക്കളാലാലിംഗനം ചെയ്തും 
തീർത്ഥമായ്ത്തീർക്കുമെൻ ഗാത്രമിതും ഹരേ!

ഇത്തരം ചിന്തിച്ചു ചിന്തിച്ചു ഭക്തിയോ-
ടെത്തിയമ്പാടിയിലക്രൂരൻ ദൂതുമായ്, 
കൃഷ്ണനെക്കാണുവാനുള്ളോരു  മോഹ-
മങ്ങുള്ളിലക്രൂരനു വർദ്ധിച്ചിടുന്നഹോ!

No comments:

Post a Comment