Followers

Wednesday, February 4, 2015

വെണ്മലയാളം

[മാതൃഭാഷ എന്ന ചിന്ത  പലപ്പോഴും പലരുടെയും  കവിതയ്ക്കു വിഷയീഭവിച്ചിട്ടുള്ളതാണ് . അതുകൊണ്ടുതന്നെ  ആ വിഷയം വീണ്ടും ഒരു കവിതയാക്കാൻ ഇതുവരെ ധൈര്യമുണ്ടായിരുന്നില്ല, വള്ളത്തോളും മറ്റുപല മഹാകവികളും യഥേഷ്ടം മനോഹരമായി വർണിച്ചിട്ടുള്ള ഈ വിഷയത്തെക്കുറിച്ചു വീണ്ടും എഴുതുമ്പോൾ  അത് ഒരു പകർത്തിയെഴുത്തു മാത്രമായേ  വായനക്കാർക്കു തോന്നുകയുള്ളൂ എന്നതായിരുന്നു ഭയം. ഇതിപ്പോൾ ഒരു സഹപ്രവർത്തക ഒരു പ്രത്യേക ആവശ്യത്തിലേയ്ക്കായി മലയാള ഭാഷയെ കുറിച്ചു നാലുവരി എഴുതിക്കൊടുക്കുമോ എന്നു ചോദിച്ചപ്പോൾ എഴുതാൻ ശ്രമിച്ചതാണ് ഇതിലെ ആദ്യ നാലുവരികൾ. എന്നാൽ പിന്നീട് അതിനെ വെറും നാലുവരിയായി ഉപേക്ഷിക്കാൻ  മനസ്സു വരാഞ്ഞതു കൊണ്ട് ബാക്കി വരികൾ കൂടി എഴുതിച്ചേർക്കാൻ  ഒരു ശ്രമം നടത്തി. നമ്മുടെ മലയാള ഭാഷയെ വർണിക്കാൻ ഇത്രയൊന്നും ഭാവന പോര എന്നറിയാം. എങ്കിലും അണ്ണാറക്കണ്ണനും തന്നാലായതുപോലെ ഒരു  കുഞ്ഞു മലയാള മണ്‍തരി ഇവിടെ ചേർത്തുവയ്ക്കുന്നു. ]



തുമ്പപ്പൂപോൽ പരിശുദ്ധിയോലുന്നൊരീ  
തൂവെൺമലയാളമെന്‍റെ ഭാഷ 
അന്നൊരുനാൾ പിഞ്ചുകുഞ്ഞായിരിക്കവേ-
യമ്മയും ചൊല്ലിയ മാതൃഭാഷ 

കുഞ്ഞുങ്ങളാദ്യമായമ്മയെന്നോതുമ്പോൾ 
സ്നേഹം തുടിക്കും വാത്സല്യഭാഷ 
അച്ഛനെന്നുള്ളോരു വാക്കിൽ കടലോള-
മാദരവേറ്റും ഗംഭീരഭാഷ 

നാടോടിപ്പാട്ടിൻറെയീണം പഴകിയ 
നാട്ടുവരമ്പിൽ നാം കേട്ട ഭാഷ 
ഞാറുകൾ താളത്തിലാടുമ്പോൾ കർഷകർ 
മൂളിയിരുന്നതാം നാട്ടുഭാഷ 

വഞ്ചിപ്പാട്ടിൻ തക തെയ്യക്കം താളത്തിൽ 
വള്ളങ്ങൾ തുള്ളിക്കളിക്കും ഭാഷ 
വള്ളത്തോൾ പാടിപ്പുകഴ്ത്തിയ കേരള 
മണ്ണിന്‍റെ സ്പന്ദനമാർന്ന  ഭാഷ 

പഞ്ചവർണ്ണക്കിളിശാരികയൊന്നിനെ 
തുഞ്ചൻ പഠിപ്പിച്ച പദ്യഭാഷ 
മർമ്മത്തിലേറ്റിടും നർമത്തിന്നമ്പുകൾ 
തഞ്ചത്തിലെയ്ത കുഞ്ചന്‍റെ ഭാഷ 

ചെഞ്ചെമ്മേ പൊന്നുണ്ണിക്കണ്ണന്‍റെ ലീലകൾ 
ചേലിൽ ചെറുശ്ശേരി ചൊന്ന ഭാഷ 
ഭക്തി തന്നുത്തുംഗശൃംഗത്തിലെത്തിച്ച 
പൂന്താനപ്പൂങ്കുഴമ്പായ ഭാഷ 

നാരികൾക്കെന്നെന്നും മാതൃകയായിന്ദു-
ലേഖ പിറവിയെടുത്ത ഭാഷ 
മാർത്താണ്ഡവർമയും ധർമരാജാവുമായ് 
മാർഗ്ഗമീ നാട്ടിൽത്തെളിച്ച ഭാഷ 

പേരാറുമോമൽപ്പെരിയാറും ചേർന്ന-
മൃതൂട്ടി വളർത്തിയ കാവ്യ ഭാഷ 
സഹ്യസാനുക്കളിൽ നിന്നഭിമാനമോ-
ടെന്നുമുയർന്നു കേട്ടീടും ഭാഷ 

പൂരങ്ങളുൽസവം തെയ്യം തിരനോട്ട-
മെന്നുമരങ്ങിൽ  നിറയും ഭാഷ 
മുത്തുക്കുട ചൂടിയെത്തും ഗജവീരർ 
തൻറെ തലയെടുപ്പൊത്ത ഭാഷ 

ഗന്ധർവഗായകർ തൻ സ്വരമാധുര്യ-
മാവോളം കോരിക്കുടിച്ച ഭാഷ 
ദിക്കുകൾ മാറവേ മാറുന്ന ശൈലികൾ-
കൊണ്ടു സമ്പന്നമായ്ത്തീര്‍ന്ന ഭാഷ. 

ഭാഷയെ വർണ്ണിപ്പാനാവോളം വന്ദിപ്പാ-
നീ മർത്യജന്മമിതെത്ര തുച്ഛം! 
എങ്കിലും വന്നുപിറക്കേണം മണ്ണിതിൽ 
ഭാഷയെ മാതാവായ് മാനിക്കുവോർ

ചേലൊത്ത ഭാഷയ്ക്കു ചേരാത്ത വാക്കുകൾ 
ചൊല്ലി വികൃതമാക്കീടരുതേ 
നാളത്തെ കുഞ്ഞുങ്ങളീ മലയാളത്തെ 
നെഞ്ചേറ്റിടട്ടഭിമാനമോടെ!
നെഞ്ചേറ്റിടട്ടഭിമാനമോടെ! 

16 comments:

  1. അമ്മയെ മറക്കാതിരിക്കാം. അമ്മയുടെ ഭാഷയേയും.

    ReplyDelete
  2. ഗിരിജയുടെ ഈ കവിത എന്നെ വളരെ സന്തോഷവാനാക്കി. ആധുനിക കവികൾ എഴുതാൻ ഇഷ്ടപ്പെടാത്ത പഴമയുടെ മാധുര്യം ഉൾക്കൊള്ളുന്ന ശീലിൽ (വൃത്തം, പ്രാസം എന്നീ ക്രൂര പദങ്ങൾ ഒഴിവാക്കുന്നു) എഴുതിയ ഈ കവിത നല്ല നിലവാരം പുലർത്തുന്നു. ഇത്തരം കവിതകൾ കാലാതിവർത്തിയായി നിലനില്ക്കും.

    ReplyDelete
    Replies
    1. നന്ദി സർ. വൃത്തവും പ്രാസവും... എന്തിന്, താളം പോലും ഈയിടെയായി ക്രൂര പദങ്ങളാണ് കവിതാലോകത്ത്. ഇവയൊന്നും ഉപയോഗിക്കാൻ ആധികാരികമായ ഒരു അറിവും എനിക്കില്ലെങ്കിലും പണ്ട് ക്ലാസ്സ് മുറികളിൽ കേട്ടുമറന്ന ഈണം നില നിർത്താൻ ശ്രമിക്കുന്നു എന്ന് മാത്രം. തെറ്റുകൾ കണ്ടേക്കാം. എന്നാലും മുറിവാക്കുകൾ താഴേയ്ക്ക് താഴേയ്ക്ക് തൂക്കിയിടുന്നതിലും തൃപ്തി ഈ രചനാ രീതി തന്നെയാണ്, എഴുതുമ്പോഴും വായിക്കുമ്പോഴും.

      Delete
  3. valare nannayittundu, eniyum ezhuthuka..

    ReplyDelete
  4. മലയാളഭാഷയുടെ ഭാവശുദ്ധി വളരെ മനോഹരമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു ടീച്ചര്‍ക്ക്.
    ആശംസകള്‍

    ReplyDelete
  5. മലയാള ഭാഷ യെ മനോഹരമായി വർണി ച്ചിരിയ്ക്കുന്നു. ഭാഷ എന്ന ആവർത്തനം അധികം ആയിപ്പോയി. ചിലയിടങ്ങളിൽ ഒഴിവാക്കി കവിത അത് പോലെ എഴുതിയാൽ കൂടുതൽ ഭംഗി ആയേനെ.

    നല്ല കവിത.

    ReplyDelete
    Replies
    1. 'ഭാഷാ'പ്രയോഗം അധികമായി അല്ലേ

      Delete
  6. നന്മ ഭാഷ
    നല്ല ഭാഷ
    അമ്മ ഭാഷ
    മാതൃ ഭാഷ..

    സൂപ്പറായി ട്ടോ..

    ReplyDelete
    Replies
    1. നന്ദി മുബാറക്. ബ്ലോഗിലേക്ക് സ്വാഗതം

      Delete
  7. നെഞ്ചിൽ കൈയ്യ് വച്ചഭിമാനത്തോടെ പറയട്ടെ മനോഹരം

    ReplyDelete
    Replies
    1. സന്തോഷം മാനവൻ. പുതിയ വായനക്കാർ വരുന്നതും അഭിപ്രായം പറയുന്നതും വളരെ സന്തോഷം.

      Delete
  8. Valare nannayittudu. Nammude kashtakalathinu eppozhathey kuttikal malayalam ARIYILLA ennu parayunnavaranu

    ReplyDelete