Followers

Wednesday, January 4, 2023

അക്രൂരൻ്റെ കൃഷ്ണഭക്തി -ഭാഗം ഒന്ന് (കൃഷ്ണകാവ്യാർച്ചന.9 )

 



















ഉത്തമൻ അക്രൂരൻ തന്നുടെ  ശ്രീകൃഷ്ണ-
ഭക്തിതൻ വർണ്ണനയാകും മലരുക-
ളില്ലാതെയെങ്ങനെ കൃഷ്ണാ നിനക്കെൻ്റെ  
തുച്ഛമാം കാവ്യപുഷ്പങ്ങളർപ്പിച്ചിടും!
    
കൃഷ്ണപിതൃവ്യനാം അക്രൂരശ്രേഷ്ഠൻ്റെ
കീർത്തി കേൾക്കാത്തവരാരുണ്ടു ഭൂമിയിൽ?
ഭക്തരാം സജ്ജനങ്ങൾക്കവൻ വിശ്രുതൻ, 
നീചനാം കംസൻ്റെ സൈനികനെങ്കിലും.

ആ മഥുരാപുരത്തിൽ  കൃഷ്ണമാതുലൻ
കാട്ടുമധർമ്മങ്ങളേറിയനുദിനം 
തൻ ഭഗിനീപുത്രനാം കൃഷ്ണനെക്കൊന്നി-
ടാനെന്തുപായമെന്നോർത്തുവാ  കംസനും. 

യാദവശ്രേഷ്ഠനാമക്രൂരനെ ക്ഷണാൽ 
ഹർമ്മ്യത്തിലേയ്ക്കു വരുത്തിപ്പറഞ്ഞുടൻ, 
"പോകുക അമ്പാടിതന്നിലവിടെനി-
ന്നാ വസുദേവസുതരുമായെത്തുക.

എന്നെ ഹനിക്കാൻ പിറന്നൊരാ കാളിയ-
മർദ്ദകനുമവൻ തന്നുടെ ജ്യേഷ്ഠനും 
നന്ദഗോപാദിവൃന്ദങ്ങളുമെത്തിയാ-
ലെന്നിഭത്താലെ വധിപ്പേനവരെ ഞാൻ.

ശത്രുഭയമൊഴിഞ്ഞാലിഹ ഭൂമി ഞാൻ 
സ്വസ്ഥതയോടെ ഭരിച്ചിരിപ്പേൻ, സുഖം, 
ധനുർയാഗദർശനാർത്ഥം മഥുരാപുരി-
തന്നിലേക്കെല്ലാവരെയും ക്ഷണിക്കുക.

ഉത്തമൻ, ധർമ്മനിഷ്ഠൻ, സത്യസന്ധനാം 
ശ്രേഷ്ഠനക്രൂരൻ പറഞ്ഞുടനിങ്ങനെ 
"സ്വരക്ഷതൻ ചിന്തയതാർക്കുമഭികാമ്യ-
മെങ്കിലോ തദ്‌ഫലപ്രാപ്തിയനിശ്ചിതം!

ഈശ്വരേച്ഛയ്ക്കു നിരക്കാത്ത കർമ്മങ്ങൾ 
ചെയ്തിന്ദ്രിയസുഖം നേടിയതിൻ ഫലം 
ഇഷ്ടാനുസാരം വരാമനിഷ്ടം വരാം,
രണ്ടാകിലും സമബുദ്ധിയോടേൽക്കണം. 

എന്താകിലും തവയാജ്ഞാനുസാരി ഞാൻ, 
നിന്നിംഗിതാർത്ഥമുടനെ പുറപ്പെടാം."
കംസനോടിങ്ങനെ ചൊല്ലുമ്പൊഴും കൃഷ്ണ-
സംഗമപുണ്യമാണക്രൂരചിന്തയിൽ! 

കൃഷ്ണനെക്കാണുകയെന്നതിൻ മേലെ-
സുകൃതമുണ്ടോ ജന്മസാഫല്യമെത്തുവാൻ!
എത്ര കേട്ടാലും മടുക്കുമോ കൃഷ്ണനി-
ലക്രൂരനുള്ളൊരു ഭക്തിതൻ വർണ്ണന!

                                                            തുടരും 
ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ 

No comments:

Post a Comment