Followers

Friday, April 30, 2021

മൂങ്ങയോട് (കുട്ടിക്കവിത)


















മൂങ്ങേയിങ്ങനെ മൂളാതെ,

ഞങ്ങൾക്കുള്ളിഭയമാണേ...

വട്ടക്കണ്ണു മിഴിക്കല്ലേ

ഞങ്ങളെ നോക്കിക്കൊല്ലല്ലേ.

കണ്ടാൽ സുന്ദരനെന്നാലോ,

ഗൗരവമിറ്റു കുറയ്‌ക്കേണ്ട?

കുട്ടികളല്ലേ നിൻ മുന്നി,

ഒന്നു ചിരിക്കാൻ മടിയെന്തേ?

കൂരിരുളെങ്ങും തിങ്ങുമ്പോൾ

ലോകം നിദ്രയിലാഴുമ്പോൾ

എന്തു രഹസ്യം കാണാനായ് 

കാട്ടുമരത്തിലിരിക്കുന്നൂ?

വെട്ടം തീരെപ്പോയാലും

രാവിലുമെല്ലാം കാണുന്നോൻ!

കണ്ണാടിക്കണ്ണിൽ പ്പതിയാ-

താരും പോകാൻ നോക്കണ്ടാ,

നാട്ടാരെല്ലാം ചൊല്ലുന്നൂ,

ഉൾക്കണ്ണുള്ളൊരുലൂകം നീ!

പക്ഷികളാരും കൂട്ടില്ലേ സൽ-

വീക്ഷണമുള്ളോരു  ചങ്ങാതീ?

ചിറകടിശബ്ദം വയ്ക്കാതെ

ചുറ്റിത്തിരിയും നേരത്ത്

ഇരുചെവിയറിയാതടവിയിതിൽ 

ഇരയെ വീഴ്ത്താന്‍ നീ കേമൻ

കലപില ചൊല്ലുക പതിവില്ലേ?

ഏകാന്തതയെ പ്രിയമെന്തേ?  

നേർത്തൊരു ശബ്ദം പോലും നീ

പെട്ടന്നെങ്ങനെ കേൾക്കുന്നൂ?

ചെവി കൂർപ്പിച്ചൊരുഞൊടിയിനീ

എങ്ങനെ വാസ്തവമറിയുന്നൂ?

എന്തൊരു ഗമയാണമ്പമ്പോ!

എന്തെങ്കിലുമൊന്നുരിയാടൂ...


കുട്ടികളിങ്ങനെ നിർത്താതെ

പയ്യാരങ്ങള്‍ ചൊന്നപ്പോൾ

കൂമനുമല്പം മയമുള്ളിൽ

തോന്നുകയാലേ ചൊല്ലിയവൻ;

നിങ്ങൾ കേട്ടതു ശരിയാണേ,

ഞാനൊരു രാത്രിഞ്ചരനാണേ;

'നത്തു കണക്കെ'ന്നൊരു ചൊല്ലൽ

കേട്ടിട്ടില്ലേ കുട്ടികളേ?

എന്നാൽ നിങ്ങഭയക്കുമ്പോ

ഞാനൊരു ഭീകരനല്ലല്ലോ!


അയ്യോ! പുലരാറായല്ലോ,

എൻ പതിവിന്നു മുറിഞ്ഞല്ലോ,

ഇരുളിൽ നിന്നു  കറങ്ങാതെ

പോവുക വേഗം കുട്ടികളേ

ങ്ങൂഹൂ ങ്ങൂഹൂ ങ്ങൂഹൂഹൂ...

Tuesday, April 27, 2021

ഹനുമദ്‌വന്ദനം

 ഇന്നു ഹനുമദ്‌ജയന്തി

ഇതിഹാസകഥാപാത്രങ്ങളിൽ വച്ചേറ്റവും സ്നേഹം തോന്നിയിട്ടുള്ളവരിൽ മുമ്പനാണു ശ്രീ ഹനുമാൻ. ദുഖിച്ചിരുന്ന സീതാദേവിയുടെ മനസ്സിനെ ആശ്വാസവചനങ്ങളാൽ തണുപ്പിച്ചതുകൊണ്ടു മാത്രമല്ല, സീതാദുഃഖത്തിനു കാരണക്കാരനായ ദശാനനനെ  ഒരു പാഠം പഠിപ്പിക്കുകകൂടി ചെയ്തതുകൊണ്ടാണു  
വാനരശ്രേഷ്ഠനായ ഹനുമാൻ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. സ്ത്രീകളെ ബഹുമാനിക്കാത്ത പുരുഷരാക്ഷസന്മാരെ കൈകാര്യം ചെയ്യുവാൻ  മനസ്സും കരുത്തും ഉള്ള
  ഒരു കഥാപാത്രത്തെ ഏതു സ്ത്രീയാണു  വില മതിയ്ക്കാതിരിക്കുക! 

ജയ് ശ്രീ ഹനുമാൻ! 

[കവിതയിലെ വരികൾക്കു ആദികവിയായ വാല്മീകീമുനിയോടു കടപ്പെട്ടിരിക്കുന്നു. അല്ലെങ്കിലും നമ്മുടെ ഗുരുപരമ്പരകൾ നല്കിയതല്ലാതെ മറ്റെന്തറിവുണ്ടീ മാനവരാശിയ്ക്ക്  അവകാശപ്പെടാൻ?!]
ഓം ഗുരുഭ്യോ നമഃ  
----------------------------------------------------------------------------------------------------------


                    ഹനുമദ്‌വന്ദനം
 


രാമദുഃഖത്തെ ശമിപ്പിച്ച നിർമ്മല-
ഭക്തനാമാഞ്ജനേയന്നെ സ്മരിച്ചിടാം, 
രാമാനുസാരണം മൈഥിലീപുത്രിതൻ 
താപം തണുപ്പിച്ചവന്നെ സ്മരിച്ചിടാം.   

നിഷ്പ്രയാസം ജലക്രീഡാസമം, ക്ഷണം 
ആഴിയെ ലംഘിച്ചു പ്രാപിച്ചു ലങ്കയെ! 
ശിംശപാവൃക്ഷച്ചുവട്ടിലിരുന്നിടും  
ഭൂമീതനയയെക്കണ്ടുവണങ്ങിനാൻ; 

ജാനകീദേവിതൻ കണ്ണുനീർത്തീയിനാൽ 
ലങ്കയെച്ചുട്ടുപൊട്ടിച്ചൂ കപിവരൻ, 
മാതൃനിന്ദയ്ക്കു തുനിഞ്ഞവൻ തന്നുടെ 
പ്രാസാദമാക്ഷണം ഭസ്മസമാനമായ്. 

മനോശീഘ്രഗാമിയും മാരുതതുല്യനു-
മാകും മനോജയൻ, ബുദ്ധിവിശാരദൻ, 
വാനരസേനാപതി, മാരുതസ്സുതൻ,  
ശ്രീരാമവാക്യം  ശിരസ്സാ വഹിച്ചവൻ; 

അഞ്ജനാപുത്രനാം  വാനരവീരകൻ, 
ജാനകീശോകവിനാശനകാരണൻ, 
മർക്കടനായകൻ  ഇന്ദ്രിയേശോത്തമൻ, 
വന്ദനാർഹൻ, മഹാലങ്കാഭയങ്കരൻ!

ആഞ്ജനേയൻ തൻ്റെയാനനം പാടല-
വർണ്ണസമം,ഹേമശൈലശരീരവാൻ,   
പാരിജാതതരുമൂലാധിവാസിയാം 
പവമാനപുത്രനെ ചിത്തേ സ്മരിച്ചിടാം. 

എങ്ങെങ്ങു ശ്രീരാമമന്ത്രമുയർന്നിടു-
മങ്ങങ്ങു  സാഷ്ടാംഗവന്ദനം ചെയ്തിടും 
രാമദൂതൻ, ഭക്തിബാഷ്പവിലോചനൻ 
രാക്ഷസാന്തകൻതന്നെ സ്മരിച്ചിടാം.  

Monday, April 19, 2021

ചിപ്പ്


ത്വക്കിന്നു കീഴേ ഘടിപ്പിച്ച ചിപ്പുമായ് 
ചത്തുജീവിക്കുന്ന ലോകം പിറക്കയായ്!
കൃത്രിമബുദ്ധിതന്നാധിപത്യത്തിൻ്റെ 
കാലം സമാഗതമായ്, വഴിമാറുവിൻ!  
എല്ലാമിനി ബുദ്ധിരാക്ഷസൻ ചൊല്ലിടും
മിണ്ടാതെ ചൂണ്ടുവിരൽ താഴ്ത്തിനിൽക്കുവിൻ!
ചാടരുതോടരുതാരുമേ മിണ്ടരു-
തേകലോകാധിപതിയെ വണങ്ങുവിൻ! 
രോഗമുണ്ടെങ്ങും ശ്വസിക്കരുതാരും
രോഗാണുമുക്തമാമോക്സിജൻ വാങ്ങണം,
വെള്ളവും മേലിൽ കുടിക്കരുതീയൊരു 
ചിപ്പു വച്ചാലലട്ടില്ല പൈദാഹങ്ങൾ! 
എങ്ങോട്ടുപോകണമെപ്പോൾ മടങ്ങണം, 
കിറ്റുകൊണ്ടപ്പാടെ മെയ് മൂടിവയ്ക്കണം,
വൃദ്ധരെയൊക്കെയകത്തിട്ടു പൂട്ടണം 
വ്യായാമം, നാമജപങ്ങൾ തടുക്കണം 
ആരെ ഭജിക്കണമെപ്പോൾ ഭജിക്കണ-
മേതേതു പ്രായത്തിലുള്ളോർ ഭജിക്കണം, 
കുട്ടികൾ വിദ്യാലയത്തെ മറക്കണം 
ആട്ടവും പാട്ടും കളികളും നിർത്തണം 
ഒക്കെ ഡിജിറ്റലായ്ത്തീർക്കണം, ചീർത്തൊരു 
പൊട്ടയുരുളക്കിഴങ്ങുപോലാക്കണം,
നാലാളു കൂടുന്ന സന്തോഷവേളക-
ളൊക്കെത്തകർത്തുതരിപ്പണമാക്കണം, 
ഭീതിപടർത്തുവാൻ മാദ്ധ്യമങ്ങൾക്കൊക്കെയും 
ധാരാളമായ് ധനം വീശിയെറിയണം, 
ആജ്ഞയുണ്ടേതു ചികിത്സ കൈക്കൊള്ളണ- 
മേതു വിഷം കഴിച്ചെപ്പോൾ  മരിക്കണം...
മാലോകർ തന്നുടെ ദേഹങ്ങളൊക്കെയും 
രാക്ഷസരാസപരീക്ഷണശാലകൾ,   
ഒക്കും ചിലപ്പോൾ, ചിലർ ചത്തുപോയിടാം, 
സ്വാഭാവികം, ശാസ്‌ത്രമല്ലേ, സ്തുതിക്കുവിൻ! 
എല്ലാം വിധിക്കുന്നു ലോകൈകരാക്ഷസൻ 
മിണ്ടാതെ ചൂണ്ടുവിരൽ  താഴ്ത്തിനിൽക്കുവിൻ!  
തെല്ലൊന്നനങ്ങിയാൽ ത്വക്കിന്നടിയിലെ
സാങ്കേതികത്തുണ്ടിലൊക്കെപ്പതിഞ്ഞിടും
ഭേദ്യമായ്, പിന്നെപ്പിഴയൊടുക്കീടണം 
മൂടിയെടുത്തല്പശ്വാസമെടുക്കുകിൽ. 
പെറ്റതള്ളയ്ക്കുദകക്രിയ ചെയ്യുവാൻ 
സ്വാതന്ത്ര്യമില്ലാത്ത കാലമണഞ്ഞിതാ, 
അന്ത്യമായ്  ശ്വാസമെടുത്തുമരിക്കുവാൻ 
ഭാഗ്യമില്ലാത്തൊരു  ലോകമണഞ്ഞിതാ.
എങ്കിലുമെന്താധുനികരാണിന്നു നാം! 
മിണ്ടാതെ ചൂണ്ടുവിരൽ  താഴ്ത്തിനിൽക്കുവിൻ! 
ഒറ്റത്തവണ മരിക്കുവാൻ പേടിച്ചു 
നിത്യവും ചത്തുമടുത്തുജീവിക്കുവിൻ, 
മച്ചിൻപുറത്തെയിരുട്ടിലൊളിക്കുവിൻ! 
പേടിച്ചരണ്ടുചുരുണ്ടുകിടക്കുവിൻ!!