"വന്ദനം ഭോ! ഭവാനാരെന്നു ചൊല്ലണം,
തേജസ്വിയെന്നതു സംശയമില്ലഹോ!
സൂര്യനോ ചന്ദ്രനോ ഇന്ദ്രനോവഗ്നിയോ
മറ്റേതോ ലോകത്തിൻ പാലകനോ ഭവാൻ?"
ആരായ്കയാണു മുചുകുന്ദനിങ്ങനെ
ശ്രീകൃഷ്ണനോടുതന്നാകാംക്ഷ പോക്കുവാൻ.
"ഇക്ഷ്വാകു വംശജനാകിയ ക്ഷത്രിയൻ,
മാന്ധാതാവിൻ സുതനാം മുചുകുന്ദൻ ഞാൻ.
ദേവകൾ നൽകിയൊരു വരമെന്നുടെ-
യിച്ഛ പോൽ, അന്നുഞാൻ സേവനം ചെയ്കയാൽ.
ഏറെനാൾ നിദ്രയൊഴിഞ്ഞതിനാൽ ക്ഷീണ-
മാർന്നൊരെൻ ദേഹമന്നിച്ഛിച്ചു നിദ്രയെ.
സ്വച്ഛന്ദനിദ്രയാണന്നു ഞാൻ ചോദിച്ച-
തീ ലോകതൃഷ്ണകളെല്ലാം വെടിയുവാൻ.
നൽകിയവരെനിയ്ക്കാമോദമാ വരം
അങ്ങനെവന്നു ഞാനീ ഗഹ്വരമിതിൽ.
എന്നുടെ നിദ്രയ്ക്കു ഭംഗം വരുത്തുവ-
നാരാകിലുമവനെ ഭസ്മമാക്കുവാൻ
സിദ്ധിയുമേകിയെനിയ്ക്കന്നു ദേവകൾ
ഇപ്രകാരം ഗാഢനിദ്രയും പൂകി ഞാൻ .
അവസ്ഥാത്രയങ്ങളിലെത്രയും കേമം
സുഷുപ്തിയതിങ്കലഹങ്കാരം പൊന്തിടാ!
ദേഹാദിബോധമാം ബാധകളേശാത്ത
ശാന്തസുഷുപ്തിയെ പ്രാപിച്ചിരുന്നു ഞാൻ.
കാലയവനനൊരുവനെൻ നിദ്രയ്ക്കു
ഭംഗം വരുത്തി, യവനെ ഞാനക്ഷണം
ഭസ്മസമാനമാക്കിത്തീർത്തു നില്പിനേൻ,
അപ്പൊഴുതങ്ങയെ കാണായിയിങ്ങനെ!
ദീപം കണക്കെയി ഗഹ്വരംതന്നിലെ-
യന്ധകാരത്തെത്തുരത്തുന്നു നിൻ പ്രഭ!
അഗ്രാഹ്യമീ ദിവ്യതേജസ്സിൻ്റെ പൊരു-
ളെന്നുടെ ബുദ്ധിയ്ക്കതീതമിതു ഹരേ!
ചൊല്ക ഭഗവൻ! തവ ചരിതം,പരം!
ജന്മകർമ്മങ്ങളും ഗോത്രവും വിസ്തരം,
കേൾക്കുവാനാഗ്രഹമുണ്ടെനിക്കുള്ളി-
ലവിടുത്തെ ജന്മവൃത്താന്തമതൊക്കെയും."
കേട്ടു മുചുകുന്ദനാകിയ ശ്രേഷ്ഠൻ്റെ
വാക്കുകളെല്ലാം മുകുന്ദൻ സസുസ്മിതം.
ഭൂതഭാവനൻ മേഘനിനാദമോ-
ടാ മുചുകുന്ദനോടു പറഞ്ഞുടൻ;
"എണ്ണിയാലൊടുങ്ങില്ലെടോയെന്നുടെ
ജന്മകർമ്മങ്ങളും നാമരൂപങ്ങളും!
അന്തമില്ലാതെയുണ്ടവയങ്ങനെ,
ശക്തനല്ല ഗണിക്കുവാൻ ഞാനിവൻ !
എണ്ണിടാം ചില ബുദ്ധിമാൻമാരിഹ
ഭൂമിയിങ്കലെ മൺതരിയൊക്കെയും
എങ്കിലുമവനാകില്ലയെണ്ണുവാ-
നെൻ ഗുണങ്ങളനന്തജന്മങ്ങളും.
ഭൂതഭവ്യഭവദ്ക്കാലമൊക്കെയു-
മുള്ളോരെൻ്റെയവതാരലീലകൾ
ഋഷീശ്വരൻമാർക്കുമാകൊലായെണ്ണുവാൻ
ഇല്ലവയ്ക്കാദിയന്തങ്ങളെന്നതും.
എങ്കിലോ കേട്ടുകൊള്ളുകയെന്നുടെ
യിപ്പൊഴത്തെയവതാരസംഭവം,
പണ്ടു ബ്രഹ്‌മാവു പ്രാർത്ഥിച്ചു നാരായണ-
നോടു ഭൂമിഭാരത്തെക്കളയുവാൻ,
ഏറിവന്നൊരസുരന്മാർ തന്നുടെ
ഭാരമേറ്റി വലയുന്നിതു ഭൂമി,
നിഗ്രഹിച്ചിടേണമസുരരെ-
യൊക്കെയും ധർമ്മസംരക്ഷണാർത്ഥമായ്.
അങ്ങനെ ഞാൻ യദുകുലം തന്നിലെ
വസുദേവർതൻ ഗൃഹത്തിൽ പിറന്നിതു.
വസുദേവനന്ദനാനായതു കൊണ്ടെന്നെ
വാസുദേവനെന്നിഹ വിളിച്ചീടുന്നു.
സാക്ഷാൽ നാരായണൻ തന്നവതാര-
മായ കൃഷ്ണനീ ഞാനെന്നറികെടോ!
കൊന്നു ഞാനസുരന്മാർ പലരെയു-
മെന്നുടെ പല ലീലയാലങ്ങനെ!
കാലനേമിതൻ രൂപാന്തരമായ
കംസനെക്കൊന്നു, പിന്നെ പ്രലംബനെ,
ഒട്ടനേകമസുരഗണങ്ങളെ-
ക്കൊന്നു, ദുഷ്ടതയ്ക്കന്തം വരുത്തുവാൻ.
ക്കൊന്നു, ദുഷ്ടതയ്ക്കന്തം വരുത്തുവാൻ.
ഇന്നിവിടേയ്ക്കു വന്ന യവനനെ
നിൻ്റെ നേത്രാഗ്നി കൊണ്ടു കൊല്ലിച്ചതും
ഇന്നു നിന്നെയനുഗ്രഹിക്കുന്നതു-
മെൻ്റെ പദ്ധതിതന്നെയറിക നീ!
പണ്ടു ധന്യനാം നിന്നാലെയൊട്ടുനാൾ
പൂജിതനായി ഞാൻ ഭക്തവത്സലൻ
പൂജിതനായി ഞാൻ ഭക്തവത്സലൻ
ഇന്നിവിടേയ്ക്കു വന്നതിൻ ഹേതുവും
നിന്നുടെ പൂർവ്വ പുണ്യമെന്നോർക്ക നീ.
രാജ! നീയിന്നു ചോദിച്ചുകൊള്ളുക,
നിന്നുടെയിംഗിതങ്ങൾ നിർലജ്ജം
ഏതൊരാൾ ശരണാഗതിയ്ക്കായെന്നെ
പ്രാപിച്ചിടുന്നു പിന്നില്ലവനു ദുഃഖം!
ഇത്ഥമെത്രയുമാനന്ദഹേതുവാം
സദ്‌വചനങ്ങൾ കേട്ടൊരു മാത്രയിൽ
ഓർത്തു ഗാർഗ്ഗമുനിതൻ്റെ വാക്കുകൾ,
മുചുകുന്ദൻ വീണുവാ വിഷ്ണുപാദങ്ങളിൽ!
സച്ചിദാനന്ദമാനന്ദമാനന്ദ-
മെൻ മുകുന്ദാ മുരാരേ നാരായണ!
കൃഷ്ണ കൃഷ്ണ ഹരേ ഹരേ മാധവ!
പാഹി മാം പാഹി നാരായണ ഹരേ!
തുടരും
No comments:
Post a Comment