ജരാസന്ധനാൽ പതിനേഴുവട്ടം
മഥുരാപുരി സംഗരഭൂമിയായി.
മഥുരാപുരി സംഗരഭൂമിയായി.
യുദ്ധം ജയിക്കിലുമാ ദേശവാസികൾ-
ക്കൊക്കെയും സ്വസ്ഥത കെട്ടുപോയി.
ദുഷ്ടരെ സംഹരിച്ചീ ഭൂമിതൻ ഭാര-
മാറ്റും വരെയും രണങ്ങളുണ്ടാം
ആയതിൽ സജ്ജനങ്ങൾക്കൊരു പീഢ-
യുണ്ടാകിലതു ധർമ്മമല്ലതാനും
വന്നിടാം താൻ വിട്ടയച്ച ജരാസന്ധൻ
പിന്നെയും സൈന്യസമേതനായി,
യാദവരാൽ മരണം ഭവിക്കില്ല-
ല്ലവനന്ത്യമതു ഭീമനാലെ മാത്രം.
ആയതിനാലിനി നേരം കളയാതെ
ബന്ധുക്കൾ തൻ ജീവൻ കാത്തിടണം.
ചിന്തിച്ചുവിങ്ങനെയോരോന്നുമച്യുതൻ
ധർമ്മപരിപാലനത്തിനായി.
യുദ്ധക്കെടുതിയേൽക്കാതെ ബന്ധുക്കളെ
പാർപ്പിക്കണമെന്നുറച്ചു കൃഷ്ണൻ
ആയതിനായുത്തമമൊരു കോട്ടയെ-
ക്കെട്ടുവാൻതന്നെയുറച്ചു ഗോപൻ.
ദ്വാദശയോജന വിസ്തൃതമാം കോട്ട
നിർമ്മിച്ചു സിന്ധുസമുദ്രമദ്ധ്യേ.
കോട്ടമദ്ധ്യംതന്നിലുണ്ടാക്കിയത് ഭുത-
മാർന്നെഴും ദിവ്യനഗരമൊന്ന്!
വിശ്വകർമ്മാവിനാൽ നിർമ്മിതമായൊരു
പട്ടണമെത്രയും ചിത്രം! ചിത്രം!
തച്ചുശാസ്ത്രത്തിലധിഷ്ഠിതമായ് പണി-
ചെയ്തൊരു ദ്വാരകയദ്വിതീയം!
ശിൽപ്പനൈപുണ്യം വഴിഞ്ഞൊഴുകും പല
നിർമ്മിതികൾകൊണ്ടതിവിശേഷം,
പ്രൗഢിയെഴും രാജവീഥികൾ, മുറ്റങ്ങൾ
മറ്റുപമാർഗ്ഗങ്ങളാപണങ്ങൾ;
ദേവദ്രുമങ്ങളും ദിവ്യലതകളു-
മെങ്ങുമുപവനനന്ദനങ്ങൾ,
സ്ഫാടികഗോപുരങ്ങൾക്കുമേലെ തനി-
ത്തങ്കത്തിലാ താഴികക്കുടങ്ങൾ.
പിച്ചള, വെള്ളിയിത്യാദി ലോഹങ്ങളാ-
ലുണ്ടന്നശാല, കുതിരലായം;
ദേവാലയങ്ങളുണ്ടാകാശചന്ദ്രിക-
യേറ്റിരിക്കാൻ മട്ടുപ്പാവുകളും,
ദിവ്യസഭയാം സുധർമ്മയും പാദപ -
ശ്രേഷ്‌ഠനാം പാരിജാതമതൊന്നും
കൃഷ്ണനു ദേവേന്ദ്രനേകി സമ്മാനമായ്
ക്ഷുത്പിപാസാദിയ്ക്കു രക്ഷയായി.
അഷ്ടനിധികളെ നൽകി കുബേരനും
വരുണനേകി ശുക്ലവാജികളെ
ലോകപാലന്മാർ യദുകുലനാഥനു
നൽകി സർവ്വൈശ്വര്യഭൂതികളും
ഇങ്ങനെ കേൾവി കേട്ടുള്ളൊരു ദ്വാരക
വാണുവാ കൃഷ്ണൻ നൂറ്റാണ്ടുകാലം!
ധർമ്മസംസ്ഥാപനത്തിന്നു ശ്രീകൃഷ്ണനെ-
യെന്നും സ്മരിച്ചീടുന്നേൻ സജ്ജനം!
No comments:
Post a Comment