സൂര്യൻ പടിഞ്ഞാറു താഴ്ന്നുതുടങ്ങി,യ-ക്രൂരനെത്തിച്ചേർന്നുനന്ദാവനമതിൽ
മണ്ണിൽപ്പതിഞ്ഞുകാണാകുമാറായ് കന്നു-കാലിക്കിടാങ്ങൾതൻ കാലടിപ്പാടുകൾ.
കാലിക്കുളമ്പുകൾതൻ്റെയിടയിലായ്
കാണുന്നു കണ്ണൻ്റെ പാദാങ്കിതങ്ങളും,
ദിവ്യമാം പാദപങ്കേരുഹമുദ്രകൾ
കണ്ടതും ചാടുന്നു തേരിൽനിന്നക്രൂരൻ!
കൃഷ്‌ണനെച്ചിന്തിച്ചുചിന്തിച്ചു വർദ്ധിച്ച
രോമാഞ്ചവും ഹർഷബാഷ്പമണികളും
ഉച്ചസ്ഥമായ്, മണ്ണിൽ കുമ്പിട്ടിരുന്നുടൻ
വന്ദിച്ചു, ചുംബിച്ചുവാപാദമുദ്രകൾ.
അംഭോരുഹം, യവം, അങ്കുശമിത്യാദി
ദിവ്യചിഹ്നങ്ങളതിൽക്കണ്ടു ഭൂശയൻ,
'ഭാഗ്യമെൻ ഭാഗ്യ'മെന്നാർത്തുകൊണ്ടാനന്ദ-
തുന്ദിലനായുരുണ്ടാ പാദപാംസുവിൽ!
ശരത്ക്കാലവാരിജം പോലുള്ള സുന്ദര-
നേത്രങ്ങളോടെ വിളങ്ങും ഭ്രാതാക്കളാം
പീതാംബരൻകൃഷ്ണനേയുമാ നീലാം-
ബരനാം ബലരാമൻതന്നെയും ദർശിച്ചു,
ഹരിപാദചിഹ്നങ്ങൾതൻ ദിവ്യദർശന-
ത്താലഷ്ടരാഗവും വിട്ടുപോയക്രൂര-
മാനസം ദിവ്യഭാവം പൂണ്ടുനിൽക്കയാ-
ണാ പരമപുരുഷാർത്ഥം ലഭിക്കയാൽ!
അക്രൂരനാം മഹാഭാഗനാ നാരായ-
ണാവതാരങ്ങളാം സോദരർതന്നുടെ
കാൽക്കൽ സാഷ്ടാംഗം പ്രണമിച്ചു,
ശൗരിയോ, ഗാഢമാലിംഗനം ചെയ്തുവവനെയും.
ധാർമ്മിഷ്ഠനാം ബലരാമനും ഗാഢം
പുണർന്നുവക്രൂരനെ സൽക്കരിച്ചുത്തമം. .
ഇപ്രകാരം നടന്നെല്ലാമതേവിധ-
മക്രൂരൻ തൻ്റെ മനോഗതം പോലവേ!
No comments:
Post a Comment