Followers

Tuesday, January 10, 2023

മുചുകുന്ദവൃത്താന്തം (കൃഷ്ണകാവ്യാർച്ചന.14 )


സുന്ദരം നീലശ്യാമളഗാത്രം, 
വസനം പീതവർണ്ണാപൂരം.    
ശ്രീവത്സാങ്കിതവക്ഷസ്ഥലം 
കൗസ്തുഭരത്‌നാലങ്കൃതകന്ധരം, 
ബലഭൃത്ചതുർഭുജം ദീർഘം,
നവപങ്കജാരുണവർണ്ണാഭനേത്രം,
സദാ പ്രസന്നം, സുസ്മേരവദനം 
ഉദ്ഭാസിതശ്രീഗണ്ഡസ്ഥലം,  
മകരകുണ്ഡലാലങ്കൃതകർണ്ണം, 
ഉത്‍ഥിതചന്ദ്രവത്  ശോഭിതം! 
ഇത്ഥം  കൃഷ്ണമോഹനഗാത്രം
പരമമോക്ഷപ്രാപ്തം! 

"കൃഷ്ണൻ താനിവൻ മറ്റാരുവാൻ
മോഹനനേത്രൻ,വനമാലാധരി?!
അന്നു നാരദശ്രേഷ്ഠൻ പറഞ്ഞപോൽ 
സുന്ദരരൂപൻതന്നെയിവൻ  നിജം !
ദർശിച്ചിങ്ങനെ മുന്നിലോടും 
മുകുന്ദനെ  യവനനൻ സസംഭ്രമം.
കാലയവനനവൻ  യവനകുല-
സൈന്യാധിപൻ യാദവർക്കവനരി. 
ആയുധമേതുമില്ലെന്നു കാണ്മൂ, 
കാൽനടയായ് പ്പോകുന്നിവ-
നവനുടെ പിമ്പേ പോയിടാം, 
നിരായുധനവനോടു ചെയ്തിടാം  
ഞാനും യുദ്ധമായുധം വിനാ."
ഇത്തരം ചിന്തിച്ചു യവനനും  
പിന്തുടർന്നുവാ  മായക്കണ്ണനെ! 
ദുർഗ്രാഹ്യൻ കണ്ണനചഞ്ചലഭക്തി-
യാർന്നൊരു ഗോപികൾക്കും!! 

കിട്ടുമിപ്പോൾ കൈപ്പിടിയി-
ലെന്നു,മില്ലകന്നുപോയെന്നും
തോന്നുമാറങ്ങനെ യവനനെ
സരസം വിളയാടിയും മുദാ  
നയിച്ചുവാ വനമാലി ലീലയാ   
ദൂരെയൊരു ഗിരിഗഹ്വരേ. 

"ഹേ, കൃഷ്ണ!  യദുകുലോത്തമൻ നീ- 
യെന്നു കേട്ടേൻ ഞാൻ, കഷ്ടം! 
ഉചിതമല്ലീവിധം ഭയന്നോടുന്നവ-
നെങ്ങനെ വീരനായ് വരും ?"
ചൊന്നു, പരിഹാസമൊ-
ടനുധാവനം ചെയ്തുമരികി-
ലെത്താനാഞ്ഞുമാ  യവനൻ.

കണ്ടു മാധവനാ ഗുഹതന്നിലു-
ണ്ടുറങ്ങുന്നു മറ്റൊരുത്തൻ, 
മുചുകുന്ദനിവനിക്ഷ്വാകുവംശജൻ,  
മഹാൻ, സത്യവ്രതനിന്ദ്രരക്ഷകൻ. 
"ഒന്നിലുമാശയില്ലാതായ്, ഇനി-
യുറങ്ങണം, ശല്യം വിനാ." 
നല്കിയവനു വരം ദേവകൾ,
"ഉറങ്ങുകയിച്ഛപോലതിനു- 
ഭംഗമാകുവോർ  ഭസ്മമായിടും."
അന്നുതൊട്ടിവനിങ്ങുറക്കമാ- 
ണഹങ്കാരമൊഴിഞ്ഞാത്മ-
സായൂജ്യമെത്തുവാൻ.

മറഞ്ഞിടാമിനി യവന-
നിങ്ങെത്തും മുമ്പേ- 
യവനുടെ ചരമഗതി-
യാഗതമായതാർക്കു തടയാം?!

പിറകെയെത്തി യവനൻ 
ഭഗവാനെത്തേടി,"ഓടിച്ചെന്നെ- 
ക്കൊണ്ടുവന്നേനിത്രയിട-
മെന്നിട്ടുറങ്ങയോ ഹ! യാദവ!"  
കൃഷ്ണനവനെന്നു നിനച്ചൊരു   
തട്ടു നൽകിയുണർത്തി- 
യറിയാതെ തൻ മൃത്യുവെ!

ഭംഗം വന്നിതു നിദ്രയ്ക്കു-
ണർന്നുപോയ് മുചുകുന്ദൻ.
മുന്നിൽ നിൽക്കുന്നു യവന-
"നിവനെ ഭസ്മമാക്കുവേനഹം"
സ്വനേത്രാഗ്നിയിൽ  ദഹിപ്പിച്ചു- 
ടനാ മുചുകുന്ദൻ യവനനെ!  

No comments:

Post a Comment