"
മുചുകുന്ദൻ പറഞ്ഞു :
ഈശ്വര! മോക്ഷമായെനിക്കിന്നു നിൻ
തൃപ്പദങ്ങളെ വന്ദിച്ചമാത്രയിൽ.
സ്ത്രീപുരുഷരാം ജാതിദ്വയങ്ങൾ നിൻ
മായയാൽ മോഹമാർന്നിരിക്കുന്നഹോ!
സത്യരൂപനാം നിന്നിലേക്കെത്തിടാ-
തൊട്ടധികം ബഹിർദൃഷ്ടികളാർന്നവർ,
ഒട്ടുമില്ല ഭജനവുമങ്ങയിൽ
ശ്രദ്ധയന്യേ മരുവുന്നു സക്തരായ്.
ത്വൽകൃപകൊണ്ടു ക്ലേശമെഴാതെയും
അംഗഭംഗങ്ങളൊന്നുമെഴാതെയും
അത്ഭുതത്വേന സിദ്ധിച്ച മാനുഷ-
ജന്മവുമന്ധകൂപത്തിലാഴ്ത്തുന്നു.
ഏറിടും വിഷയാസക്തിയാലവർ
വിസ്മരിക്കുന്നു നിൻ പാദസേവനം.
ദുഃഖമേറ്റും ഗൃഹാദികൾ തന്നുടെ
സ്ഥാണുവിൽക്കറങ്ങീടുന്നു ഗോക്കളായ്.
എൻ്റെ ജന്മവും നിഷ്ഫലമായിത്ര-
കാലവുമിതുപോൽ അജിത! ഹരേ!
പുത്രപത്നിഭണ്ഡാരങ്ങളെപ്രതി
സക്തനായ് മനോരാജ്യം പടുത്തു ഞാൻ
രാജനായധികാരത്തിൽ മത്തനാം
മർത്യനായ് നശ്വരാത്മകബുദ്ധിയാൽ
മർത്യനായ് നശ്വരാത്മകബുദ്ധിയാൽ
നഷ്ടമാക്കി ഞാനെത്രയും ശ്രേഷ്ഠമാം
ജീവിതത്തെയിക്കണ്ടകാലം വൃഥാ
കേവലം ജഡവസ്തുവാം ദേഹത്തിൽ
മാനിയായ്, ചതുരംഗപ്പടകളാൽ
സേവിതനാമരചനായ് വാഴവേ
മാനിച്ചില്ല നീയാം കാലമൂർത്തിയെ
ഏറിവന്നൊരു തൃഷ്ണയാലെത്രയും
നേടിയെങ്കിലുമാർത്തി തീരാതവേ
ഭോഗലമ്പടനായ്ക്കഴിഞ്ഞിത്രനാൾ
മർത്യജന്മമാഹാത്മ്യം തിരിയാതെ!
അങ്ങനെയിവൻ വാഴും ദശാന്തരേ
കാലമൂർത്തിയായെത്തുന്നു നീയുടൻ
ക്ഷുത്തിനാൽ ചിറി നക്കിത്തുടച്ചുകൊ-
ണ്ടാർത്തിയോടെയാണയുന്ന സർപ്പമായ്!
തൽക്ഷണം ഗ്രസിച്ചീടുമിവനെ നീ
കാലസർപ്പമൊരാഖുവെയെന്നപോൽ!
പണ്ടു സ്വർണ്ണരഥങ്ങളിലേറിയ
രാജദേഹം കൃമിയ്ക്കന്നമായിടും!
യുദ്ധമെല്ലാം ജയിച്ചു സിംഹാസനം
തന്നിലേറിടും ചക്രവർത്തികളോ!
മറ്റു മന്നവർ തൻ്റെ സ്തുതികളും
ചുറ്റും സ്ത്രീകളുമായി രമിക്കുന്നു.
ഭോഗതൃഷ്ണ ത്യജിച്ചു ചിലർ തപോ-
നിഷ്ഠരെന്നു സ്വയം ഭ്രമിക്കുന്നവർ
ചെയ്‌വതൊക്കെയുമിന്ദ്രപദത്തിനു
മോഹിച്ചുകൊണ്ടുതാനെന്നതും വാസ്തവം!
സംസാരസാഗരം കണ്ടുഭ്രമിച്ചിടും
സംസാരിയാം നരൻ നേടുന്നുവീശ്വര-
കല്പിതം പോൽ സജ്ജനങ്ങൾതൻ സംസർഗം,
മോക്ഷകാലമവനാസന്നമാകവേ!
ഇന്നെനിക്കീശ്വര! രാജ്യബന്ധമൊട്ടു -
മില്ലാതെയായ് നിന്നനുഗ്രഹം കാരണം .
മോക്ഷമാർഗ്ഗം കൊതിച്ചീടുന്ന മന്നവ-
രാശിച്ചിടും രാജ്യഭാരം വെടിയുവാൻ
ഇന്നെനിക്കേകാന്തഭക്തിയെ നല്കണ-
മീശ്വരാ നിൻപാദസേവ ചെയ്തീടുവാൻ.
മോക്ഷം തരും ഭഗവാൻ മുന്നിൽ നിൽക്കവേ
ബന്ധനം ചോദിച്ചിടുമോ വിവേകികൾ!
സത്വരജസ്തമസ്സുക്കളെല്ലാമൊഴി-
ച്ചെന്നെയനുഗ്രഹിച്ചീടണമെൻ വിഭോ!
അദ്വിതീയൻ നിർഗ്ഗുണൻ സക്തിശൂന്യനാം
നിത്യജ്ഞാനഘനമൂർത്തി! നമാമ്യഹം!
ഹേ പരമാത്മൻ! ശരണദായിൻ ! നമോ!
പ്രാപിച്ചിടുന്നു ഞാൻ നിൻ ചരണങ്ങളെ.
ഇക്കണ്ട കാലങ്ങൾ കർമ്മബന്ധങ്ങളിൽ
പെട്ടുതപിച്ചുമതിൻ ഫലമിച്ഛിച്ചും,
ഇന്ദ്രിയശത്രുക്കളോടു മല്ലിട്ടു -
മശാന്തമിരുന്ന ഞാൻ ഭാഗ്യവശാൽ തവ-
കാരുണ്യഹേതുവാൽ നിത്യാഭയപ്രദ-
മാകുമശോകമാം പാദങ്ങൾ വന്ദിപ്പൂ."
ഇപ്രകാരം ഭക്തിയാർന്ന മുചുകുന്ദ-
വാക്യങ്ങൾ കേട്ടു സംപ്രീതനായ് കേശവൻ
ചൊല്ലി ഭഗവാനവനവനോടതെത്രയും ;
കർണ്ണസുഖമെഴും കാര്യങ്ങളിങ്ങനെ;
ഭഗവാൻ പറഞ്ഞു:
"സാർവ്വഭൗമൻ! മഹാരാജൻ! തവ മതി-
യെത്രയും ശ്രേഷ്ഠം പരിശുദ്ധമത്ഭുതം!
മായികമാകും വരങ്ങളിലും തവ
ബുദ്ധി ഭ്രമിച്ചതില്ലൊട്ടും, മഹാമതേ!
എന്നിലേകാന്തഭക്തിയെഴുന്നവർ-
ക്കേൽക്കയില്ല പ്രലോഭനം ബുദ്ധിയിൽ
വീഴ്ചയേതും വരുകില്ലയെന്നുടെ
ഭക്തർതൻ്റെ മതിയ്‌ക്കൊരു കാലവും.
യോഗവിദ്യയാൽ മാത്രമടക്കുവാ-
നാകയില്ല മനസ്സിൻ്റെ ചേഷ്ടകൾ
വാസനകളാൽ ബാധിതം മാനസം
ഭക്തിയെന്യേയൊടുങ്ങില്ല വാസന.
വാസന നശിച്ചീടാത്ത മാനസം
ചെന്നുചേരും വിഷയങ്ങളിൽ സദാ.
ഭക്തിയല്ലാതെയില്ലൊരു മാർഗ്ഗവും
സക്തിയില്ലാതെയാക്കുവാൻ മർത്യനിൽ.
അങ്ങൊരുത്തമഭക്തൻ, നിൻ മാനസം
എന്നിലുള്ളൊരു ഭക്തിയാൽ പൂരിതം.
നീ യഥേഷ്ടം ചരിക്കുകീ ഭൂമിയിൽ
നിന്നെ ബാധിക്കയില്ല വിഷയങ്ങൾ
ക്ഷത്രിയധർമ്മപാലനം ചെയ്കയാൽ
കൊന്നു നീ ചില ജീവജാലങ്ങളെ,
ചിത്തമെന്നിലേകാഗ്രമാക്കി തപം
ചെയ്കയെന്നിൽ നീയാശ്രയിക്ക സദാ.
ജീവികൾക്കു സദ്‌ബന്ധുവാമുത്തമ -
വിപ്രനാകുമടുത്ത ജന്മത്തിൽ നീ
അന്നു നീ പ്രാപിച്ചിടുമെന്നെ നിശ്ചയം!"
എന്നനുഗ്രഹിച്ചു മുചുകുന്ദനെ.
മനോഹരമായ രചന.
ReplyDeleteആശംസകൾ ടീച്ചർ
Thank you sir
Delete