Followers

Wednesday, February 1, 2023

വൃന്ദാവനത്തിലേയ്ക്ക് (കൃഷ്ണകാവ്യാർച്ചന.18 )


വലയ്ക്കല്ലേ ഭഗവാനേ
വരുന്നുണ്ടു വ്രജഭൂവിൽ,
വനമാലീ വരുമോ നീ
വഴികാട്ടുവാൻ?

അവിടേയ്ക്കു പുറപ്പെട്ടു 
മനമാകെ വനികയായ്,
ഇനി നിൻ്റെ നടനമേ-
യെനിയ്ക്കു വേണ്ടൂ!

ഭഗവാൻ്റെ മുളവേണു 
പൊഴിയ്ക്കുന്നൊരമൃതമെൻ 
ഹൃദയത്തെപ്പളുങ്കാക്കി-
ത്തിളക്കിടേണം. 

കദംബത്തിന്നിതളുകൾ *
പൊഴിഞ്ഞൊരാ വഴിനീളെ -
യകിലിൻ്റെ സുഗന്ധമാ-
യൊഴുകീടേണം.

നടക്കുമ്പോഴിരിക്കുമ്പോ-
ഴുറങ്ങുമ്പോഴൊരുമാത്ര 
വിടാതെന്നെയെടുത്തു നി-
ന്നകത്താക്കണം!

അനന്തകോടികളായ് നീ 
പ്രതിഫലിച്ചുലകാം  
ഗോപികകളെ നയിക്കും 
ശ്രീനാഥനാകേണം. 

നിറുകിൽ നിന്നൊരു ചെറു-
മയിൽ‌പ്പീലി പൊഴിഞ്ഞതു-
മവിടുത്തെ വഴികളിൽ 
കിടപ്പതുണ്ടാം!

ഹരിചന്ദനവും ഗോരോ-
ചനവും നിൻ കുറിയിൽ നി-
ന്നടർന്നെങ്ങാൻ പൊടിമണ്ണിൽ-
ക്കലർന്നിട്ടുണ്ടാം!

ഉറിയേറി നവനീത-
മെടുത്തപ്പോഴുടഞ്ഞതാം  
കുടത്തിൻ്റെ പൊട്ടുക-
ളങ്കണത്തിലുണ്ടാം!

കുടപോലെഎടുത്തു നീ-
യുയർത്തിയൊരചലത്തി-
ന്നടിയിൽ നീ തളിർപ്പിച്ച 
തുളസിയുണ്ടാം!

വഴിനീളെയലഞ്ഞു നീ  
തെളിച്ചൊരാ ഗോക്കളുടെ 
കുളമ്പടിക്കിടയിൽ നിൻ 
പദങ്ങളുണ്ടാം!

അതിലെല്ലാം വിരൽ തൊട്ടെൻ 
മിഴിയിൽ വച്ചിടുമ്പോൾ നിൻ 
തിരുസാമീപ്യവുമനു-
ഭവിയ്ക്കവേണം!

ഹരേ കൃഷ്ണ! ഹരേ കൃഷ്ണ!
ഹരേ കൃഷ്ണ! ഹരേ കൃഷ്ണ!
ഹരേ കൃഷ്ണ! ഹരേ രാധാ-
രമണാ കൃഷ്ണ!

ഹരേ ഗോപാലക കൃഷ്ണ!
ഹരേ വൃന്ദാവനകൃഷ്ണ!
ഹരേ വ്രജകുലനാഥ!
ശരണം കൃഷ്ണ!

 *കദംബപ്പൂക്കളുടെ ഇതളുകൾ 



No comments:

Post a Comment